കൂറ്റന്‍ മരം കടപുഴകി റോഡിലേക്ക് വീണു ഒഴിവായത് വന്‍ ദുരന്തം

Wednesday 31 August 2016 1:33 am IST

ഇരിട്ടി: അര്‍ദ്ധരാത്രിയോടെ കൂറ്റന്‍ മരം കടപുഴകി വീണത് മൂലം ഒഴിവായത് വന്‍ ദുരന്തം. മരം വീണ് സമീപത്തു ഉണ്ടായിരുന്ന വര്‍ക്ക് ഷോപ്പ് തകര്‍ന്നു. ഇതില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു തൊഴിലാളികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ടോമി, ആനന്ദന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇരിട്ടി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ കുന്നോത്ത് ബെന്‍ഹില്‍ സ്‌കൂളിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ ആണ് കൂറ്റന്‍ ആഞ്ഞിലി മരം റോഡിനു കുറുകേ മറിഞ്ഞു വീണത്. പകല്‍ സമയങ്ങളില്‍ ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോവുന്ന റോഡില്‍ പകല്‍ സമയത്തായിരുന്നു മരം മറിഞ്ഞു വീണിരുന്നതെങ്കില്‍ വന്‍ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. വീഴ്ചയില്‍ വൈദ്യുതി ലൈനുകള്‍ തകര്‍ന്നത് മൂലം മണിക്കൂറുകളോളം വൈദ്യുതി ബന്ധവും ഈ വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഇരിട്ടി പോലീസും, അഗ്‌നിശമന സേനയും രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ച ശേഷമാണ് വാഹന ഗതാഗതം പുനസ്ഥാപിച്ചത്. തലശ്ശേരി വളവു പാറ റോഡിന്റെ ഭാഗമായ റോഡില്‍ തലശ്ശേരി മുതല്‍ ഇരിട്ടി പട്ടണം വരെയുള്ള മരങ്ങള്‍ കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയിരുന്നു. ബാക്കി വരുന്ന ഇരിട്ടി പാലം മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗങ്ങളില്‍ ഏതു നേരവും മറിഞ്ഞു വീഴാവുന്ന നിലയില്‍ അപകടകരമാം വിധത്തില്‍ മരങ്ങള്‍. ഇപ്പോഴും നില നില്‍ക്കുന്നു. ഇവ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റിയില്ലെങ്കില്‍ വന്‍ ദുരതങ്ങള്‍ക്ക് തന്നെ ജനങ്ങള്‍ സാക്ഷിയാവേണ്ടി വരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ വീണ മരത്തോടു ചേര്‍ന്നുതന്നെ മറ്റൊരു കൂറ്റന്‍ മരവും ഏതു നേരവും മറിഞ്ഞു വീഴാവുന്ന നിലയില്‍ നില്‍ക്കുന്നുണ്ട്. സ്ഥലം സന്ദര്‍ശിച്ച അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഈ മരം എത്രയും വേഗം മുറിച്ചു മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.