ഐഎസ്ആര്‍ഒ 68 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നു

Wednesday 31 August 2016 10:38 am IST

ബെംഗളൂരു: വിദേശരാജ്യങ്ങളുടെ 68 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാര്‍ ഭാരതം നേടിയെടുത്തു. അമേരിക്കയുടെ 12 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്. ഐ.എസ്.ആര്‍.ഒയുടെ വിദേശവാണിജ്യ വിഭാഗമായ ആന്‍ട്രിക്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാകേഷ് ശശിഭൂഷണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂറ്റന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹം ഉള്‍പ്പെടെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന് രാകേഷ് ശശിഭൂഷണ്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനായി ഐഎസ്ആര്‍ഒയെ സമീപിച്ച രാജ്യങ്ങള്‍ ഏതാല്ലാമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. പരീക്ഷണങ്ങള്‍, ബഹിരാകാശ ചിത്രങ്ങള്‍, സിഗ്‌നലുകളുടെ സംപ്രേക്ഷണം, റിമോട്ട് സെന്‍സിങ്, ഭൗമനിരീക്ഷണം, കാലാവസ്ഥാപ്രവചനം എന്നിവയുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളാണ്  വിക്ഷേപണ വാഹനം ഉപയോഗിച്ച് വിക്ഷേപിക്കുക. രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 2500 ഉപഗ്രഹങ്ങള്‍ നിര്‍മിക്കുമെന്നും ആന്‍ട്രിക്‌സ് വക്താവ് അറിയിച്ചു.കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കുളളില്‍ വിവിധ രാജ്യങ്ങളുടേതായി 74 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുണ്ട്. ബെല്‍ജിയം, ബ്രിട്ടന്‍, ജര്‍മനി, ഇസ്രായേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ പിഎസ്എല്‍വി ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുളളത്. ജൂലൈയില്‍ 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് പിഎസ്എല്‍വി ചരിത്രം കുറിച്ചിരുന്നു. സമാനമായി ഒരു വിക്ഷേപണത്തില്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്ന രീതി അവലംബിക്കാനാണ് ശ്രമിക്കുന്നതെന്ന് രാകേഷ് ശശിഭൂഷണ്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.