പ്രത്യേക ഘടക പദ്ധതിക്കുള്ള പ്രത്യേക കേന്ദ്ര സഹായം പട്ടികജാതി വികസന പദ്ധതികള്‍ക്ക് അംഗീകാരം

Wednesday 31 August 2016 10:37 am IST

കോഴിക്കോട്: പ്രത്യേക ഘടക പദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായ (എസ്.സി.എ ടു എസ്.സി.പി) പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പട്ടികജാതി വികസന സമിതിയോഗം അംഗീകാരം നല്‍കി. എസ്.സി.എ ടു എസ്.സി.പി പദ്ധതിയില്‍ 2016-17 വര്‍ഷത്തില്‍ ജില്ലക്ക് 57 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. വിവിധ പാല്‍ സഹകരണ സൊസൈറ്റികളില്‍ പാല്‍ വിതരണം ചെയ്യുന്ന എസ്.സി വിഭാഗത്തില്‍പ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് സൊസൈറ്റികളില്‍നിന്ന് കാലിത്തീറ്റ വാങ്ങുന്നതിന് സഹായം നല്‍കുന്നതിനും കാലിത്തൊഴുത്ത് നവീകരണത്തിനും പാലുല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിനും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച 12 ലക്ഷം രൂപയുടെ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. പദ്ധതിയിലേക്ക് ബ്ലോക്ക് പഞ്ചായത്തുകളിലെ ഡയറി എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍ അപേക്ഷ ക്ഷണിക്കുന്നതും ജില്ലാ ഓഫീസര്‍ അനുമതി നല്‍കുന്നതുമാണ്. കക്കോടി പഞ്ചായത്തിലെ സുദിനം കുടുംബശ്രീ, കുറുക്കന്‍കുന്ന് എസ്.സി വികസന കുടുംബശ്രീ, മൂലക്കുനി പട്ടികജാതി വികസന കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കുന്ന ആടുവളര്‍ത്തല്‍ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. പദ്ധതിയില്‍ 6,37,500 രൂപ ഗുണഭോക്തൃ വിഹിതമാണ്. 50 ശതമാനം സബ്‌സിഡിയായി ആറ് ലക്ഷം രൂപ നല്‍കും. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ വാലറ്റ്‌സ് സ്വയം സഹായ സംഘത്തിന് ബാഗ് നിര്‍മാണ യൂനിറ്റ് തുടങ്ങാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. 2014-15 സാമ്പത്തിക വര്‍ഷത്തെ എസ്.സി.എ ടു എസ്.സി.പി പദ്ധതിയിലുള്‍പ്പെടുത്തി ബാഗ് നിര്‍മാണത്തിന് പരിശീലനം ലഭിച്ച 10 പേര്‍ ചേര്‍ന്നുള്ള സംരംഭമാണിത്. 75,526 രൂപ ഗുണുഭാക്തൃ വിഹിതമുള്ള പദ്ധതിയില്‍ എസ്.സി.എ ടു എസ്.സി.പി വിഹിതം 75,400 രൂപയാണ്. കൂടത്തായി വില്ലേജിലെ ജവഹര്‍ ഹരിജന്‍ ഹോളോബ്രിക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ- ഓപറേറ്റീവ് സൊസൈറ്റി എന്ന സംഘത്തിന് ഹോളോബ്രിക്‌സ് യൂനിറ്റ് ആരംഭിക്കുന്നതിന് വായ്പാ ബന്ധിതമായി ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയാണ് അംഗീകാരം ലഭിച്ച മറ്റൊന്ന്. പദ്ധതിയില്‍ എസ്.സി.എ ടു എസ്.സി.പി വിഹിതം 6,37,625 രൂപയാണ്. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച രാമനാട്ടുകര പട്ടികജാതി സര്‍വീസ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് പ്രിന്റര്‍ കം ഫോട്ടോകോപ്പിയര്‍ വാങ്ങുന്നതിനുള്ള പദ്ധതിക്കും അംഗീകാരം നല്‍കി. എസ്.സി.എ ടു എസ്.സി.പി വിഹിതം ഒരു ലക്ഷം രൂപ. കൊടുവള്ളി പട്ടികജാതി സഹകരണ സംഘത്തിന്റെ പെട്രോള്‍ പമ്പിന്റെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാനുള്ള പദ്ധതിയില്‍ എസ്.സി.എ ടു എസ്.സി.പി വിഹിതമായി ആറ് ലക്ഷം രൂപ അനുവദിക്കാനും യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ. ഷീല, തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.