കൂട്ടക്കുരുതിയുടെ നീറുന്ന ഓര്‍മകളുമായി 'സഞ്ചാരിപ്രാവിന്റെ ഓര്‍മ്മക്ക്'

Sunday 9 April 2017 2:53 pm IST

കല്‍പ്പറ്റ : കൂട്ടക്കുരുതിയുടെ നീറുന്ന ഓര്‍മകളുമായി 'സഞ്ചാരിപ്രാവിന്റെ ഓര്‍മ്മക്ക്' ചിത്ര പ്രദര്‍ശനം വയനാട്ടില്‍. ഭൂമിയിലെ ജൈവപരിണാമത്തിന്റെ 375 കോടി വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വിജയിച്ച പക്ഷിയാണ് സഞ്ചാരിപ്രാവ്. 1810 ല്‍ അമേരിക്കയിലെ കെന്റക്കിയുടെ ആകാശത്തിലൂടെ പറന്നുപോയ ഒരു കിളിക്കൂട്ടത്തില്‍ 223 കോടി സഞ്ചാരിപ്രാവുകളുണ്ടായിരുന്നതായി അമേരിക്കന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ അലക്‌സാണ്ടര്‍ വിത്സന്‍ കണക്കാക്കി. ഒരു നൂറ്റാണ്ട് കഴിഞ്ഞ് 1910 ആഗസ്റ്റ് ആയപ്പോള്‍ ഭൂമിയില്‍ ഒരൊറ്റ സഞ്ചാരിപ്രാവേ ബാക്കിയായിരുന്നുള്ളൂ. സിന്‍സിനാറ്റി മൃഗശാലയില്‍ കൂട്ടിലിട്ടിരുന്ന മാര്‍ത്തയെന്ന പെണ്‍പിറാവ്. 1914 സെപ്റ്റംബര്‍ ഒന്നിന് മാര്‍ത്ത മരിച്ചതോടെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനംവരെ വടക്കേഅമേരിക്കയിലെ വിശാലമായ സമതലങ്ങളെ നട്ടുച്ചയ്ക്കിരുട്ടുപുതപ്പിച്ചിരുന്ന ആ പക്ഷിജാതി മണ്‍മറഞ്ഞു.വംശനാശമടഞ്ഞു. 1878 ല്‍ പെറ്റ്‌സ്‌ക്കിയിലെ ഒരൊറ്റ പ്രജനനകേന്ദ്രത്തില്‍ നിന്ന് ഏതാനും ആഴ്ച്ചകള്‍ക്കകം, നഗരങ്ങളിലെ മാംസച്ചന്തകളിലെത്തിയത് നൂറുകോടി സഞ്ചാരിപ്രാവുകളാണ്. ഈ തോതിലുള്ള വേട്ടയും ഒപ്പം വന്‍തോതിലുള്ള വനനശീകരണവും കൂടിചേര്‍ന്നാണ് സഞ്ചാരിപ്രാവിനെ ശതകോടികളില്‍നിന്ന് നൊടിയിടകൊണ്ട് പൂജ്യത്തിലെത്തിച്ചത്. സഞ്ചാരി പ്രാവിന്റെ ~ഒരൊറ്റപ്പെട്ട പ്രതിഭാസമല്ല. വടക്കേഅമേരിക്കയില്‍തന്നെ , കരോളൈനതത്തയും ദന്തച്ചുണ്ടന്‍ മരംകൊത്തിയും ചതുപ്പുകോഴിയും അമേരിക്കന്‍ സിംഹത്തിന്റെ പൗരസ്ത്യവര്‍ഗ്ഗവും മറ്റും തൊട്ടുപിന്നാലെ പോയി. അമേരിക്കയില്‍ മാത്രമല്ല, എല്ലാ ജൈവമേഖലകളിലും ഇതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. സഞ്ചാരിപ്രാവിന്റെ വഴിയേ പോകുന്ന ജൈവജാതികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചികൊണ്ടിരിക്കുന്നു. ഇന്നത്തെ തോതില്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ നമ്മുടെ സഹജീവികളില്‍ പകുതിയും പൊയ്‌പോയിരിക്കുമെന്ന് മഹാനായ പ്രകൃതിശാസ്ത്രജ്ഞന്‍ എഡ്വേര്‍ഡ് ഒ.വിത്സന്‍ പറയുന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ സുവര്‍ണ ജൂബിലി ഹാളിലാണ് പ്രദര്‍ശനം നടന്നുവരുന്നത്. പ്രമുഖ പക്ഷിനിരീക്ഷകനായ ഡോ. കെ.ജി. രഘു ഉദ്ഘാടനം നിര്‍വഹിച്ചു. അടുത്ത കാലത്ത് വംശനാശമടഞ്ഞ പക്ഷികളുടെ പെയിന്റിംഗുകളും ജീവിച്ചിരിക്കുന്ന പക്ഷികളുടെ ഫോട്ടോഗ്രാഫുകളും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കൈപ്പടയിലുള്ള പോസ്റ്ററുകളും പ്രദര്‍ശനത്തിലുണ്ട്. ഫോട്ടോ പ്രദര്‍ശനത്തില്‍ ടി.എന്‍.എ. പെരുമാള്‍, പി.കെ. ഉത്തമന്‍, കെ. ജയറാം, പ്രഫ. എസ്. വിനയകുമാര്‍,എം. ബാലന്‍, ജെ. പ്രവീണ്‍, എന്‍.വി. കൃഷ്ണന്‍, എ.വി. അഭിജിത്ത് തുടങ്ങി മുപ്പത്തിയഞ്ചോളം ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത 100ലധികം പക്ഷിചിത്രങ്ങളുണ്ട്. സഞ്ചാരിപ്രാവിന്റെ വംശനാശത്തിന്റെ 102ാം വാര്‍ഷികമായ സെപ്തംബര്‍ ഒന്നിന് നടക്കുന്നവംശനാശവും ജീവന്റെ ഭാവിയുംഎന്ന വിഷയത്തിലുള്ള സെമിനാറില്‍ പി.കെ. ഉത്തമനും പ്രഫ. ഇ. കുഞ്ഞിക്കൃഷ്ണനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വയനാട് പ്രസ്‌ക്ലബ്, വയനാട് പ്രകൃതി സംരക്ഷണ സമിതി, കെ. ജയചന്ദ്രന്‍ അനുസ്മരണ സമിതി എന്നിവ ചേര്‍ന്നാണ് ജീവജാലങ്ങളുടെ കൂട്ടക്കുരുതിക്കെതിരേ മനുഷ്യാവബോധമുണര്‍ത്താനായി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.