തെരുവു നായകള്‍ പെരുകുന്നു: ഭീതിയോടെ ജനങ്ങള്‍

Wednesday 31 August 2016 9:20 pm IST

തുറവൂര്‍: തെരുവു നായ്ക്കള്‍ പെരുകുന്നു.ഭീതിയോടെ നാട്ടുകാര്‍. അരൂര്‍,എഴുപുന്ന,കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍,പട്ടണക്കാട്,കടക്കരപ്പള്ളി, വയലാര്‍ പഞ്ചായത്തുകളിലെ മാര്‍ക്കറ്റ്, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് ജനങ്ങളെ ഭീതിയിലാക്കും വിധം അലഞ്ഞു തിരിയുന്ന നായകള്‍ വിഹരിക്കുന്നത്. തുറവൂര്‍ പഞ്ചാത്ത് മാര്‍ക്കറ്റ്, ചാവടി, റെയില്‍വേ സ്റ്റേഷന്‍ റോഡ് നാലുകുളങ്ങര- പാട്ടു കുളങ്ങര റോഡ് തൈക്കാട്ടുശേരി റോഡ്, കൊല്ലന്‍ കവല, ആലയ്ക്കാപറമ്പ്, പുത്തന്‍ചന്ത, പൊന്നാംവെളി മാര്‍ക്കറ്റ്, പട്ടണക്കാട് - വെട്ടയ്ക്കല്‍ ആറാട്ടുവഴി റോഡ് എന്നിവിടങ്ങെളിലെല്ലാം അലഞ്ഞുതിരിയുന്ന തെരുവു നായ്ക്കള്‍ നാട്ടുകാരെ ഭീതിയിലാക്കുകയാണ്. മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കു സമീപവും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രങ്ങളിലും റോഡുകളിലും ഇടവഴികളിലും അലഞ്ഞു തിരിയുന്ന നായ്ക്കൂട്ടങ്ങള്‍ രാപ്പകലില്ലാതെ വിഹരിക്കുകയാണ്. കാല്‍നട ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് ഇവ ഏറെ ദുരിതമുണ്ടാക്കുന്നത്. രാത്രിയിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. ജോലികഴിഞ്ഞ് രാത്രിയില്‍ വീടുകളില്‍ മടങ്ങിയെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. മുന്‍പ് മര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്ന ഇവ കവലകള്‍ തോറും പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മീന്‍തട്ടുളുടെ പരിസരത്തും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലുമാണ് ഇപ്പോള്‍ വിശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വയോധിക തെരുവു നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തോടെ കൂട്ടത്തോടെ തരുവു നായ്ക്കളെത്തുന്നത് ജനങ്ങളില്‍ ഭീതി ജനിപ്പിക്കുകയാണ്. റോഡരികിലും പ്രധാന കവലകള്‍ക്കു സമീപവും മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതും ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് യഥാ സമയം അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതുമാണ് തെരുവു നായകള്‍ ക്രമാതീതമായി പെരുകുന്നതിന് കാരണമാകുന്നതെന്നും തെരുവോരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ ഇതിന് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നുമുള്ള അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.