താരമായി മാളവിക

Wednesday 31 August 2016 9:40 pm IST

മുംബൈ: പത്താം ക്ലാസില്‍ പഠിച്ചിട്ടില്ല, എങ്കിലും മുംബൈ സ്വദേശിനി മാളവിക രാജ് ജോഷി ഇനി പഠിക്കുക മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി)യിലാണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളില്ലെങ്കിലും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലെ മിടുക്കാണു മാളവികയെന്ന പതിനേഴുകാരിക്ക് എംഐടിയിലേക്ക് വാതില്‍ തുറന്നത്. ക്ലാസ് മുറികളില്‍ നിന്നു നേടുന്ന മാര്‍ക്കിനേക്കാള്‍ വലുത് വീട്ടിലിരുന്ന് നേടുന്ന അറിവാണെന്നു തിരിച്ചറിഞ്ഞ അമ്മ സുപ്രിയയാണു മാളവികയുടെ ജീവിതം വഴിതിരിച്ചുവിട്ടത്. മുംബൈ ദാദറിലെ പര്‍സീ യൂത്ത് അസംബ്ലി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാളവികയുടെ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിച്ചു. പിന്നീട് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ പരിശീലനം നേടിയ മാളവിക ആ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തു. സഹോദരി രാധയും മാളവികയുടെ പാത പിന്തുടരാനുള്ള തീരുമാനത്തിലാണ്. പ്രോഗ്രാമിങ് ഒളിമ്പ്യാഡ് എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് ഓഫ് ഇന്‍ഫോര്‍മാറ്റിക്സില്‍(ഐഒഐ) മാളവിക രണ്ടു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ മൂന്നു മെഡലുകള്‍ നേടി. പന്ത്രണ്ടാം ക്ലാസ് പാസാകാത്തതിനാല്‍ മാളവികയ്ക്ക് ഐഐടി പ്രവേശനം വിദൂരസ്വപ്നമായി. ഒളിമ്പ്യാഡ് മെഡല്‍ ജേതാക്കള്‍ക്ക് എംഐടിയില്‍ പ്രവേശനം നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഇതാണ് മാളവികയ്ക്ക് എംഐടിയില്‍ സീറ്റ് നേടാന്‍ സഹായകമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.