റബ്ബര്‍ ഉല്‍പ്പാദനം കുറഞ്ഞു വിലസ്ഥിരതാ പദ്ധതി പരാജയം

Wednesday 31 August 2016 10:12 pm IST

കോട്ടയം: റബര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ വിലസ്ഥിരതാ പദ്ധതി പരാജയം. രണ്ട് വര്‍ഷമായി പദ്ധതിക്ക് നീക്കിവച്ചത് 1,000 കോടി രൂപയാണ്. വന്‍ തുക ചെലവിട്ടെങ്കിലും റബര്‍ ഉത്പ്പാദനം വര്‍ദ്ധിച്ചില്ല. 2014-15ല്‍ ഉത്പാദനം 6,45,000 ടണ്‍ ആയിരുന്നു. 2015-16 ല്‍ 5,62,00 ആയി കുറഞ്ഞു. 15 വര്‍ഷം മുന്‍പ് 6,30,405 ടണ്‍ ഉത്പ്പാദിപ്പിച്ച്, 2013-14 വര്‍ഷം 7,74,000 വരെ എത്തിയിരുന്നു. സ്ഥിരവിലയും വിപണിവിലയും തമ്മിലുള്ള വ്യത്യാസം കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡ് നല്‍കുന്നതായിരുന്നു വിലസ്ഥിരതാ പദ്ധതി. ക്രമക്കേടുകളും കാര്യക്ഷമത ഇല്ലായ്മയും പദ്ധതി പരാജയമാക്കി. വ്യാജരേഖകള്‍ ചമച്ച് പലരും ആനുകൂല്യം വാങ്ങി. ടാപ്പിങ് തൊഴിലാളി ക്ഷാമം, അടിസ്ഥാന സൗകര്യമില്ലായ്മ, സംസ്‌കരണ സൗകര്യക്കുറവ്, ഗുണനിലവാരം ഉറപ്പാക്കായ്മ തുടങ്ങി പല കാരണങ്ങളാണ് ഉത്പാദനക്കുറവിനു കാരണം. ഇതിനൊന്നും പദ്ധതിയില്‍ തുക വകയിരുത്തിയിരുന്നില്ല. റെയിന്‍ഗാര്‍ഡ് വിലകുറച്ച് നല്‍കിയിരുന്ന പദ്ധതി ബോര്‍ഡ് നിര്‍ത്തിയതിനാല്‍ മഴക്കാല ടാപ്പിങ് തോട്ടങ്ങള്‍ എണ്ണത്തില്‍ 20 ശതമാനമായി കുറഞ്ഞു. ഈ ഇനത്തിലെ 10 കോടിയുടെ റിവോള്‍വിങ് ഫണ്ട് വിനിയോഗിച്ചില്ല. 19 ലക്ഷം ബില്ലുകളും 3.55 ലക്ഷം അപേക്ഷകളുമാണ് വിലസ്ഥിരതാ പദ്ധതി സഹായത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. പദ്ധതി നടത്തിപ്പ് ബോര്‍ഡിന് ബാധ്യതയായി. ഇത് ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ബോര്‍ഡ് ശ്രമം ജീവനക്കാരെ നിഷ്‌ക്രിയരാക്കി. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി അമിതമായി വന്ന ടെലിഫോണ്‍ ബില്ലുകള്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനാണ് ബോര്‍ഡ് ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.