കതിരൂര്‍ മനോജ് വധം : സിപിഎം ക്രൂരതക്ക് രണ്ടു വയസ്സ്

Thursday 1 September 2016 12:08 am IST

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ ഇളന്തോട്ടത്തില്‍ കെ.മനോജിനെ സിപിഎം സംഘം കൊലപ്പെടുത്തിയിട്ട് ഇന്ന് രണ്ട് വര്‍ഷം. 2014 സെപ്തംബര്‍ ഒന്നിന് രാവിലെ 11 മണിയോടെ കതിരൂര്‍ ഉക്കാസ് മൊട്ടയില്‍ വെച്ചാണ് കൊലപാതകം. തലശ്ശേരിയിലേക്ക് പോകവേ അക്രമിസംഘം മനോജിന്റെ വാനിനു നേരെ ബോംബെറിഞ്ഞു. വാന്‍ മതിലിലിടിച്ച് നിന്നപ്പോള്‍ അക്രമികള്‍ മനോജിനെ വാനില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊന്നു. ഉന്നത സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കൊല. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജയിന്‍ രാജ്, മനോജ് കൊല്ലപ്പെട്ട ദിവസം അക്രമത്തെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഏറെ വിവാദത്തിന് വഴിയൊരുക്കി. ജയിന്‍ രാജിനെതിരെ കേസെടുത്തു. യുഎപിഎ ചുമത്തിയതോടെ കേസ് സിബിഐ ഏറ്റെടുത്തു. സിപിഎം കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗവും പാട്യം സഹകരണ ബാങ്ക് വാച്ചുമാനുമായ ഒന്നാം പ്രതി വിക്രമന്‍ സപ്തംബര്‍ 11ന് കോടതിയില്‍ കീഴടങ്ങിയതോടെ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് പുറത്തുവന്നു. പി.ജയരാജനും പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനനും ഉള്‍പ്പെടെയുളളവര്‍ ഗൂഢാലോചനാക്കുറ്റത്തില്‍ പ്രതികളായി. പി.ജയരാജനെ അറസ്റ്റു ചെയ്യുകയും ഒരു മാസത്തോളം കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് കിഴക്കെ കതിരൂരിലെ പി.ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേക്കാവില്‍ വെച്ചാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.