കാസര്‍കോട് നഗരത്തിന്റെ ദുരവസ്ഥ; പ്രതിഷേധം ശക്തമാകുന്നു: ബിഎംഎസ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി

Thursday 1 September 2016 11:32 am IST

കാസര്‍കോട്: കാസര്‍കോട് നഗരത്തിന്റെ ദുരവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിലെ പൊട്ടി പോളിഞ്ഞ റോഡുകളും, ഗതാഗത കുരുക്കും, നഗരസഭയിലെ അഴിമതിയും ജനജീവിതത്തെ താളംതെറ്റിക്കുകയാണ്. റീടാറിങ്ങെന്ന പ്രഹസന നാടകത്തിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നഗരസഭ ജീവനക്കാരും കരാറുകാരും നടത്തിയിരിക്കുന്നത്. നഗരത്തിലെ റോഡുകളെല്ലാം ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികള്‍ക്ക് അനക്കമില്ല. മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കിനാണ് ദിവസവും നഗരം സാക്ഷ്യം വഹിക്കുന്നത്. റോഡുകളിലേക്ക് കയറ്റി പണിതിരിക്കുന്ന അനധികൃത കെട്ടിടങ്ങളും, വാണിജ്യ കെട്ടിടങ്ങള്‍ക്ക് കൃത്യമായ പാര്‍ക്കിഗ് ഇല്ലാത്തതും നഗരത്തിലെ ഗതാഗത കുരുക്കിന് കാരണമാകുന്നു. പല കെട്ടിടങ്ങള്‍ക്കും നമ്പര്‍ അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ ഒരു വാണിജ്യ കെട്ടിടത്തിന്റെ നിര്‍മ്മാണാനുമതി സ്റ്റേ ചെയ്ത സമയത്ത് തുടര്‍ച്ചയായ ലീവ് വന്ന ദിവസങ്ങള്‍ നോക്കി കെട്ടിട ഉടമ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പണി നടത്തി. മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ആളുകളെത്തുന്ന കാസര്‍കോട് പഴയ ബസ്റ്റാന്റ് പരിസരത്ത് ആവശ്യത്തിന് പൊതു ശൗചാലയങ്ങളില്ല. ഇതുമൂലം സ്ത്രീകളും കുട്ടികളും ഏറെ പ്രയാസമനുഭവിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ പുതിയ ബസ്റ്റാന്റ് നിരവധി പ്രതിഷേധങ്ങളെ തുടര്‍ന്ന് മഴക്കാലത്താണ് അധികൃതര്‍ അറ്റകുറ്റപ്പണി നടത്തി കൊണ്ടിരിക്കുന്നത്. നഗരസഭയിലെ അഴിമതികളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക, അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. നിരവധി തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനായി നഗരസഭ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ട്. പക്ഷെ ആ തെരുവ് വിളക്കുകള്‍ എവിടെയാണ് സ്ഥാപിച്ചതെന്ന് കാണുന്നില്ലെന്ന് നഗരസഭാ ഓഡിറ്റിംഗ് വിഭാഗം തന്നെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ഓട്ടോറിക്ഷകള്‍ നഗരസഭാ പെര്‍മിറ്റ് ഇല്ലാതെ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കൃത്യമായ പാര്‍ക്കിംഗ് സംവിധാനമില്ലാത്തതിനാല്‍ നഗരത്തില്‍ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് സൃഷ്ടിക്കുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് അനില്‍ ബി നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ.കേശവ, മേഖലാ പ്രസിഡണ്ട് കെ.നാരായണന്‍, സെക്രട്ടറി എ.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് റോഡില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കെ.രതീഷ്, എസ്.കെ. ഉമേശ്, നവീന്‍.എസ്.മാന്യ, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിജേഷ് സ്വാഗതവും, പി.ദിനേശ് നന്ദിയും പറഞ്ഞു. ബിഎംഎസ് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.