ക്യാന്‍സര്‍ സുരക്ഷാ പദ്ധതിയുമായി ട്രിവാന്‍ഡ്രം ക്യാന്‍സര്‍ സെന്റര്‍

Thursday 1 September 2016 3:08 pm IST

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന അമിത ചികിത്സാ ചെലവിന് പരിഹാരം കാണാന്‍ ക്യാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് ട്രിവാന്‍ഡ്രം ക്യാന്‍സര്‍ സെന്റര്‍ തുടക്കം കുറിക്കുന്നു.  'ക്യാന്‍ക്യുവര്‍- സുരക്ഷ' എന്ന പേരില്‍ ക്യാന്‍സര്‍ രോഗത്തിന് എതിരെ ഒരു സമഗ്ര അവബോധ, പ്രതിരോധ, പുനരധിവാസ, ചികിത്സാ പദ്ധതിക്കാണ് തുടക്കം കുറിക്കുക. പതിനായിരം രൂപ നല്‍കി പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക്  അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മുതല്‍ വിവിധ ചികിത്സാ ആനുകൂല്യങ്ങളോടെ ആജീവനാന്ത ക്യാന്‍സര്‍ പരിരക്ഷ ലഭിക്കും. സൗജന്യ ക്യാന്‍സര്‍ ശസ്ത്രക്രിയ, സൗജന്യ റേഡിയേഷന്‍ ചികിത്സ, സൗജന്യ കീമോ തെറാപ്പി, ചികിത്സാ ആവശ്യത്തിനായി സൗജന്യ ആശുപത്രി താമസം തുടങ്ങി അര്‍ബുദ ചികിത്സയ്ക്കായി ഒട്ടേറെ ആനുകൂല്യങ്ങളാണ് ക്യാന്‍ക്യുവര്‍- സുരക്ഷാ പദ്ധതി.  ക്യാന്‍സര്‍ പരിരക്ഷയ്ക്കു പുറമേ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കകളുടെ ആകസ്മിക തകരാറുകള്‍ തുടങ്ങി അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്നതും, അടിയന്തര ചികിത്സ വേണ്ടതുമായ അത്യാഹിത ഘട്ടങ്ങളില്‍ ചികിത്സാനിരക്കുകളില്‍ 50 ശതമാനം ഇളവോടെ അവ നിര്‍വഹിക്കുവാനും ക്യാന്‍ക്യുവര്‍- സുരക്ഷ പദ്ധതി സഹായകമാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. സി. ഭരത്ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം 6 ന് കവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ അഭയയിലെ അംഗങ്ങളെ പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സുഗതകുമാരി പദ്ധതിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് മുഹമ്മദ് റാഫിയുടെ മുപ്പത്തിയാറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്  മുംബയ് മുഹമ്മദ് അസ്‌ലമിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം അവതരിപ്പിക്കുന്നു സാന്ത്വന സംഗീതനിശയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.