റോഡ് നിര്‍മാണം ഇഴയുന്നു: നാട്ടുകാര്‍ ദുരിതത്തില്‍

Thursday 1 September 2016 3:40 pm IST

തുറവൂര്‍: റോഡ് നിര്‍മ്മാണം ഇഴയുന്നു. മഴയായാലും വെയിലായാലും നാട്ടുകാര്‍ക്ക് ദുരിതം. മാസങ്ങള്‍ക്ക് മുന്‍പ് ഗതാഗതം നിരോധിച്ച പള്ളിത്തോട് പമ്പ പാതയുടെ റോഡ് നിര്‍മാണമാണ് ഒച്ചിഴയും വേഗത്തില്‍ നീങ്ങുന്നത്. പുനര്‍നിര്‍മാണത്തിനായി പഴയ റോഡ് പൊളിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. പള്ളിത്തോട് മുതല്‍ ചാവടി വരെയുള്ള ഭാഗം ഉയര്‍ത്തുന്ന ജോലികള്‍ പൂര്‍ത്തിയായിരുന്നു. മാക്കേക്കടവ് ജെട്ടി മുതല്‍ തൈക്കാട്ടുശേരി വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലാണ് കാലതാമസം നേരിടുന്നത്. റോഡിലെ പൊടിശല്യവും ചെളിക്കുഴമ്പും നാട്ടുകാരുടെ യാത്രദുരിതം വര്‍ദ്ധിപ്പിക്കുകയാണ്. പള്ളിത്തോട് മുതല്‍ ചാവടി വരെയുള്ള മൂന്ന് കിലോമീറ്റര്‍ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പൂര്‍ത്തിയായെങ്കിലും ബാക്കിയുള്ള റോഡിന്റെ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്നറിയാതെ അനിശ്ചിതമായി നീണ്ടു പോകുകയാണ്. മഴയില്ലാത്ത ദിവസങ്ങളിലെ കടുത്ത പൊടിശല്യം ഒഴിവാക്കാന്‍ വഴിപാടു പോലെ റോഡ് നനയ്ക്കാറുണ്ടെങ്കിലും ഇത് സമയബന്ധിതമായി നടത്താന്‍ കഴിയാത്തതും ജനങ്ങളെ ദുരിതത്തിലാക്കി. ജനങ്ങള്‍ അധികം സഞ്ചരിക്കുന്നതും വാഹനത്തിരക്ക് ഏറുന്നതുമായ സമയം കഴിഞ്ഞാണ് മിക്കവാറും റോഡ് നനയ്ക്കുന്നത്. മഴ പെയ്താല്‍ റോഡാകെ ചെളിക്കുളമായി മാറുന്ന സ്ഥിതിയാണ്. നിര്‍മാണ സാമഗ്രികള്‍ മോഷണം പോയതിന്റെ പേരില്‍ ഏതാനും ദിവസം ജോലികള്‍ മുടങ്ങിയിരുന്നു. മാക്കേക്കടവ് കവലയ്ക്ക് പടിഞ്ഞാറു വശത്ത് രണ്ട് കിലോമീറ്ററോളം പഴയ റോഡ് ഇനിയും പൊളിക്കാത്ത നിലയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.