തലമാറ്റം അസാധ്യമെന്ന് ഡോക്ടര്‍മാര്‍

Thursday 1 September 2016 8:21 pm IST

 

സ്റ്റീഫന്‍ ഹോക്കിങ്

തിരുവനന്തപുരം: തല മാറ്റിവയ്ക്കല്‍ ഉട്ടോപ്യന്‍ പദ്ധതിയാണെന്ന് പ്രസിദ്ധ ന്യൂറോ സര്‍ജന്‍ ഡോ. സാംബശിവന്‍ പ്രതികരിച്ചു. ഒരാളുടെ തല മാറ്റിവയ്ക്കുന്നതോടെ അയാളുടെ വ്യക്തിത്വവും സ്വത്വവും നഷ്ടപ്പെടും. മറ്റ് ഏത് അവയവം മാറ്റിയാലും ഇങ്ങനെ വരില്ല. ഇത് പ്രയോജനം ചെയ്യുമെന്നും തോന്നുന്നില്ല. മനുഷ്യരെ കബളിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്.

ശാസ്ത്രം എത്തിനില്‍ക്കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ ഇത് സാധ്യമാണെന്ന് തോന്നുന്നില്ലെന്ന് ഡോ.കെ. രാജശേഖരന്‍ നായര്‍. അത് നമ്മുടെ പരിമിതിയാണ്. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ ലോകത്ത് ഒരുപാട് ചെയ്തുനോക്കാറുണ്ട്. പരാജയമാണ് ഫലം.

ഇത്തരം കാര്യങ്ങള്‍ ആദ്യം ആധികാരിക മെഡിക്കല്‍ ജേണലുകളിലാണ് വരേണ്ടത്. അങ്ങനെയെങ്കില്‍ വാര്‍ത്തയുടെ വിശ്വാസ്യത കൂടും. അത്തരം ജേണലുകള്‍ പരിശോധിച്ചു മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയൂ. 1980 കളുടെ ആദ്യം ബ്രസീലിയന്‍ ഡോക്ടര്‍ മദ്രസോ അഡ്രീനല്‍ ഗ്രന്ഥിയിലെ കോശങ്ങള്‍ ശേഖരിച്ച് തലച്ചോറില്‍ കുത്തിവച്ച് പാര്‍ക്കിന്‍സണ്‍ രോഗം ഭേദപ്പെടുത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. അല്‍പ്പ നാളുകള്‍ക്കകം അത് പരാജയമാണെന്ന് തെളിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു.

വെര്‍ഡ്‌നിഗ് ഹോഫ്മാന്‍

ന്യൂയോര്‍ക്ക്: ലോകത്തെ ആദ്യ തലമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങിയ റഷ്യക്കാരന്‍ വലേറി സ്പിരിദോനോവിനെ വലയ്ക്കുന്നത് അത്യപൂര്‍വ്വ രോഗം.

വെര്‍ഡ്‌നിഗ് ഹോഫ്മാന്‍ എന്ന രോഗം, ഞെരമ്പുകളും കോശങ്ങളും ബലം ക്ഷയിച്ച് നശിച്ചുപോകുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയുടെ അതീവ ഗുരുതരാവസ്ഥയാണ്. തലച്ചോറിന്റെ അടിഭാഗത്തെ ഞരമ്പു കോശങ്ങളും തലച്ചോറിലെയും സുഷുമ്‌നയിലെയും മോട്ടോര്‍ ന്യൂറോണുകളുമാണ് നശിക്കുക. ക്രമേണ ആഹാരം കഴിക്കാനും ശ്വസിക്കാന്‍ പോലും കഴിയാതെ വരും. തലച്ചോറില്‍ നിന്നും സുഷുമ്‌നയില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ പേശികളിലേക്കും ഗ്രന്ഥികളിലേക്കും എത്തിക്കുന്ന കോശങ്ങളാണ് മോട്ടോര്‍ ന്യൂറോണുകള്‍. മസ്‌കുലര്‍ അട്രോഫി ബാധിച്ചവരില്‍ 80 ശതമാനം പേരും ക്രമേണ ഈ അവസ്ഥയില്‍ (വെര്‍ഡ്‌നിഗ് ഹോഫ്മാന്‍) എത്തും. ക്രമണേ ശ്വാസ തടസം കൂടി മരിക്കും.

ഗുരുതരമായ ജനിതക വൈകല്യമാണിത്. ഈ രോഗം കണ്ടുപിടിച്ച ശാസ്ത്രജ്ഞരാണ് വെര്‍ഡ്‌നിഗും ഹോഫ്മാനും. അടുത്ത വര്‍ഷമാദ്യം സെര്‍ജി കനാവെറോ, സിയാവോ പിങ്ങ് റെന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ തലമാറ്റ ശസ്ത്രക്രിയ നടന്നതായി ഒരു വെബ് സൈറ്റില്‍ വാര്‍ത്തയുണ്ടെങ്കിലും ഇത് തമാശ മാത്രമാണ്.

സ്റ്റീഫന്‍ ഹോക്കിങ്

ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രപ്രതിഭകളില്‍ ഒരുവനാണ് സ്റ്റീഫന്‍ വില്യം ഹോക്കിങ്. ബ്രിട്ടീഷുകാരനായ ഫിസിസിസ്റ്റ്.

പ്രപഞ്ചത്തെപ്പറ്റി നിരവധി പുസ്തകങ്ങള്‍ എഴുതി, എല്ലാം വമ്പന്‍ ഹിറ്റുകള്‍. 74 വയസുള്ള അദ്ദേഹം ഇത്തരമൊരു രോഗത്തിന് അടിമയാണ്. ആരോഗ്യവാനായിരുന്ന അദ്ദേഹത്തെ ബാധിച്ചത് ഞരമ്പുകളും കോശങ്ങളും ദ്രവിച്ച് നശിക്കുന്ന അപൂര്‍വ്വ രോഗം. രണ്ടു വര്‍ഷത്തിനകം മരിക്കുമെന്ന് 1963ല്‍ ഡോക്ടര്‍മാര്‍ വിധിച്ച അദ്ദേഹം ഇന്നുമുണ്ട്.

കാലുകള്‍ തളര്‍ന്ന് ശോഷിച്ച്, ശരീരം ചുരുങ്ങി, ഇലക്ട്രിക് കസേരയില്‍ ഒതുങ്ങിയെങ്കിലും അസാമാന്യമായ ചിന്താശക്തി അദ്ദേഹത്തെ സക്രിയനാക്കുന്നു. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ കഴിയും. വിവാഹിതനാണ്, മൂന്നു കുട്ടികളുമുണ്ട്. 2006ല്‍ ഭാര്യ മേസണ്‍ വിവാഹ മോചനം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.