കൊളംബോ: ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ വെടിക്കെട്ടും മധ്യനിര ബാറ്റ്സ്മാന് ജോര്‍ജ് ബെയ്ലിയുടെ മികച്ച ഇന്നിങ്സും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക് നേടിക്കൊടുത്തു. നാലാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് വിജയിച്ചാണ് അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1ന് കംഗാരുക്കള്‍ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 212 റണ്‍സിന് ഓള് ഔട്ടായി. 76 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് 40ഉം സചിത് പതിരന 24ഉം റണ്‍സെടുത്തു. ആറ് വിക്കറ്റ് വീഴ്ത്തിയ ഹേസ്റ്റിങ്സിന്റെ മികച്ച ബൗളിങ്ങാണ് ശ്രീലങ്കയെ ചെറിയ സ്കോറില്‍ ഒതുക്കിയത്.
213 റണ്‍സിന്റെ ലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസ്ട്രേലിയ 19 ഓവര്‍ ബാക്കിനില്‍ക്കേയാണ് 217 റണ്‍സെടുത്ത് വിജയം നേടിയത്. 19 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്സറുമടക്കം ഫിഞ്ച് 55 റണ്‍സ് നേടി. 85 പന്തില്‍ നിന്ന് 90 റണ്‍സെടുത്ത ജോര്‍ജ് ബെയ്ലി പുറത്താകാതെ നിന്നു. 40 റണ്‍സെടുത്ത ട്രവിസ് ഹെഡ്ഡും മികച്ച ബാറ്റിങ് നടത്തിയതോടെ ഓസീസ് അനായാസ വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: