പിടിഎ പ്രസിഡന്റിനെ പ്രിന്‍സിപ്പല്‍ തീരുമാനിച്ചു; ഡിഡിക്ക് പരാതി

Friday 2 September 2016 7:49 pm IST

കുറ്റിക്കോല്‍: പ്രിന്‍സിപ്പല്‍ നിയമ വിരുദ്ധമായി പിടിഎ പ്രയിഡന്റിനെ തെരഞ്ഞെടുത്തെന്നാരോപിച്ച് എക്‌സിക്യൂട്ട് അംഗം കാസര്‍കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. ബന്തടുക്ക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ തന്നിഷ്ട പ്രകാരം പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വനിതകളെ ഉള്‍ക്കൊള്ളിക്കാതെയുള്ള കമ്മറ്റിയെ പാനല്‍വഴി സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വിദ്യാലയത്തില്‍ ഒന്നാം കാസ്സ് മുതല്‍ 12ാം ക്ലാസ് വരെ മൂന്ന് വിഭാഗങ്ങളിലായി 1600 വിദ്യാര്‍ത്ഥികളാണുള്ളത്. സ്‌കൂള്‍ പിടിഎയില്‍ ഓരോ വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല. ഒന്നാം ക്ലാസ്സ് മുതല്‍ 12 ാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഉണ്ടായിട്ടും അവര്‍ക്കൊന്നും അവസരം നല്‍കാതെ പ്രീ പ്രൈമറിയില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവിനെ എക്‌സിക്യൂട്ടീവ് കമ്മറ്റി ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താതെ നിയമവിരുദ്ധമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ജനറല്‍ ബോഡിയില്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കളുടെ അഭിപ്രായം മാനിക്കാതെ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കുകയായിരുന്നു. പ്രീ പ്രൈമറിയില്‍ നിന്നും പിടിഎ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന നിയമവിരുദ്ധമാണെന്നും വനിതകളെ ഉള്‍പ്പെടുത്തണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പല്‍ ആവശ്യം അവഗണിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം വീണ്ടും പിടിഎ തെരഞ്ഞെടുപ്പ് നടത്തി അംഗങ്ങളേയും പ്രസിഡന്റിനേയും തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാവ് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പ്രസിഡന്റാകാന്‍ മാത്രം കുട്ടിയെ പ്രീ പ്രൈമറി ക്ലാസില്‍ ചേര്‍ത്തതായും പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.