ഓണാഘോഷം; സര്‍ക്കാര്‍ നിലപാട് ധിക്കാരം: ഫെറ്റോ

Friday 2 September 2016 9:47 pm IST

കണ്ണൂര്‍: പൊതുപണിമുടക്കിന് പരസ്യമായ പിന്‍തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയത് ധിക്കാരപരമാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി..മധുസൂധനന്‍. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഓണാഘോഷ വിലക്കിനെതിരെ ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വര്‍ഷങ്ങളായി ജോലിയെ ബാധിക്കാത്ത വിധത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഓണം ആഘോഷിക്കാറുണ്ട്. പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തിലാണ് കാലങ്ങളായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നടത്താറുള്ളത്. സ്‌കൂളുകളിലും പഠനത്തെ ബാധിക്കാതിരിക്കാകന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഓണാഘോഷത്തിന്റെ പേരില്‍ അനാവശ്യമായ വിവാദങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കുന്നുവെന്ന വിവാദ പ്രസ്ഥാവന ഏറെ പ്രതിഷേധാര്‍ഹമാണ്. ക്ഷേത്രങ്ങളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തി ഒരു കേസ് പോലും ഇതുവരെ ചാര്‍ജ്ജ് ചെയ്തിട്ടില്ല. വസ്തുത ഇതാണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഒരു വിഭാഗം വിശ്വാസി കളുടെ വികാരത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. തൊഴിലാളി യൂനിയനുകള്‍ മുന്നോട്ട് വെച്ച ന്യായമായ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചിട്ടും ചില യൂനിയനുകള്‍ ദേശീയ പണിമുടക്ക് നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ഒ.ജയകൃഷ്ണന്‍, സജീവന്‍ ചാത്തോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.