ജാനു അക്കി പൂ കൊയ്തു താ!

Tuesday 13 September 2016 12:16 pm IST

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയിലാണ് ചേക്കോട്ട് അടിയ കോളനി. അവിടെയാണ് എന്റെ ജനനം. അച്ഛന്‍ കരിയന്‍ അമ്മ വെളിച്ചി. ഞങ്ങള്‍ അഞ്ച് മക്കളാണ്. മൂത്ത ചേച്ചി ശാന്ത. ബാക്കിയുള്ളവര്‍ ഇളയതാണ്. മുത്ത, രാജി, മല്ലന്‍. മുത്തയും അമ്മയും എന്നോടൊപ്പം പനവലിയിലാണ് താമസം. അച്ഛന്‍ മരിച്ചിട്ട് ഏഴ് വര്‍ഷമായി. മാനന്തവാടിയില്‍നിന്ന് പത്ത് കിലോമീറ്ററുണ്ട് ചേക്കോട്ടെക്ക്. പഴയ നാടല്ല ഇന്ന്. ചെറുപ്പകാലത്ത് കൂട്ടുകാരികളോടൊപ്പം മീന്‍ പിടിക്കാനും ഞണ്ട് പിടിക്കാനും പോകും. ചേക്കോട്ട് ചെറിയ ഒരു കുന്നാണ്. താഴ്‌വാരത്ത് നോക്കെത്താ ദൂരത്ത് പടര്‍ന്നുകിടക്കുന്ന പാടശേഖരം. ഞങ്ങളുടെ കൂരയുടെ എതിര്‍ഭാഗത്താണ് കൈതവള്ളികുന്ന്. അവിടെയായിരുന്നു പി.കെ. കാളേട്ടന്‍ താമസിച്ചിരുന്നത്. അരകിലോമീറ്റര്‍ പാടത്തുകൂടി മുകളിലേക്ക് നടന്നാല്‍ തൃശ്ശിലേരി മഹാദേവ ക്ഷേത്രമായി. ക്ഷേത്രം രണ്ട് മലകള്‍ക്കിടയിലാണ്. ക്ഷേത്രത്തിലെ വാദ്യശബ്ദങ്ങള്‍ ഇടയ്‌ക്കൊക്കെ ഞങ്ങള്‍ക്കും കേള്‍ക്കാനാകും. ശൈവവൈഷ്ണവ സംഘര്‍ഷം നടന്ന കാലത്ത് തിരുനെല്ലിയിലെ ശൈവവിഭാഗങ്ങളെ വൈഷ്ണവര്‍ ആട്ടിയോടിച്ചുവെന്നും അവര്‍ തൃശ്ശിലേരിയില്‍ താമസമാക്കി എന്നുമാണ് ഐതിഹ്യം. മഹാദേവ ക്ഷേത്രത്തിന് 1200 വര്‍ഷത്തിലധികം പഴക്കമുണ്ട്. ക്ഷേത്രത്തിന്റെ ഒരുഭാഗം നരിനിരങ്ങി മലകളാണ്. ചെറുപ്പകാലത്ത് അച്ഛനോടൊപ്പം മലകയറിയിട്ടുണ്ട്. പിന്നിട് കൂട്ടുകാരോടൊപ്പം പോയി ഞാവല്‍ പഴങ്ങള്‍ പറിച്ചു. ഞാവല്‍ മരത്തില്‍ കയറാനും പഴംപറിക്കാനും കൂട്ടുകാരും ഒപ്പമുണ്ടാവും. ചില മരങ്ങളുടെ മുഴുവന്‍ ശിഖരങ്ങള്‍പോലും ഞങ്ങള്‍ക്ക് മനഃപാഠമാണ്. വിശപ്പിന്റെ ലോകത്ത് ഞങ്ങള്‍ക്ക് ആശ്വസം തന്നത് ഞണ്ടും വട്ടവനും (ഒരുതരം മീന്‍) ചീലാങ്കുരിയും കാട്ടിലെ കിഴങ്ങുകളും വിവിധതരം ചപ്പിനങ്ങളുമായിരുന്നു. ഇന്ന് ഇവയില്‍ ഭൂരിഭാഗവും നാമാവശേഷമായി. മാനിപുല്ലിന്റെ അറ്റത്ത് കെട്ടിയിടുന്ന പുല്‍ചാടിയെ ഉപയോഗിച്ചാണ് ഞണ്ട് പിടുത്തം. ഞണ്ട് മടയിലേക്ക് പുല്‍ച്ചാടിയെ ഇറക്കുമ്പോള്‍തന്നെ പുല്‍ച്ചാടിയുടെ ഗന്ധത്താല്‍ ഞണ്ട് മുകളിലേക്ക് കയറിവരും. ആദ്യകാലത്ത് ഞണ്ട് കൈയില്‍ ഇറുക്കിയിട്ടുണ്ട്. വേദന കടിച്ചമര്‍ത്തി കരയാതെ ഇരുന്നിട്ടുമുണ്ട്. വിശപ്പ്, ഞണ്ടിന്റെ കടിയുടെ വേദന താനെ അകറ്റും. വിശാലമായ പാടത്തിനു നടുവിലൂടെ ചെറിയ പുഴയുണ്ടായിരുന്നു. ഇന്നത് കൈത്തോട് മാത്രമാണ്. 'ജാനു അക്കി പൂ കൊയ്തു താ' എന്ന കുട്ടികളുടെ അപേക്ഷക്ക് മുമ്പില്‍ ഏത് പൂവും ഞാന്‍ പറിച്ച് കൊടുക്കുമായിരുന്നു. പുഴക്കരയില്‍നിന്ന് ഒരിക്കല്‍ പൂപറിക്കുന്നതിനിടെ പുഴയിലും വീണിട്ടുണ്ട്. ഒരു ചേല മാത്രം സ്വന്തമായുള്ള ഞങ്ങള്‍ എല്ലാവരും ചേല ഉണക്കാനിട്ട് ഉണങ്ങുന്നതുവരെ കുളിക്കും. എനിക്ക് എതാണ്ട് ആറ് വയസ്സുള്ളപ്പോള്‍ വീട്ടില്‍ എത്തിയ ഒരാള്‍ കുഞ്ഞിനെ നോക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി സംസാരിക്കുന്നതു കേട്ടു. പിറ്റേന്ന് ഞാന്‍ അമ്മയോടാപ്പം മാനന്തവാടിക്ക് അപ്പുറം വെള്ളമുണ്ട എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. അവിടത്തെ സ്‌ക്കൂളില്‍ ജോലിചെയുന്ന മേരിക്കുട്ടി ടീച്ചറുടെ ഒരു വയസ്സുള്ള മകളെ നോക്കാനാണ് അമ്മ എന്നെ അവിടെ എത്തിച്ചത്. കാടും മേടും താണ്ടി ഉച്ചകഴിഞ്ഞാണ് ഞങ്ങള്‍ അവിടെ എത്തിയത്. ഇതുവരെ കാണാത്ത വയലുകളും ഇടവഴിയും എല്ലാം ഞങ്ങള്‍ നടന്നുതന്നെ നീങ്ങി. വെള്ളമുണ്ടയില്‍ ടീച്ചര്‍ താമസിച്ചിരുന്നത് ഒരു ലൈനിലാണ്. മറ്റ് മുറികളില്‍ മറ്റ് അദ്ധ്യാപകരും താമസിക്കുന്നു. ടീച്ചര്‍ എനിക്ക് ഇടുന്നതിനായി ഒരു ഷിമീസ് തന്നു. പത്ത് വയസ്സുകാരിക്ക് ഇടാന്‍ പാകത്തിനുള്ള വസ്ത്രമായിരുന്നു അത്. ആദ്യമായി ലഭിച്ച കുപ്പായത്തിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. പിന്നെ കഞ്ഞികുടിക്കുന്നതിനായി അലുമിനിയം പാത്രവും തന്നു. പാത്രം ഞാന്‍ വീടിന്റെ ഒരുഭാഗത്ത് വച്ചു. കുഞ്ഞിനെ നോക്കാന്‍ ആളുവന്നു എന്ന് അറഞ്ഞിട്ടാകണം തൊട്ടടുത്ത താമസക്കാര്‍ എത്തിനോക്കിയിട്ട് പോയി. ടീച്ചര്‍ സ്‌ക്കൂളില്‍ പോയാല്‍ വീട്ടില്‍ ഞാനും മോളും തനിച്ചാകും. തൊട്ടടുത്ത മുറികളിലെ അദ്ധ്യാപകരുടെ കുട്ടികള്‍ ചിലപ്പോള്‍ കൂട്ടിന് വരും. ആരെങ്കിലും കരയാന്‍ തുടങ്ങിയാല്‍ ഞാന്‍ കവുങ്ങിന്റെ പാള എടുത്തു കൊണ്ടുവന്ന് അതിലിരുത്തി വലിക്കുമായിരുന്നു. അപ്പോള്‍ കുട്ടികള്‍ കരച്ചില്‍ നിര്‍ത്തും. പിന്നെ പലപ്പോഴും പാളവലിക്കല്‍ ജീവിതചര്യയായി മാറി. ചിലപ്പോഴോക്കെ കുട്ടികള്‍ പാളയില്‍നിന്ന് വീണിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.