പണിമുടക്ക് ജനങ്ങള്‍ തള്ളി: ബിജെപി

Friday 2 September 2016 10:51 pm IST

തിരുവനന്തപുരം: അനവസരത്തിലും അനാവശ്യവുമായി നടത്തിയ പണിമുടക്ക് ജനങ്ങള്‍ തള്ളിയതാണ് രാജ്യമെമ്പാടും കണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേരളത്തില്‍ മാത്രമാണ് പണിമുടക്ക് ഭാഗികമായെങ്കിലും നടന്നത്. അതുതന്നെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതിനാല്‍ ജനങ്ങള്‍ ഭീതിയോടെ വാഹനങ്ങള്‍ റോഡില്‍ ഇറക്കിയില്ലെന്നേയുള്ളൂ. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ പണിമുടക്ക് ആഹ്വാനത്തെ അവഗണിച്ചെന്നും കുമ്മനം പറഞ്ഞു. പണിമുടക്കിന് ഉന്നയിച്ച ആവശ്യങ്ങളെക്കാള്‍ അധികം ആനുകൂല്യങ്ങള്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. അത് കണക്കിലെടുത്ത് ബിഎംഎസ് പണിമുടക്കില്‍നിന്ന് പിന്‍മാറി. എന്നാല്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. കേരളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായില്ലെന്ന പരാതി ഗൗരവമുള്ളതാണ്. പണിമുടക്കാനുള്ള അവകാശങ്ങളെപോലെ തന്നെ പണിചെയ്യാനുള്ള അവകാശവുമുണ്ട്. കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.