പുണ്ഡലിക്കിന്റെ വഴിയെ മാര്‍ത്താണ്ഡവര്‍മ്മ!

Saturday 3 September 2016 5:43 pm IST

പ്രാകൃഷ്ടമായ സാഹിത്യകൃതിയെ അവലംബമാക്കിയാണ് മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമായി ചരിത്രം അടയാളപ്പെടുത്തുന്ന മാര്‍ത്താണ്ഡവര്‍മ്മ നിര്‍മിയ്ക്കപ്പെട്ടത്. വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും വിഗതകുമാരന്‍ ഒരു സാമൂഹ്യകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു എന്നാണ് നാമറിയുന്നത്. രണ്ടാമത്തെ ചിത്രമാവട്ടെ കേരള ചരിത്രത്തിലെ ഒരേടിന്റെ നാടകീയതമുറ്റി നില്‍ക്കുന്ന ഒരു പ്രമേയത്തെയാണ് അവലംബമാക്കിയത്. നിര്‍ഭാഗ്യമെന്നോ സ്വയംകൃതാനര്‍ത്ഥമെന്നോ ഏതു വിശേഷണമാണ് ഉപയോഗിക്കേണ്ടതെന്നറിയില്ല, വി.വി. റാവു സംവിധാനം ചെയ്ത ചിത്രത്തിന് ഒരൊറ്റ പ്രദര്‍ശനംകൊണ്ട് പ്രേക്ഷക പ്രത്യക്ഷത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു. അവലംബമാക്കിയ നോവലിന്റെ അനുമതി വാങ്ങാതെയായിരുന്നു ചലച്ചിത്രാവിഷ്‌കാരം. അതിനെതിരെ നോവലിസ്റ്റും പ്രസാധകരും നിയമനടപടികള്‍ സ്വീകരിച്ചു. കോടതി ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞു. പ്രിന്റ് കണ്ടുകെട്ടി. ബെന്‍ഹര്‍ എന്ന വിശ്രുത ചിത്രം ആദ്യം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മിച്ചപ്പോള്‍ ആ ചിത്രത്തിനും ഇതേ വിധിയുണ്ടായി. അന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ സമര്‍ത്ഥിച്ചത് ചലച്ചിത്രമാക്കുമ്പോള്‍ നോവലിന് അധികവിളംബരം ലഭിക്കുന്നതിനാല്‍ അതിന്റെ വില്‍പ്പന കൂടും; ആ നിലയ്ക്ക് നോവലിസ്റ്റും പ്രസാധകരും തങ്ങള്‍ക്ക് ഇങ്ങോട്ടാണ് വിഹിതം നല്‍കേണ്ടതെന്നായിരുന്നു. കോടതി ആ വാദം തള്ളി.ബാലിശമായ ഇതേ വാദം തന്നെയാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ വക്താക്കളില്‍ നിന്നുണ്ടായതെന്ന് കേട്ടിട്ടുണ്ട്. ഏതായാലും പതിറ്റാണ്ടുകള്‍ക്കുശേഷം മാര്‍ത്താണ്ഡവര്‍മ്മ ചിത്രത്തിന്റെ പ്രിന്റ് കണ്ടെടുത്തു. അത് അവലംബമാക്കി പ്രാമാണിക ചലച്ചിത്ര ചരിത്രകാരനും പുരോ ചലച്ചിത്ര പരിപാലനത്തിലെ ഭാരതത്തിലെ പ്രഥമാചാര്യനുമായിരുന്നു പി.കെ. നായര്‍ മുന്‍കൈയെടുത്ത് മാര്‍ത്താണ്ഡവര്‍മ്മയുടെ പുതിയൊരു പ്രിന്റ് ഡ്യൂപ് സാങ്കേതികതയുപയോഗിച്ചുണ്ടാക്കിയെടുത്ത ചിത്രത്തെ പുനഃപ്രദര്‍ശന സജ്ജമാക്കിയെടുത്തു. ആ വര്‍ഷത്തെ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളയില്‍ ഏറെ പ്രാധാന്യത്തോടെ ചിത്രം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചു. മലയാള ചലച്ചിത്ര ചരിത്രത്തിന്റെ ആദിപാദത്തിന്റെ ഒരേട് എന്നതുമാറ്റി നിറുത്തിയാല്‍ ചിത്രത്തിന് എന്തെങ്കിലും പ്രത്യേകതകളുണ്ടായതായി അനുഭവപ്പെട്ടില്ല. നാടകീയതകള്‍ നിറഞ്ഞതായിരുന്നു ഇതിവൃത്തം. പക്ഷേ ആ നാടകീയത സ്‌ക്രീനില്‍ കാണാനായില്ല. സംഭാഷണങ്ങളിലൂടെ കത്തിക്കയറുന്ന മുഹൂര്‍ത്തങ്ങള്‍ നിശ്ശബ്ദ സിനിമയില്‍ അനുഭവവേദ്യമാകണമെങ്കില്‍ സിനിമയ്ക്ക് പ്രാപ്യമായ ദൃശ്യവ്യാകരണത്തെ നൈപുണ്യത്തോടെ നിവേശിപ്പിക്കണം. Passion of Joan of Arc ന്റെ മൂലരൂപമായ നിശ്ശബ്ദ ഭാഷ്യം അതിന് ഉദാഹരണമെന്നാണ് പണ്ഡിത സാക്ഷ്യം. സ്‌ഫോടനാത്മകമായ സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന ആഖ്യാനഘടനയും വ്യാകരണാധിഷ്ഠിതമായെ സിനിമയില്‍ സംവേദനക്ഷമമാകൂ. കൊട്ടകയില്‍ കളിക്കുന്ന നാടകം കൂടുതല്‍ ലൈറ്റ് അപ്പ് ചെയ്ത് അതേപടി ഷൂട്ട് ചെയ്യുമ്പോള്‍ വ്യാകരണം ബലിയാടാകാതെ വയ്യ. ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ സാങ്കേതികതയോട് ശാസ്ത്രീയമായി പൊരുത്തപ്പെടാത്ത ചമയവേഷവിതാനങ്ങള്‍ കഥാപാത്ര സാന്നിദ്ധ്യം കെട്ടിക്കാഴ്ചയുടെ മോശം പകര്‍പ്പിന്റെ അലോസരം തീര്‍ത്തു. ചിത്രീകരിക്കപ്പെടുന്ന വസ്തുവും അതുകാണുന്ന കണ്ണിനെ പ്രതിനിധാനം ചെയ്യുന്ന ക്യാമറയും തമ്മിലുള്ള അകലത്തിലെ ഹ്രസ്വദൈര്‍ഘ്യങ്ങള്‍കൊണ്ടോ ആംഗിളുകളിലെ ഭേദാന്തരങ്ങള്‍കൊണ്ടോ കൈവരിക്കേണ്ട ചലച്ചിത്ര ഭാഷ ഈ ചിത്രത്തില്‍ അന്യമായിരുന്നു. മുഖദൃശ്യങ്ങളുടെ പകര്‍ച്ചയിലെ ഭാവാന്തരങ്ങള്‍ പ്രേക്ഷകന് അനുഭവപ്പെട്ടില്ല. അത്തരം വ്യാകരണ ഗ്രാഹ്യങ്ങള്‍ മലയാള സിനിമയ്ക്ക് പതിച്ചു നല്‍കുവാന്‍ കടം വാങ്ങി ക്ഷണിച്ചുവരുത്തിയ വി.വി. റാവുവിന്റെ സംവിധാനത്തിന് കഴിഞ്ഞില്ല.1933 ലാണ് മാര്‍ത്താണ്ഡവര്‍മ്മ പുറത്തിറങ്ങിയത്. എന്നാലോ അന്ന് കേരളത്തിന്റെ ഭാഗമായിരുന്ന നാഗര്‍കോവില്‍ ആസ്ഥാനമാക്കി ചിത്തിര ആര്‍ട്ട് പ്രൊഡക്ഷന്‍ എന്ന പേരില്‍ ചലച്ചിത്ര നിര്‍മാണ സ്ഥാപനം ഉണ്ടായിരുന്നുവെന്നും അവര്‍ 1931ല്‍ കേരളം മുഖ്യ വിപണിയാക്കി മാര്‍ത്താണ്ഡവര്‍മ്മ എന്ന പേരില്‍ ചരിത്രാധിഷ്ഠിത സിനിമ നിര്‍മിച്ചിരുന്നുവെന്നും ഡോ.ആര്‍. കെ.വര്‍മ്മ 1913 മുതല്‍ 1934 വരെ (ഫാല്‍ക്കെയുടെ ഭസ്മാസുര്‍ മോഹിനി(1913) തൊട്ട് എസ്.എന്‍.ദെണ്ഡെയുടെ ഖഡാന (1934)വരെയുള്ള നിശ്ശബ്ദ ചിത്രങ്ങളുടെ ഫിലിമോഗ്രഫിയായി ഡെറാഡൂണിലെ ഫിലിം സിറ്റി പ്രൊഡക്ഷന്‍സിന്റെ പബ്ലിക്കേഷന്‍ വിഭാഗത്തിനുവേണ്ടി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥത്തില്‍ കാണുന്നു. അതില്‍ സംവിധായകന്റെ പേര് നല്‍കിയിരിക്കുന്നത് വി.വി. റാവു എന്നതിനു പകരം പി.വി. റാവു എന്നാണ്. അനാദി, ദേവകി എന്നിവരായിരുന്നു മുഖ്യ അഭിനേതാക്കള്‍. അതേ വര്‍ഷം(1931) The Lost child എന്നൊരു ചിത്രം കൂടി ഈ കമ്പനി നിര്‍മിക്കുകയുണ്ടായി. പിന്നീടവര്‍ നിശ്ശബ്ദ സിനിമയുടെ കാലത്തു രംഗത്തു തുടര്‍ന്നില്ല. ഡോ.ആര്‍.കെ.വര്‍മ്മ പരാമര്‍ശിക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ തന്നെയാണ് രണ്ടാമത്തെ ചിത്രമായി കണക്കാക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ എന്നുവരാം. നിര്‍മാണവര്‍ഷം അപ്പോള്‍ 1931 ഓ 1933 ഓ? സംവിധായകന്‍ റാവുവിന്റെ ഇനീഷ്യല്‍ പി.വി.യോ വി.വി. യോ? ശാസ്ത്രീയമായ ശ്രദ്ധയോടെയുള്ള ചരിത്രലേഖനം ശീലിക്കും മുമ്പുള്ള നാളുകളിലെ ലിഖിതങ്ങള്‍ പകര്‍ത്തുമ്പോള്‍ കൈപ്പിഴ സ്വാഭാവികം; ഏതാണു ശരി എന്ന സന്ദേഹം തുടരുന്നു. 1913 ലാണ് രാജാഹരിശ്ചന്ദ്ര നിര്‍മിക്കപ്പെട്ടത്. 3700 അടിയായിരുന്നു അതിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ റിലീസിനോടൊത്ത്. The Bombay Chronicle ല്‍ വന്ന പരസ്യത്തിന്റെ അടിക്കുറിപ്പില്‍ ദാദാ സാഹിബ് ഫാല്‍ക്കെയെ ഭാരതത്തിലെ ആദ്യത്തെ Producer-Director-Writer-cinematographer എന്നാണ് വിശേഷിപ്പിച്ചു കാണുന്നത്. അതിന്റെ തലേവര്‍ഷം ഛായാഗ്രാഹകനായ ജോണ്‍സന്റെയും ആര്‍.പി.ടിപ്നിസിന്റെയും സഹകരണത്തോടെ നാരായന്‍ ഗോബിന്ദ് ചിത്രെ, ദാദാസാഹിബ് ടോര്‍ണെ (രാമചന്ദ്ര ടോര്‍ണെ)യുടെ സംവിധാനത്തില്‍ 8000 അടി ദൈര്‍ഘ്യത്തില്‍ പുണ്ഡലിക എന്ന ചിത്രം നിര്‍മിച്ചിരുന്നതായി നാം വായിക്കുന്നു. പ്രശസ്തമായ ഒരു തിയറ്റര്‍ ഗ്രൂപ്പ് വിജയകരമായി അവതരിപ്പിച്ചുവന്ന വിഖ്യാതമായ നാടകാവതരണത്തിന്റെ മുമ്പില്‍ ക്യാമറയും പ്രകാശവിതാനങ്ങളും കൊണ്ടുനിരത്തി സിനിമയായി പകര്‍ത്തിയാണ് പുണ്ഡലിക് നിര്‍മിക്കപ്പെട്ടത്. രാജാഹരിശ്ചന്ദ്രയുടെ ദൈര്‍ഘ്യം അതിന്റെ പകുതിയില്‍ താഴെയായിരുന്നു. (ഇന്നത്തെ തോതിന് രാജാ ഹരിശ്ചന്ദ്ര ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ പെടുത്തുമായിരുന്നോ!) എന്നാല്‍ രാജാഹരിശ്ചന്ദ്രയില്‍ ചാര്‍ത്തപ്പെട്ട വിശേഷണങ്ങള്‍ പുണ്ഡലിക്കിന് നല്‍കിക്കാണുന്നില്ല. ദൈര്‍ഘ്യമോ ചിത്രം നിര്‍മിക്കപ്പെട്ട വര്‍ഷമോ മാത്രമായിരുന്നില്ല ചരിത്ര പരിഗണനയില്‍ മാനദണ്ഡം. 1898 ല്‍ The Flower of Persia തൊട്ട് 1913 ല്‍ രാജാഹരിശ്ചന്ദ്ര നിര്‍മിക്കപ്പെട്ട കാലയളവുവരെ ഇറങ്ങിയ മറ്റു ചിത്രങ്ങള്‍ക്ക് രാജാഹരിശ്ചന്ദ്രയ്ക്ക് ലഭിച്ച പരിഗണന ലഭിച്ചിട്ടില്ല. അതിനര്‍ത്ഥം അന്നോളമുള്ള ചിത്രങ്ങളില്‍ കാണാതിരുന്ന രൂപപരമായ മാധ്യമദീക്ഷ ആ ചിത്രത്തിലാണ് ഭാരതത്തിലാദ്യമായി അനുഭവവേദ്യമായതെന്നുകൂടിയാവാം. ഭാരതത്തിന് പുറത്തും രാജാഹരിശ്ചന്ദ്ര സ്വാഗതം ചെയ്യപ്പെട്ടുവെങ്കില്‍ കാരണം മറ്റൊന്നാവില്ല. ദേശീയ ചലച്ചിത്ര ചരിത്ര രചനയില്‍ നിഷ്ഠാപൂര്‍വം നിഷ്‌കര്‍ഷിക്കപ്പെട്ട ഈ നിബന്ധന, മാനദണ്ഡം, മലയാള സിനിമയുടെ ചരിത്രത്തില്‍ ദീക്ഷിയ്ക്കപ്പെട്ടോ എന്ന സന്ദേഹത്തിന് ഈ പരിവൃത്തത്തിലാണ് പ്രസക്തി.വിഗതകുമാരനെ ഈ മാനദണ്ഡമുപയോഗിച്ചു വിലയിരുത്തുവാന്‍ ചിത്രം ലഭ്യമല്ല. ലഭ്യമായത് മാര്‍ത്താണ്ഡവര്‍മ്മയാണ്. ഈ അദ്ധ്യായത്തിന്റെ പൂര്‍വപാദത്തില്‍ ചര്‍ച്ച ചെയ്ത നിരീക്ഷണങ്ങള്‍ ചിത്രത്തിന്റെ അപ്രകാരമുള്ള അംഗീകാരത്തെ എത്രമാത്രം സാധൂകരിക്കുന്നു? പുണ്ഡലിക്കിന്റേതില്‍നിന്ന് എത്ര വ്യത്യസ്തമായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ ചിത്രീകരണ രീതി! ദേശീയ സംസ്ഥാന സമീപനങ്ങളില്‍ രണ്ടുവിധം അളവുമാത്ര എന്ന് ശഠിക്കാനാവില്ല. ഏതായാലും വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മ്മയ്ക്കും അയോഗ്യത കല്‍പ്പിച്ച് മൂന്നാമത്തെ ചിത്രവും മലയാളത്തിലെ ആദ്യ ശബ്ദ ചിത്രവുമായ ബാലനെ ആദ്യ ചിത്രമായി പ്രതിഷ്ഠിക്കുവാനുള്ള ശ്രമമായി ഈ നിരീക്ഷണത്തെ കാണരുത്. ചരിത്രം യാഥാര്‍ത്ഥ്യത്തോടു ചേര്‍ന്നുവേണം അടിത്തറയുറപ്പിക്കാന്‍ എന്ന മാധ്യമ പ്രതിബദ്ധത മാത്രമാണ് ഈ സന്ദേശ പ്രകാശത്തിന് പുറകില്‍. അടുത്തലക്കം: മലയാള സിനിമ സംസാരിച്ചു തുടങ്ങുന്നു!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.