പിണറായിയുടെ നാമത്തില്‍

Saturday 3 September 2016 10:08 pm IST

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും 'ഗണ്‍മോന്‍' സലീംരാജുമൊക്കെ നിറഞ്ഞുനിന്ന കാലത്താണ് കടകംപള്ളിയെന്ന പേര് നാട്ടുകാര്‍ കേള്‍ക്കുന്നത്. പിന്നിപ്പോള്‍ ആര്‍എസ്എസുകാരെ മൂടോടെ ഇല്ലാതാക്കാന്‍ കടകംപള്ളിക്കാരന്‍ സുരേന്ദ്രന്‍ മന്ത്രിക്കുപ്പായമിട്ട് ഇറങ്ങിയപ്പോഴാണ് ആ പേര് വീണ്ടും നിറയുന്നത്. ഉമ്മന്‍ചാണ്ടിയും ഗണ്‍മോനുമൊക്കെ ഭൂമികുംഭകോണം പൊലിപ്പിക്കുമ്പോള്‍ ഇപ്പറഞ്ഞ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ ജില്ലാസെക്രട്ടറിയായിരുന്നു. കടകംപള്ളി ഭൂമിയിടപാടില്‍ വലിയ സമരകോലാഹലങ്ങള്‍ നാടെമ്പാടും നടന്നിട്ടും അവിടെങ്ങും കടകംപള്ളിക്കാരന്‍ സുരേന്ദ്രന്റെ നിഴലുപോലും കാണാതിരുന്നതിനുപിന്നില്‍ കോണ്‍ഗ്രസ്-സിപിഎം പങ്കാളിത്ത ജനാധിപത്യത്തിന്റെ ഒരു സൂചനയുണ്ടെന്ന ആരോപണം അന്ന് തപ്പരകക്ഷികള്‍ ഉയര്‍ത്തിയിരുന്നതാണുതാനും. ക്ലിഫ്ഹൗസ് ഉപരോധകാലത്ത് പാര്‍ട്ടിയെ ആട്ടാനിറങ്ങിയ വീട്ടമ്മയെ തിരിച്ചാട്ടിയ പാര്‍ട്ടി സീനുകളില്‍ ശിവന്‍കുട്ടിയുടെ നിഴലും വാലുമായി താടിയുള്ള സുരേന്ദ്രനെ കണ്ടവരുണ്ട്. എന്തായാലും നേമത്തുവീണ് വാലുമുറിഞ്ഞ ശിവന്‍കുട്ടിയുടെ നിഴലില്‍നിന്ന് മാറിനടക്കാനാണ് ഇപ്പോള്‍ കടകംപള്ളിയുടെ നീക്കം. അതിന് ശിവന്‍കുട്ടിയേക്കാള്‍ മുന്തിയ തോതില്‍ വിവരക്കേടുണ്ടാവണം. അത് മാര്‍ക്‌സിസ്റ്റ് ദൈവങ്ങള്‍ സഹായിച്ച് വേണ്ടുവോളം കിട്ടിയിട്ടുണ്ട് എന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ സുരേന്ദ്രന്‍. വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പും പാര്‍ട്ടിയുടെ മുന്‍സംസ്ഥാനസെക്രട്ടറി മുന്‍ ജില്ലാ സെക്രട്ടറിക്ക് വെച്ചുനീട്ടിയതിന്റെ പൊരുളിപ്പോഴാണ് പിടികിട്ടുന്നത്. ജനം വോട്ട് ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെയാക്കിയിട്ടും മാര്‍ക്‌സിസ്റ്റ് മതത്തിന്റെ കെട്ട് വിട്ട മട്ടില്ല മുന്‍പാര്‍ട്ടിസെക്രട്ടറിമാരുടെ നിലപാടുകള്‍ക്ക.് കൃഷ്ണന്‍കുട്ടിയുടെയും ഭഗവതിക്കുട്ടിയുടെയും മകനായാണ് ജനിച്ചതെങ്കിലും സുരേന്ദ്രന്‍ സഖാവ് മാര്‍ക്‌സിസ്റ്റ് മതത്തില്‍ ചേര്‍ന്നതില്‍പിന്നെ കൃഷ്ണന്റെയും ഭഗവതിയുടെയുമൊന്നും പരിസരത്തേക്ക് എത്തിനോക്കിയിട്ടുപോലുമില്ല. പാര്‍ട്ടിയിലുള്ള വിശ്വാസം മാത്രമാണ് വിശ്വാസമെന്നും മറ്റുള്ളതെല്ലാം അന്ധവിശ്വാസമാണെന്നുമാണ് സുരേന്ദ്രന്റെ മതവിശ്വാസം സുരേന്ദ്രനെ പഠിപ്പിച്ചത്. കൃഷ്ണനും ഭഗവതിയുമൊക്കെ വാണരുളുന്ന അമ്പലങ്ങള്‍ അതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങളുടെ ആലയങ്ങളാണ്. 'ഒരു അമ്പലം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം തകര്‍ന്നു' എന്ന സി. കേശവന്റെ വികടോക്തി മാര്‍ക്‌സിസ്റ്റ് സുവിശേഷക്കാര്‍ക്ക് പ്രിയങ്കരമായത് അങ്ങനെയാണ്. ക്ഷേത്രങ്ങള്‍ നശിപ്പിച്ച് കപ്പ നടണമെന്നുവരെ പറഞ്ഞുകളഞ്ഞു ചില സിപിഎം താലിബാനികള്‍. ഒരു തലമുറയെ മുഴുവന്‍ 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാ'ണെന്നും അതിന് അടിപ്പെടരുതെന്നും ഉപദേശിക്കുകയും പകരം ചെഗുവേരിയന്‍ പുകച്ചുരുളുകളില്‍ അഭിരമിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. തളിക്ഷേത്രസമുദ്ധാരണത്തിന് സമരക്കൊടി ഉയര്‍ത്തിയ കെ. കേളപ്പനെ അസഭ്യം പറഞ്ഞു. വധിക്കാന്‍ ഗൂഢാലോചന നടത്തി. രാമായണവും മഹാഭാരതവും കത്തിക്കണമെന്ന് തെരുവില്‍ ആക്രോശിച്ചു. ചന്ദനക്കുറി തൊടുന്നത് പിന്തിരിപ്പനെന്ന് പുരോഗമനപ്രസംഗം നടത്തി. ഭരിക്കാന്‍ കയറിയ കാലത്തൊക്കെ ക്ഷേത്രസങ്കേതങ്ങള്‍ക്കെതിരെ സങ്കുചിത നീക്കങ്ങള്‍ നടത്തി. പള്ളിക്കൂടപ്പിള്ളേര്‍ക്ക് പഠിക്കാന്‍ നല്‍കിയ അക്കിത്തത്തിന്റെ കവിതയില്‍ നിന്ന് മതവര്‍ഗീയത ആരോപിച്ച് അമ്പാടിക്കണ്ണനെ വെട്ടിമാറ്റി. സന്യാസിമാരെയും ആദ്ധ്യാത്മികാചാര്യന്മാരെയും തെരുവുഗുണ്ടകളെ അഴിച്ചുവിട്ട് അപമാനിച്ചു. ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയുമൊക്കെ ഇവറ്റകള്‍ അധിക്ഷേപിച്ചതിനും കുരിശിലേറ്റിയതിനും കഴുത്തില്‍ കയറിട്ടുവലിച്ചതിനും സമീപകാലകാഴ്ചകള്‍തന്നെ തെളിവുനല്‍കും. ഹിന്ദുവിന്റെ സംസ്‌കാരത്തെയും പുരാണത്തെയും ജീവിതത്തെയും തെരുവിലിട്ട് തൊലിയുരിക്കാന്‍ തെരുവുനാടകങ്ങള്‍ മുതല്‍ കൊഞ്ജാണപ്രസംഗങ്ങള്‍ വരെ അരങ്ങേറി. മാര്‍ക്‌സിസ്റ്റ് മതാധിപത്യത്തിന്‍കീഴില്‍ ചുടലപ്പറമ്പായിപ്പോകും ക്ഷേത്രാങ്കണങ്ങള്‍ എന്ന് സ്വപ്‌നം കാണാന്‍ പാകത്തിന് അന്ധവിശ്വാസികളായിമാറി മാര്‍ക്‌സിസം എന്ന മതഭീകരപ്രത്യയശാസ്ത്രക്കാരന്‍. അവിടേക്കാണ് കടകംപള്ളിക്കാരന്‍ ഇപ്പോള്‍ ഇല്ലാതാക്കിക്കളയും എന്ന് വീമ്പിളക്കുന്ന ആര്‍എസ്എസുകാരന്റെ വരവ്. തച്ചുതകര്‍ക്കപ്പെടുകയും അനാഥമാക്കപ്പെടുകയും ചെയ്ത ക്ഷേത്രസങ്കേതങ്ങള്‍ അവന്‍ വൃത്തിയാക്കി. വിളക്കുവെച്ചു. കാലങ്ങളോളം അവിടെ നിത്യസാധന നടത്തി. ക്ഷേത്രങ്ങളില്‍ ഭക്തരെത്തി. അവ പുനരുദ്ധരിക്കപ്പെട്ടു. ടിപ്പുവിന്റെ മതവെറിയില്‍ തകര്‍ക്കപ്പെട്ടുപോയ ക്ഷേത്രങ്ങള്‍വരെ തൊഴുതുണര്‍ന്നെഴുന്നേറ്റു. കേളപ്പജിയുടെ നേതൃത്വത്തില്‍ ക്ഷേത്രസംരക്ഷണസമിതിയും സ്വാമി ചിന്മയാനന്ദന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദുപരിഷത്തുമുണ്ടായി. മാര്‍ക്‌സിസ്റ്റുകാരന്‍ അമ്പലപ്പറമ്പില്‍ നട്ടുകിളിര്‍പ്പിച്ച് പുഴുങ്ങിത്തിന്നാന്‍ മോഹിച്ച കപ്പക്കമ്പുകള്‍ കാവിക്കൊടി പാറുന്ന കൊടിക്കമ്പുകളായി നിരത്തില്‍ നിറഞ്ഞു. അവര്‍ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ക്ഷേത്രസങ്കേതങ്ങളില്‍നിന്ന് ഹിന്ദുനവോത്ഥാനത്തിന്റെ അലയൊലി ഉയര്‍ന്നു. അമ്മമാരും കുഞ്ഞുങ്ങളും ജന്മാഷ്ടമി ശോഭായാത്രകളുമായി തെരുവിലിറങ്ങി. രാമായണമാസാചരണം സാമൂഹ്യോത്സവമായി. വിഷുവും തൃക്കാര്‍ത്തികയും മടങ്ങിവന്നു. ഹിന്ദുസംഗമങ്ങള്‍ വ്യാപകമായി. ജാതിപറഞ്ഞ് ഭിന്നിപ്പിച്ചവര്‍ക്കെതിരെ ഹിന്ദു ഒന്നിച്ചു. വിശാലഹിന്ദുസമ്മേളനത്തില്‍ തുടങ്ങി ഹിന്ദുഐക്യവേദി വരെ ജാതിക്കതീതമായ ഹിന്ദുഏകതയുടെ അടയാളങ്ങളായി തെളിഞ്ഞുനിന്നു. ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ സിപിഎം കുറുനരികള്‍ നാവുനുണഞ്ഞ് കാത്തിരിക്കുന്ന ഈ ക്ഷേത്രസമ്പത്തുകള്‍ 'കാക്ക' കൊത്തിപ്പോകുമായിരുന്നുവെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇപ്പോള്‍ ആര്‍എസ്എസ് ശാഖകള്‍ ക്ഷേത്രസങ്കേതങ്ങളില്‍ നിന്ന് ഇല്ലാതാക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഫത്വ പുറപ്പെടുവിക്കുമ്പോള്‍ അത് ക്ഷേത്രങ്ങള്‍ക്കെതിരായ മാര്‍ക്‌സിസ്റ്റ് പ്രഖ്യാപനമാണെന്ന് കാണാന്‍ സാമാന്യബുദ്ധി മതി. ആര്‍എസ്എസിനെ ഒഴിവാക്കിയാല്‍ ക്ഷേത്രസമ്പത്ത് കൊള്ളയടിക്കാമെന്ന കുടിലബുദ്ധി. 'ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട്, ആയുധപ്പുര...' തുടങ്ങിയെന്തെല്ലാം വാദമുഖങ്ങളാണ് കടകംപള്ളി സുരേന്ദ്രനും കൂട്ടരും ഉയര്‍ത്തുന്നത്. മാര്‍ക്‌സിസ്റ്റുകാരന്‍ അമ്പലത്തില്‍ കയറുന്നത് ഭക്തജനസംരക്ഷണത്തിനാണെന്ന് നമ്മള്‍ മലയാളികള്‍ വിശ്വസിച്ചോണമെന്നാണ് തിട്ടൂരം. ലളിതാസഹസ്രനാമത്തെക്കുറിച്ച് മഹാകവി കൊഞ്ജാണന്റെ സുവിശേഷപ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ കേട്ട മലയാളിയോടുതന്നെ ഇതുപറയണം. ജീവിതത്തിലാദ്യമായി ശബരിമലയിലേക്ക് പോയ പിണറായിക്ക് അവിടെയും തൊട്ടിപ്പിരിവിനുള്ള വഴിയേ കാണാനായുള്ളൂ എന്ന് തിരിച്ചറിഞ്ഞ മലയാളിയോടുതന്നെ ഇതു പറയണം. ഇത് ഒരു മനോരോഗമാണ്. ഒരു ആര്‍എസ്എസ് സിന്‍ഡ്രോം. മലയാള മനോരമ, മംഗളം ആദി ആഴ്ചപ്പതിപ്പുകള്‍ മലയാളസാഹിത്യത്തിന് നല്‍കിയ എമണ്ടന്‍ സംഭാവനകളിലൊന്നായ മഹാകവി കൊഞ്ജാണന്‍ മുതല്‍ അദ്ധ്യാപകനാകാന്‍ കുപ്പായം തയ്ച്ച പിണറായി വരെയുള്ള കടകംപള്ളിയുടെ മിക്കവാറും സഹപ്രവര്‍ത്തകര്‍ ഈ രോഗത്തിന് അടിമകളാണ്. പിണറായിക്ക് ദൈവത്തിലല്ല, പ്രേതത്തിലാണ് വിശ്വാസം. കുട്ടിക്കാലത്ത് പുരാണം വായിച്ചുകൊടുത്ത് ശീലമുണ്ടായിട്ടും ദൈവം മനസ്സില്‍ കയറിയില്ലത്രെ. അമ്മ പറഞ്ഞ കഥകളില്‍ നിന്ന് കേട്ടറിഞ്ഞ പ്രേതത്തെപ്പേടിച്ച് കിടക്കയില്‍ മുള്ളിയിട്ടുണ്ട് മുഖ്യന്‍. പേടിമാറ്റാന്‍ ഇേദ്ദഹം ചെയ്തത് ദുര്‍മരണങ്ങള്‍ കാണാന്‍ പോവുകയും മരിച്ചുകിടക്കുന്ന ആളുകളുടെ ശരീരത്തില്‍ തൊടുകയുമൊക്കെയായിരുന്നു. ശവം കണ്ടും തൊട്ടും ശീലമാക്കിയ ബാല്യകാലമാണ് മുഖ്യമന്ത്രിയുടേത്. ഒരു മനോവൈകൃതമാണിത്. ചിലര്‍ ചിലരെ ആരാധിച്ചാരാധിച്ച് അവരെപ്പോലെയായിത്തീരുമെന്ന് ഒരു ചൊല്ലുണ്ട്. യഥാ പിണറായി തഥാ കടകംപള്ളി എന്നതുപോലെ....