സിപിഎമ്മിലെ പ്രമുഖ നേതാക്കള്‍ സിപിഐയിലേക്ക്

Saturday 3 September 2016 10:23 pm IST

എരുമേലി: മുക്കൂട്ടുതറ, എരുമേലി സിപിഎം ലോക്കല്‍ കമ്മറ്റികളുടെ തര്‍ക്കം രൂക്ഷമാകുന്നതിന്റെ സൂചന നല്‍കി എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ പ്രമുഖ സിപിഎം നേതാക്കളടക്കം അഞ്ഞൂറോളം പേര്‍ സിപിഐ ലേക്ക് പോകാനൊരുങ്ങുന്നു. ഇതിന്റെ പ്രാഥമിക നടപടി എന്ന നിലയില്‍ മുക്കൂട്ടുതറ, എരുമേലി ലോക്കല്‍ കമ്മറ്റികളിലുണ്ടായിരുന്ന പ്രമുഖ നേതാക്കളാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റിയുടെ ശക്തമായ എതിര്‍പ്പിനെ തള്ളിയാണ് എരുമേലി ലോക്കല്‍ കമ്മറ്റിയുടെ പിന്തുണയോടെ റ്റി. എസ്. കൃഷ്ണകുമാറിനെ ജില്ലാ നേതൃത്വം പഞ്ചായത്ത് പ്രസിഡന്റാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ചില സിപിഎം നേതാക്കള്‍ രംഗത്തു വന്നുവെങ്കിലും എരുമേലി ലോക്കല്‍ കമ്മറ്റിയിലെ അംഗങ്ങളും പ്രവര്‍ത്തകരും ലോക്കല്‍ കമ്മറ്റിയില്‍ നിന്നും, പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുമെന്ന ഭീഷണി ജില്ലാനേതൃത്വത്തെ അന്ന് സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ മുമ്പ് നിരവധി തവണ അവസരങ്ങള്‍ നഷ്ടപ്പെട്ട കൃഷ്ണകുമാറിനെ തന്നെ പ്രസിഡന്റാക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കി തിരിച്ചടിക്കാനാണ് മുക്കൂട്ടുതറ ലോബി ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ വന്‍ പരാജയവും കൃഷ്ണകുമാറിന്റെ വന്‍ ഭൂരിപക്ഷവുമാണ് മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റിക്ക് അന്ന് തിരിച്ചടിയായത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ചര്‍ച്ചക്കിടെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന പി.എ ഇര്‍ഷാദിനെ പ്രസിഡന്റാക്കാനുള്ള നീക്കം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിയതോടെ മൂക്കന്‍പെട്ടി വാര്‍ഡംഗമായിരുന്ന സോമനെ പ്രസിഡന്റാക്കണമെന്നും മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇതും എരുമേലി കമ്മറ്റിയുടെ ഭീഷണിയെ തുടര്‍ന്ന് തള്ളുകയായിരുന്നു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ സിപി ഐലെ രണ്ട് അംഗങ്ങള്‍ വോട്ട് ചെയ്യാതെ മാറി നിന്നതും ഇതിന്റെ ഭാഗമാണന്നും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം കൊടിത്തോട്ടത്തെ മാലിന്യ സംസ്‌ക്കര പ്ലാന്റിന്റെ പുക കുഴല്‍ തകര്‍ന്നു വീണ സംഭവം പാര്‍ട്ടി കമ്മറ്റികളില്‍ പഞ്ചായത്തിനെതിരെയുള്ള ചര്‍ച്ചയാക്കി, ഭരണത്തെ മോശമായി ചിത്രീകരിക്കാനുള്ള നീക്കത്തോടൊപ്പം പാര്‍ട്ടി വിടുമെന്ന തന്ത്രവും കൂടി പയറ്റാനാണ് ഇപ്പോഴത്തെ ലോബിയുടെ ശ്രമമെന്നും പറയുന്നു. ഗ്രാമപഞ്ചായത്ത് ഭരണ സ്തംഭനത്തില്‍ പ്രതിഷേധിച്ച് സിപി എം നേതാക്കളും അണികളും സിപിഐലേക്ക് പോകുമെന്ന സമ്മര്‍ദ്ദതന്ത്രം ഒരുക്കി ജില്ല നേതൃത്വത്തെ വീണ്ടും വെട്ടിലാക്കാനുള്ള രഹസ്യ നീക്കമാണിതെന്നും, ഇതിനായി അസംതൃപ്തരായ പല നേതാക്കളേയും സംഘടിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. എരുമേലി മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റികളുടെ അധികാര തര്‍ക്കം പഞ്ചായത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്നും അതോടെ പാര്‍ട്ടിയുടെ ജനസ്വാധീനം തകരുമെന്നും അണികളും പറയുന്നു. എന്നാല്‍ പാര്‍ട്ടിയിലേക്ക് ചിലര്‍ വരുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും വിശദവിവരങ്ങള്‍ പിന്നീട് പറയുമെന്നും സിപിഐ മുണ്ടക്കയം ഏരിയ സെക്രട്ടറി പ്രമദ് 'ജന്മഭൂമി' യോട് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു നീക്കവും പാര്‍ട്ടിയില്‍ നടക്കുന്നതായി അറിയില്ലന്നും എരുമേലി സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ ബാബു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.