ജി 20യില്‍ അഴിച്ചുപണി വേണം: മോദി

Sunday 4 September 2016 11:14 pm IST

ഹാങ്ഷു (ചൈന): ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍, പ്രമുഖ രാജ്യങ്ങളുടെ സംയുക്ത വേദിയായ ജി 20 യില്‍ നയപരമായ അഴിച്ചുപണികള്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 സാമ്പത്തിക ഉച്ചകോടിയുടെ തുടക്ക ദിവസം ഭാരതത്തിന്റെ നിലപാട് അവതരിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. ''ലോകം രാഷ്ട്രീയ മേഖലയില്‍ സങ്കീര്‍ണമായ സ്ഥിതിയും സാമ്പത്തിക വെല്ലുവിളിയും നേരിടുന്ന വേളയിലാണ് നാം ഒന്നിച്ചിരിക്കുന്നത്. തുറന്ന ചര്‍ച്ചകള്‍കൊണ്ടുമാത്രമായില്ല, ലക്ഷ്യംവെച്ച്, സംയുക്തമായ, കര്‍മ്മ പദ്ധതി ആധാരമാക്കിയുള്ള നടപടികളാണ് ജി 20യുടെ ഇപ്പോഴത്തെ ആവശ്യം,'' മോദി പറഞ്ഞു. ഭാരതം ഈ രംഗത്ത് ആസൂത്രണം ചെയ്ത പദ്ധതികള്‍ ഉദാഹരണമായി മോദി വിവരിച്ചു: ''സാമ്പത്തിക സംവിധാനം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. ആഭ്യന്തര ഉല്‍പ്പാദനം കുട്ടി. അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ചു. മനുഷ്യവിഭവ ശക്തി സമാഹരിച്ചു. നമുക്ക് പൊതുവെല്ലുവിളിയാണ്; അവസരവും. സാങ്കേതികതയും യന്ത്രസംവിധാനങ്ങളും ഡിജിറ്റല്‍ വിപ്ലവവുമാണ് ആഗോളവളര്‍ച്ചയുടെ അടിത്തറ.'' ജി 20 യുടെ ഏതു പരിപാടികളും ജനകേന്ദ്രിതമായിരിക്കണമെന്ന് മോദി പറഞ്ഞു. കണ്ടുപിടിത്തങ്ങള്‍ക്ക് അതിര്‍ത്തിവിലക്കു മാറ്റുക, ജനങ്ങളുടെ പ്രവര്‍ത്തക നൈപുണ്യം ആഗോളതലത്തില്‍ നിലവാരമുറ്റതാക്കുക, മോദി പറഞ്ഞു. പരസ്പരം ബഹുമാനിക്കാം: ഭാരതം, ചൈന ഹാങ്ഷു (ചൈന): ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങളെ പരസ്പരം ബഹുമാനിക്കാമെന്ന് ചൈനയോടു ഭാരതം. പരിഗണിക്കുകയും മാനിക്കുകയും ചെയ്ത് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് ചൈന. ജി 20 ഉച്ചകോടിയുടെ ഭാഗമായി തമ്മില്‍ കണ്ടപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനാ പ്രസിഡന്റ് സീ ജിന്‍പിങ്ങിനോട് പറഞ്ഞത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വിശദീകരിച്ചു. ഭാരതവും ചൈനയും തമ്മിലുള്ള പാരസ്പര്യം ഇരു രാജ്യങ്ങള്‍ക്കു മാത്രമല്ല, ലോകത്തിനാകെയും മേഖലയക്കു പ്രത്യേകിച്ചും സുപ്രധാനമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇരുകൂട്ടരുടെയും താല്‍പര്യങ്ങള്‍ പരിഗണിക്കുകയും മാനിക്കുകയും ചെയ്ത് തര്‍ക്കവിഷയങ്ങള്‍ യഥാവിധി കൈകാര്യം ചെയ്യുകയും വേണമെന്ന് ചൈനാ പ്രസിഡന്റ് സീ ജിന്‍പിങ് അഭിപ്രായപ്പെട്ടെന്ന് ചൈനാ വിദേശമന്ത്രാലയം വെളിപ്പെടുത്തി. കിര്‍ഗിസ്ഥാനിലെ ചൈനാ എംബസിയിലുണ്ടായ ഭകീരാക്രമണത്തില്‍ അനുശോചനമറിയിച്ച മോദി, ഭാരതം മാത്രമല്ല, ചൈന, റഷ്യ തുടങ്ങി എല്ലാ രാജ്യങ്ങളും അയല്‍ രാജ്യത്തിനുന്ന് ഭീകരതയുടൈ ദോഷം അനുഭവിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. അരമണിക്കൂര്‍ കൂടിക്കാഴ്ചയായിരുന്നു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് ഇരുവരും തമ്മില്‍ കാണുന്നത്. ചൈനാ വിവര്‍ത്തകന്‍ മോദിക്ക് സമ്മാനം നല്‍കി ബീജിങ്: ഭഗവദ് ഗീതയും യോഗ സൂത്രവും അടക്കം പത്ത് പൗരാണിക ഭാരതീയ ഗ്രന്ഥങ്ങള്‍ ചൈനീസ് ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത പ്രൊഫ. വാങ് പ്രധാനമന്ത്രി മോദിയെ കണ്ടു. താന്‍ വിവര്‍ത്തനം ചെയ്ത എല്ലാ കൃതികളുടെയും കവര്‍ പേജുകള്‍ ഫ്രെയിം ചെയ്താണ് മോദിക്ക് സമര്‍പ്പിച്ചത്. മോദിയും ഒബാമയും കൂടിക്കണ്ടു ഹാങ്ഷു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മില്‍ കണ്ടു. ജി 20 ഉച്ചകോടിക്കിടെ ഇരുവരും അഭിവാദ്യം അര്‍പ്പിച്ചു. ഔദ്യോഗിക കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ല. ചൈനാ പ്രധാനമന്ത്രി സിന്‍ ജിന്‍പിങ്ങ്, ദൗദി രാജകുമാരന്‍ മൊഹമ്മദ് സല്‍മാന്‍ എന്നിവരേയും കണ്ടിരുന്നു. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.