ജീവിത യാഥാര്‍ത്ഥ്യം

Saturday 10 March 2012 11:39 pm IST

ലോകത്തില്‍ സുഖം വര്‍ദ്ധിപ്പിക്കാന്‍ നമുക്ക്‌ കഴിയില്ല. അതുപോലെ ദുഃഖം വര്‍ധിപ്പിക്കാനും കഴിയില്ല. ലോകത്ത്‌ പ്രകടമാകുന്ന സുഖദുഃഖശക്തികളുടെ ആത്ത്ക എക്കാലത്തും ഒന്നുതന്നെ. നാമതിനെ ഈ വശത്തുനിന്ന്‌ ആ വശത്തേക്കും, ആ വശത്തുനിന്ന്‌ ഈ വശത്തേക്കും ഉന്തിനീക്കുന്നു. എന്നാല്‍ അതിന്റെ ആകെത്തുകയ്ക്ക്‌ മാറ്റമില്ല; കാരണം, മാറ്റമില്ലാതിരിക്കുക എന്നുള്ളത്‌ അതിന്റെ സാക്ഷാത്‌ പ്രകൃതിയാകുന്നു. ഈ ഏറ്റവും ഇറക്കും ഈ ഉയര്‍ച്ചയും താഴ്ചയും ലോക പ്രകൃതിയില്‍ തന്നെ ഉള്ളതാകുന്നു. അത്‌ മറ്റ്‌ വിധത്തിലാകാം എന്ന്‌ വിചാരിക്കുന്നത്‌ മരണമില്ലാതെ ജീവിതമുണ്ടാകും എന്ന്‌ പറയുന്നത്ര മാത്രമേ യുക്തിയുക്തമായിരിക്കൂ. അത്‌ ശുദ്ധമേ അസംബന്ധം; കാരണം, ജീവിതമെന്ന ആശയത്തില്‍ത്തന്നെ മരണമെന്നതും അന്തര്‍ഭവിച്ചിരിക്കുന്നു. അതുപോലെ സുഖമെന്ന ആശയത്തില്‍ തന്നെ ദുഃഖമെന്നതും അന്തര്‍ഭവിച്ചിട്ടുണ്ട്‌. വിളക്ക്‌ നിരന്തരം കത്തിയെരിഞ്ഞ്‌ അണയുന്നഘട്ടത്തെ സമീപിക്കുന്നു; അതാണ്‌ അതിന്റെ ജീവിതമെന്ന്‌ പറയുന്നത്‌. നിങ്ങള്‍ക്ക്‌ ജീവിതം വേണമെങ്കില്‍ അതിനുവേണ്ടി നിങ്ങള്‍ ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കണം. ഒരേ വസ്തുവിന്‌ വിഭിന്നവീക്ഷണസ്ഥാനങ്ങളില്‍ നിന്നുനോക്കുമ്പോള്‍ കാണപ്പെടുന്ന വിഭിന്നഭാവങ്ങള്‍ മാത്രമാകുന്നു ജീവിതവും മരണവും. ഒരേ തരംഗത്തില്‍തന്നെ ഉയര്‍ച്ചയും താഴ്ചയുമായ അവ രണ്ടും ചേര്‍ന്നാണ്‌ ഒരു പൂര്‍ണവസ്തുവാകുന്നത്‌; ഒരാള്‍ 'ഉയര്‍ച്ച'യുടെ വശത്തേക്ക്‌ നോക്കി പ്രസാദാത്മകനാവുന്നു. കുട്ടി വിദ്യാലയത്തില്‍ പൊയ്ക്കൊണ്ടിരിക്കെ അവന്റെ മാതാപിതാക്കള്‍ അവന്‌ വേണ്ടതെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ആ കാലം അവന്‌ സര്‍വവും ആനന്ദമയമായി തോന്നും; അവന്റെ ആവശ്യങ്ങള്‍ വളരെ ലഘുവാണുതാനും. അപ്പോള്‍ അവന്‍ ഒരു ശുഭദൃക്കായിരിക്കും. ഒരു വൃദ്ധനാകട്ടെ, ജീവിതത്തിലെ വിവിധാനുഭവങ്ങള്‍ നിമിത്തം കൂടുതല്‍ ശാന്തനായിത്തീരും. അയാളുടെ ആവേശവും ഉത്സാഹവും നിശ്ചയമായും വളരെ മന്ദീഭവിച്ചിരിക്കും. അതുപോലെ നാലുപാടും ജീര്‍ണ്ണതയുടെ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പഴയ ജനതകള്‍ പുതിയ ജനതകളേക്കാള്‍ ജീവിതാവേശം കുറഞ്ഞവരായി കാണാനാണ്‌ ഇട. 'ആയിരമാണ്ട്‌ നാട്‌', ആയിരമാണ്ട്‌ കാട്‌' എന്നൊരു പഴമൊഴി ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്‌. നാട്‌ കാടാവുന്നതും കാട്‌ നാടാവുന്നതുമായ മാറ്റമാണ്‌ എവിടെയും നടന്നുകൊണ്ടിരിക്കുന്നത്‌. ജനങ്ങള്‍ അതിന്റെ ഏതുവശം കാണുന്നുവോ അതനുസരിച്ച്‌ അവര്‍ ശുഭദൃക്കുകളോ അശുഭദൃക്കുകളോ ആയിത്തീരുന്നു. സകലര്‍ക്കും ഒരുപോലെ കലര്‍പ്പില്ലാത്ത സുഖവും സമൃദ്ധിയും മറ്റും വന്നുചേരുന്ന സ്വര്‍ഗീയയുഗത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ മനുഷ്യരെ കര്‍മ്മത്തിലേക്ക്‌ പ്രേരിപ്പിക്കുന്ന വലിയ ശക്തികളായിരുന്നിട്ടുണ്ട്‌. ഈ ആശയങ്ങളെ ലോകത്തിനെ ഭരിക്കാന്‍ ഈശ്വരന്‍ വരുന്നുണ്ടെന്നും അന്നുമുതല്‍ അവസ്ഥാഭേദങ്ങളൊന്നും ഉണ്ടായിരിക്കയില്ലെന്നും മറ്റുമുള്ള ആശയങ്ങളെ പല മതങ്ങളും അവയുടെ അംശമായി ഉപദേശിക്കുന്നു. ഈ സിദ്ധാന്തം പ്രചരിപ്പിക്കുന്നവര്‍ കേവലം മതഭ്രാന്തരാണ്‌. സ്വര്‍ഗീയയുഗം വാഗ്ദാനം ചെയ്ത ഒരു മതത്തില്‍ അടിമത്തം ഉണ്ടായിരിക്കില്ലെന്നും ഭക്ഷ്യപേയങ്ങള്‍ സമൃദ്ധിയായുണ്ടായിരിക്കുമെന്നും അവര്‍ വിശ്വസിച്ചു! സര്‍വ്വസുഖാവസ്ഥയ്ക്കുള്ള ഈ അഭിലാഷം ആധുനികകാലത്ത്‌ സമത്വം എന്ന രൂപം - സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തദിന്റെയും രൂപം - കൈക്കൊണ്ടിരിക്കുകയാണ്‌. ഇതും മതഭ്രാന്തുതന്നെ. ശരിക്കുള്ള സമത്വം ഈ ലോകത്ത്‌ ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല, ഒരിക്കലും ഉണ്ടാകാനും വഴിയില്ല. ഇവിടെ നമുക്കെല്ലാവര്‍ക്കും എങ്ങനെ സമന്മാരാകാകാന്‍ സാധിക്കും. - സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.