മദര്‍, കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

Monday 5 September 2016 1:03 am IST

  വത്തിക്കാന്‍ സിറ്റി: ലോകം സാക്ഷി, അഗതികളുടെ അമ്മ ഇനി വിശുദ്ധ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധരായി രണ്ട് തെരേസമാരുള്ളതിനാല്‍ 'കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ' എന്നാകും കാരുണ്യത്തിന്റെ കടലായ മദര്‍ തെരേസ അറിയപ്പെടുക. സാര്‍വ്വത്രിക സഭയ്ക്ക് ഇനി മദറിനെ വണങ്ങാം. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. ഭാരത സമയം ഉച്ചയ്ക്ക് രണ്ടിന് ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങിന് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ, പോസ്റ്റുലേറ്റര്‍ ഡോ.ബ്രയന്‍ കോവോജയ്ചുക് എന്നിവര്‍ക്കൊപ്പം മാര്‍പാപ്പ അള്‍ത്താരയിലെത്തി. മദര്‍ തെരേസ വിശുദ്ധ പദവിക്ക് അര്‍ഹയാണെന്നും വിശുദ്ധരുടെ പുസ്തകത്തില്‍ പേര് ചേര്‍ക്കണമെന്നും ആഞ്ചലോ അമാത്തോ മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മദറിന്റെ ജീവചരിത്രവിവരണവും 31 വിശുദ്ധരോട് അപേക്ഷ അര്‍പ്പിക്കുന്ന ലുത്തിനിയയും നടന്നു. വിശുദ്ധര്‍ക്കായുള്ള പ്രാര്‍ത്ഥന ചൊല്ലിയ ശേഷം വിശുദ്ധയാക്കുന്ന സന്ദേശം മാര്‍പാപ്പ വായിച്ചു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആശീര്‍വാദം നല്‍കി. വിശുദ്ധയാക്കിയതിന്റെ ഔദ്യോഗികരേഖ മാര്‍പാപ്പ അംഗീകരിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സിസ്റ്റര്‍ ക്ലെയര്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയില്‍ മദറിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചു. മനുഷ്യജീവന്റെ ശബ്ദമായി മാറിയ മദര്‍ തെരേസ എല്ലാവര്‍ക്കുമായാണ് ജീവിച്ചതെന്ന് മാര്‍പാപ്പ പറഞ്ഞു. അഗതികളുടെ ആവശ്യം നിറവേറ്റുമ്പോള്‍ ദൈവത്തിന്റെ കരുണയാണ് പങ്കുവെക്കുന്നത്. ദൈവത്തിന്റെ കരുണയുടെ അമ്മയായി മദര്‍ തെരേസ ജീവിച്ചു. അനാഥരിലും പാവപ്പെട്ടവരിലും മദര്‍ ദൈവത്തിന്റെ സാനിധ്യം കണ്ടെത്തി. മതവും വംശവും ഭാഷയും നോക്കാതെ എല്ലാവരെയും സ്‌നഹിച്ചു. ദാരിദ്ര്യത്താല്‍ കരഞ്ഞ് കണ്ണീര്‍ വറ്റിയവരുടെ ഇരുട്ടകറ്റി പ്രകാശം ചൊരിഞ്ഞു. മുഴുവന്‍ മനുഷ്യസ്‌നേഹികള്‍ക്കും മദര്‍ ഉദാത്തമാതൃകയാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഭാരതത്തെ പ്രതിനിധീകരിച്ച്് കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ 11 അംഗ സംഘം ചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, സുപ്രീംകോടതിയിലെ ഹരീഷ് സാല്‍വെ, മന്ത്രിമാരായ ടി.എം. തോമസ് ഐസക്, മാത്യു.ടി. തോമസ്, എംപിമാരായ കെ.വി. തോമസ്, ആന്റോ ആന്റണി, ജോസ്.കെ. മാണി, കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡര്‍ മസ്‌കരിനാസ് എന്നിവരും ഭാരത സഭയെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവരും സംബന്ധിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും സംബന്ധിച്ചു. വിവിധ കത്തോലിക്കാ സഭകളുടെ അധ്യക്ഷന്മാരും മദറിന്റെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ സഹപ്രവര്‍ത്തകരും ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം പുരോഹിതരും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.