സിപിഎമ്മിന്റെ അടിയന്തരാവസ്ഥാത്തട്ടിപ്പ്‌

Friday 26 June 2015 8:59 am IST

കോഴിക്കോട്‌ വെച്ച്‌ നടക്കാന്‍ പോകുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി ആസൂത്രിത മാമാങ്കങ്ങളുടെ കെട്ടുകാഴ്ച സമര്‍ത്ഥമായി അവര്‍ സംഘടിപ്പിക്കുകയാണ്‌. പണക്കൊഴുപ്പില്‍ രാജ്യത്ത്‌ മറ്റാര്‍ക്കും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തോല്‍പിക്കാനാവില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ സ്വാഗത സംഘത്തിന്റെ രൂപീകരണ പ്രഖ്യാപന സമ്മേളനത്തില്‍ വെച്ചു തന്നെ 20 കോടീശ്വരന്മാര്‍ 10 ലക്ഷം വീതം പാര്‍ട്ടി സെക്രട്ടറിക്ക്‌ ടോക്കണ്‍ നല്‍കി തുടങ്ങിവെച്ച ധനസമാഹരണം മറ്റ്‌ പാര്‍ട്ടികളെല്ലാം അസൂയയോടെ നോക്കി കാണേണ്ട ഒന്നാണ്‌. മാതൃകാ കമ്യൂണിസ്റ്റായിരുന്ന പുതുപ്പള്ളി രാഘവന്‍ പശിയടക്കാന്‍ ഗതിയില്ലാതെ മെയിലുകളോളം നടന്ന്‌ ചെറ്റകുടിലുകളില്‍ അന്തിയുറങ്ങി പാര്‍ട്ടി സംഘടിപ്പിച്ച നേതാക്കളുടെ ചരിത്രം വൈകാരികമായി രേഖപ്പെടുത്തിയത്‌ ആവര്‍ത്തിച്ച്‌ വായിച്ച്‌ അത്ഭുതപ്പെട്ട ഒരാളാണ്‌ ഈ ലേഖകന്‍. എന്നാല്‍ ആ പാര്‍ട്ടിയുടെ പഞ്ചനക്ഷത്ര വളര്‍ച്ച പൊതു പ്രവര്‍ത്തനശൈലിയെതന്നെ തകിടം മറിച്ച്‌ അധോഗതിയിലെത്തിച്ചിരിക്കയാണ്‌. വാരിക്കുന്തവും ആസിഡ്‌ ബള്‍ബും കൈബോംബും മുതല്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഖലവരെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയവര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പേരില്‍ കാട്ടികൂട്ടുന്ന ധൂര്‍ത്തും കോപ്രായങ്ങളും അവഗണിക്കാവുന്നതേയുള്ളൂ. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ലേബലില്‍ സിപിഎം കോഴിക്കോട്‌ സംഘടിപ്പിച്ചഅടിയന്തരവാസ്ഥ അറബിക്കടലില്‍ എറിഞ്ഞവരുടെ സംഗമം അതിരുവിട്ട അപഹാസ്യ നടപടിയായിപ്പോയി. അടിയന്തിരാവസ്ഥയെന്ന പാപത്തില്‍ പങ്കാളികളാണ്‌ കോണ്‍ഗ്രസ്സ്‌, സിപിഐ, ആര്‍എസ്പി മുസ്ലീം ലീഗ്‌ തുടങ്ങിയ കക്ഷികള്‍. 1975 ജൂണ്‍ 25 ന്‌ അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ഭാരതത്തെ ഒരു ജയിലറയാക്കിമാറ്റി സപ്തസ്വാതന്ത്ര്യങ്ങളും സസ്പെന്റ്‌ ചെയ്ത കാടത്തത്തിന്റെ ഘട്ടമാണ്‌ എമര്‍ജന്‍സിയായിഅറിയപ്പെടുന്നത്‌. അക്കാലത്തെ അടിച്ചമര്‍ത്തലുകളും ജനതയുടെ വാക്കുകളും വിളികളും അടിമത്തത്തിനെതിരായ ഇടിമുഴക്കങ്ങളുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്‌. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത ഗതി പ്രവാഹമാണ്‌. അതിനെ ഗതിമാറ്റി മാറ്റൊന്നാക്കാന്‍ ആരും ശ്രമിച്ചാലും വിജയിക്കാന്‍ പോകുന്നില്ല. അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടം ഹൈജാക്ക്‌ ചെയ്യാനുള്ള സിപിഎം സംഘടിത ശ്രമം ആപത്കരവും അപലപനീയവുമാണ്‌. അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍ പ്രഖ്യാപനം വന്ന്‌ രണ്ടാഴ്ചക്കുശേഷം യാതൊരു വിധ സമരപരിപാടികള്‍ക്കും സിപിഎം ആഹ്വാനം ചെയ്തതായി ആര്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ടാവില്ല. കരുതല്‍തടങ്കല്‍ നിയമപ്രകാരം തടവിലാക്കപ്പെട്ടവരും ആദ്യദിവസങ്ങളില്‍ പ്രതിഷേധസമരം നടത്തി. അറസ്റ്റിലായവരുമായി സിപിഎം സഖാക്കളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റാരെങ്കിലും പിന്നീട്‌ സമരം നടത്തിയതായോ ജയിലില്‍ പോയതായോ അവര്‍ക്കു ചൂണ്ടിക്കാട്ടാനാവില്ല. സിപിഎം പ്രധാന കക്ഷിയായ കേരളത്തില്‍ കുറ്റകരമായ മൗനമാണ്‌ അവര്‍ അക്കാലത്ത്‌ പാലിച്ചത്‌. അടിയന്തരാവസ്ഥ ജനനന്മയ്ക്ക്‌ എന്ന്‌ മുദ്രാവാക്യം അംഗീകരിക്കപ്പെടുകയും പ്രസ്സ്‌ സെന്‍സര്‍ഷിപ്പ്‌ അടിച്ചേല്‍പ്പിക്കപ്പെടുകയും തൊഴിലാളി വര്‍ഗ്ഗത്തിന്‌ കൂച്ചുവിലങ്ങിടുകയും ചെയ്ത സാഹചര്യത്തില്‍ നിശബ്ദമായി നിമയവിധേയമായി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത പാര്‍ട്ടിയായിരുന്നു സിപിഎം അക്കാലത്ത്‌ എ.കെ. ഗോപാലന്‍കോഴിക്കോട്‌ നിന്ന്‌ നല്‍കിയആഹ്വാനം ഇതായിരുന്നു. "ഇന്ത്യയിലെ അര്‍ദ്ധ ഫാസിസ്റ്റ്‌ ഭരണം പൂര്‍ണ്ണ ഫാസിസത്തിലേക്ക്‌ നീങ്ങിയിരിക്കയാണ്‌. ലോകത്ത്‌ ഒരു പെണ്‍ ഹിറ്റ്ലര്‍(ഇന്ദിരാഗാന്ധി) വളര്‍ന്നിരിക്കുന്നു. അവരുടെ സ്വേച്ഛാധിപത്യ നടപടികള്‍ക്കെതിരെ എല്ലാ ജനാധിപത്യവാദികളും സംഘടനകളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണവാശ്യം. ജീവന്‍ബലികൊടുത്തും ഈ ഫാസിസ്റ്റ്‌ നടപടികളെ നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനു തയ്യാറില്ലെങ്കില്‍ ഇതിലും വലിയ ആപത്തുകള്‍ സംഭവിക്കും. നാട്ടില്‍ ജീവിക്കാനും ശ്വസിക്കാന്‍ പോലുമുള്ള അവകാശം നഷ്ടപ്പെടും. ഈ വാള്‍ ആരുടെയൊക്കെ കഴുത്തിനു നേരെ നീങ്ങുമെന്നറിയില്ല." എകെജിയുടെ ഇതേ കാഴ്ചപ്പാടായിരുന്നു പി. സുന്ദരയ്യക്കുമുണ്ടായിരുന്നത്‌. എന്നാല്‍ എകെജിയുടേയും സുന്ദരയ്യയുടേയും ആഹ്വാനം പോലെ സമരം ചെയ്യേണ്ടെന്നാണ്‌ സിപിഎം നേതാക്കളില്‍ ഭൂരിപക്ഷം പേരും യോഗം ചേര്‍ന്ന്‌ തീരുമാനിച്ചത്‌. സിപിഎം ജനറല്‍ സെക്രട്ടറിയെ ഇതിന്റെ പേരില്‍ മാറ്റുകയും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയുമാണുണ്ടായത്‌. 1977 ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടശേഷം നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ സമരരംഗത്തുനിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത്‌ തെറ്റായിപ്പോയെന്ന്‌ സമ്മതിക്കുകയും ചെയ്തതായി ഇഎംഎസ്സിന്റെ ആത്മകഥയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. ചുരുക്കത്തില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ നിസ്സംഗത പാലിച്ച്‌ സിപിഎമ്മിന്‌ സമരം ചെയ്ത്‌ ജയിലില്‍ പോയ ആരേയും ചൂണ്ടിക്കാട്ടാനായില്ലെങ്കിലും ഇപ്പോഴവര്‍ പോരാളി സംഗമം സംഘടിപ്പിച്ച്‌ സ്വയം പരിഹാസ്യരായിത്തീരുകയാണ്‌. അടിയന്തരാവസ്ഥയുടെ മറവില്‍ ജയപ്രകാശ്‌ നാരായണന്‍, എ.ബി.വാജ്പേയി, എല്‍.കെ. അദ്വാനി അടക്കം ദേശീയ നേതാക്കളെയൊട്ടാകെ കാരണം പോലും കാണിക്കാതെ ജയിലിലടച്ചിരുന്നു. അടിയന്തിരാവസ്ഥയേയും ജൂലൈ ഒന്നിന്‌ പ്രഖ്യാപിച്ച ഇന്ദിരയുടെ ഇരുപതിന പരിപാടിയേയും സര്‍വ്വാത്മനാ പിന്തുണക്കുന്ന പാര്‍ട്ടികളായിരുന്നു സിപിഐയും ആര്‍എസ്പിയും അടിയന്തരാവസ്ഥയിലെ കര്‍ശനമായ അടിച്ചൊതുക്കല്‍ നടപടി നടപ്പാക്കാന്‍ ജില്ലാകലക്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി പദ്ധതികളാവിഷ്കരിച്ചത്‌ സാക്ഷാല്‍ സി. അച്യുതമേനോന്‍ തന്നെ നേരിട്ടായിരുന്നു. സോവിയറ്റ്‌ റഷ്യയും അവരുടെ ജിഹ്വയായ പ്രവ്ദയും അടിയന്തരാവസ്ഥയെ അനുകൂലിച്ചിരുന്നു. ജനയുഗം, പ്രേട്രിയറ്റ്‌, ലിങ്ക്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അടിയന്തരാവസ്ഥയുടെ കുഴലുത്തുകാരായിരുന്നു. 1975 ജൂലൈ 15 ന്‌ അച്യുതമേനോന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വലതുപക്ഷ ശക്തികള്‍ക്കെതിരേയാണ്‌ അല്ലാതെ ഇടതുപക്ഷ ശക്തികള്‍ക്കെതിരായിട്ടല്ല അടിയന്തരാവസ്ഥയെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ആര്‍എസ്‌എസ്‌ നിരോധിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി നിയമസഭയില്‍ "നിങ്ങള്‍ക്കെതിരേ ഓങ്ങിയ (ന്യൂനപക്ഷങ്ങള്‍) ആയുധങ്ങളും കൈകളുമാണ്‌ ഇന്ദിരാഗാന്ധി പിടിച്ചെടുത്തതെന്ന്‌" അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്‍ പറഞ്ഞിരുന്നു. ഇത്തരം വസ്തുതകളൊക്കെ സൗകര്യപൂര്‍വ്വം വിസ്മരിച്ചുകൊണ്ട്‌ സിപിഎം ഇപ്പോള്‍ അടിയന്തരാവസ്ഥയെ വളര്‍ച്ചക്കുള്ള ഇന്ധനമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്‌ അധാര്‍മ്മികവും ചരിത്രനിഷേധവുമാണ്‌. അടിയന്തരാവസ്ഥയ്ക്കെതിരെ ചോരനീരാക്കി സഹനസമരം നടത്തി ത്യാഗത്തിന്റെ അദ്ധ്യായങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാക്കുകയും ജനമനസ്സുകളില്‍ നിശബ്ദവിപ്ലവം സന്നിവേശിപ്പിക്കുകയും ചെയ്തത്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരായിരുന്നു. ലോക സംഘര്‍ഷ സമിതി നടത്തിയ സമരത്തില്‍ ഗാന്ധിയന്‍ രീതി അവലംബിച്ച്‌ അഹിംസാ സമരംവഴി അത്ഭുതകരമായ മുന്നേറ്റമാണ്‌ ഭരണകൂടത്തിനെതിരെ ആര്‍എസ്‌എസ്‌ നടത്തിയത്‌. സിപിഎം കേരളത്തില്‍ എം.പി. മന്മഥന്റെ നേതൃത്വത്തില്‍ നടന്ന ഈ നിയമനിഷേധസമരത്തെ പിന്നില്‍ നിന്നു കുത്തുകയാണ്‌ ചെയ്തത്‌. 1977 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത സാധാരണക്കാര്‍ അടിയന്തരാവസ്ഥയിലെ കാടത്തശക്തികള്‍ക്കെതിരേ വിധിയെഴുത്തു നടത്തുകയായിരുന്നു.ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ്സും തോറ്റ്‌ തുന്നംപാടി. എന്നാല്‍കേരളം 82 ശതമാനം സീറ്റുകളും കോണ്‍ഗ്രസ്സിനും ഇന്ദിരയ്ക്കും നല്‍കി അവരെ പിന്തുണയ്ക്കുകയാണുണ്ടായത്‌. കേരളത്തിലെ മുഖ്യ പ്രതിപക്ഷമായ സിപിഎം നിഷ്ക്രിയത്വം പാലിച്ചതുകൊണ്ടാണ്‌ കേരളം ഇന്ദിരയുടെ ഏകാധിപത്യത്തെ പിന്താങ്ങാനിടയായത്‌. മാതൃഭൂമിക്കുവേണ്ടി സഹിച്ച യാതന അമ്മയ്ക്കുവേണ്ടി സ്വയം വരിച്ച കര്‍മ്മകാണ്ഡത്തിന്റെ ഏടുകളാണെന്നും അത്‌ വില്‍പ്പന ചരക്കോ പ്രചരണ വിഷയമോ ആക്കാന്‍ പാടില്ലെന്നുള്ളതായിരുന്നു ആര്‍എസ്‌എസിന്റെ നിലപാട്‌. എന്നാല്‍ മൂന്നു വ്യാഴവട്ടക്കാലത്തിനുശേഷം സത്യത്തെ കുഴിച്ചുമൂടിക്കൊണ്ട്‌ പുത്തന്‍ തലമുറയെ വഴിതെറ്റിക്കും വിധം സിപിഎം ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കയാണ്‌. സത്യമാണീശ്വരന്‍ എന്നുറച്ചു വിശ്വസിക്കുന്ന ഭാരത്തിന്റെ മണ്ണില്‍ സിപിഎമ്മിന്റെ അടിയന്തരാവസ്ഥയുടെ പേരിലുള്ള "പുത്തന്‍തട്ടിപ്പ്‌" വിജയിക്കാന്‍ പോകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.