കഞ്ചാവ് മൊത്തവില്‍പ്പനക്കാരന്‍ പിടിയില്‍

Sunday 4 September 2016 9:03 pm IST

  തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍. നിരവധി കഞ്ചാവ് കേസുകളിലും, മോഷണ കേസുകളിലും, പോലീസിനെ ആക്രമിച്ച കേസിലും പ്രതിയായ ഇളംദേശം കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജാണ്(30) പിടിയിലായത്. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എ നെല്‍സന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി ബിജുവിന്റെ നേതൃത്വത്തില്‍ കുരുതിക്കളം - വെള്ളിയാമറ്റം റൂട്ടില്‍ വാഹന പരിശോധന നടത്തവേ ജിജോയും സംഘവും വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ എക്‌സൈസ് സംഘം നാലാംകാട് എന്ന സ്ഥലത്തുവെച്ച് വാഹനം തടഞ്ഞ് പിടിക്കുകയായിരുന്നു. ജിജോയുടെ കൂട്ടാളികളായ ബിജോയി, സവാദ് സുലൈമാന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച ജിജോയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. പാറയിലൂടെ കയറി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെ പിന്തുടര്‍ന്നെത്തിയ തൊടുപുഴ എക്‌സൈസിലെ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ മജീദ്, സവാദ് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ഓടുന്നതിനിടെ വീണ പ്രതിയ്ക്കും നിസാര പരിക്കുകളേറ്റിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിബു മാത്യു, ഐ ബി ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുഭാഷ്, കുഞ്ഞുമുഹമ്മദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജു, പ്രകാശ്, സെബാസ്റ്റ്യന്‍, മജീദ്, ഷാജി ജോസഫ്, സുരേന്ദ്രന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയില്‍ നിന്നും 1.200 കിലോഗ്രാം കഞ്ചാവും, കഞ്ചാവ് കടത്തുവാനുപയോഗിച്ച ബൈക്കും എക്‌സൈസ് പിടിച്ചെടുത്തു. കോളേജുകളും, സ്‌കൂളുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ഓണക്കാലമായതിനാല്‍ റെയ്ഡുകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി വി ബിജു അറിയിച്ചു. പ്രതിയുടെ കൂട്ടാളികളെ അന്വേഷിച്ച് വരികയാണെന്നും ഉടന്‍തന്നെ ഇവര്‍ പിടിയിലാകുമെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.