കൊളീജിയത്തിനുമപ്പുറം

Sunday 4 September 2016 9:19 pm IST

ഉന്നത ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സുതാര്യവും പ്രതിബദ്ധതയുള്ളതും വസ്തുനിഷ്ഠവുമായി മെച്ചപ്പെടാന്‍ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ആവശ്യമെന്ന് വിധിന്യായത്തിലെഴുതിയത് മലയാളിയായ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌കുര്യന്‍ ജോസഫായിരുന്നു. പാര്‍ലമെന്റ് പാസാക്കിയ 'ദേശീയ ജുഡീഷ്യല്‍ നിയമന കമ്മറ്റി നിയമം' റദ്ദ് ചെയ്തുകൊണ്ടുള്ള (എന്‍ജെഎസി ആക്റ്റ്) വിധിയിലാണ് ഈ പരാമര്‍ശമുണ്ടായത്. ഭരണഘടനയിലെവിടെയും പറഞ്ഞിട്ടില്ലാത്ത 'കൊളീജിയത്തെ' അംഗീകരിച്ചുകൊണ്ടുള്ള വിധിന്യായമാണ് 2015 ഒക്‌ടോബര്‍ 16ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായത്. ജസ്റ്റിസ് ചെലമേശ്വറിന്റെ വിയോജന വിധിയോടെയാണ് എന്‍ജെഎസി നിയമം സുപ്രീംകോടതി റദ്ദാക്കിയത്. ജസ്റ്റിസ് ചെലമേശ്വര്‍ പ്രസ്തുത നിയമത്തെ ശരിവക്കുകയും കൊളീജിയംസമ്പ്രദായം സുതാര്യത ഉറപ്പുവരുത്താനാവാത്തതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്‍ജെഎസി ആക്റ്റ് സുപ്രീംകോടതി ഇല്ലാതാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യറിയുമായി ശീതസമരത്തിനോ ഏറ്റമുട്ടലിനോ തയ്യാറായില്ല. എന്നാലിപ്പോള്‍ സുപ്രീംകോടതിയിലെ അഞ്ചംഗ കൊളീജിയം തന്നെ ഏകമനസ്സോടെ ഒന്നിച്ചുകൂടി തീരുമാനമെടുക്കാവുന്ന അവസ്ഥയിലല്ല ഉള്ളത്. 2016 സെപ്തംബര്‍ ഒന്നിന് കൂടിയ സുപ്രീംകോടതി കൊളീജിയത്തില്‍ നിന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വിട്ടുനിന്നതായിട്ടാണ് അറിയുന്നത്. ജഡ്ജിമാരുടെ നിയമന-സ്ഥലംമാറ്റ കാര്യത്തില്‍ സുതാര്യതയുണ്ടാവില്ലെന്ന് വിധിച്ച വ്യതിരിക്ത ജഡ്ജിയാണിദ്ദേഹം. പുതുക്കി തയ്യാറാക്കിയ നിയമന മെമ്മോറാണ്ടം ഓഫ് പ്രോസീജ്യര്‍ ആയിരുന്നു മീറ്റിങ്ങിലെ അജണ്ടയെന്നും അതില്‍നിന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ഒഴിഞ്ഞുനിന്നുവെന്നുമാണ് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ മൂന്ന് പേജുള്ള കത്ത് ഈ ന്യായാധിപന്‍ മുഖ്യന്യായാധിപന് നല്‍കിയിട്ടുണ്ടെന്നും പ്രസ്തുത പത്രം പറയുന്നു. രണ്ടു ദശാബ്ദമായി നിലവിലുണ്ടായിരുന്ന ജഡ്ജി നിയമനരീതിയായ 'കൊളീജിയം സമ്പ്രദായം' നീക്കി പുതിയ സംവിധാനം പാര്‍ലമെന്റ് പാസാക്കി നടപ്പാക്കാന്‍ തയ്യാറായത് 2014 ഡിസംബറിലായിരുന്നു. കൊളീജിയം സമ്പ്രദായം സുതാര്യമല്ലെന്ന് വ്യാപകമായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലായിരുന്നു പുതിയ നിയമം കൊണ്ടുവന്നത്. ഇന്ത്യന്‍ ചീഫ് ജസ്റ്റീസും രണ്ട് സഹജഡ്ജിമാരും കേന്ദ്ര നിയമമന്ത്രിയും രണ്ട് പ്രമുഖരുമടങ്ങുന്ന പാനല്‍ ഉന്നത ജഡ്ജിമാരുടെ നിയമനങ്ങള്‍ നടത്താനായിരുന്നു പുതിയ നിയമം വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ സുപ്രീംകോടതി പ്രസ്തുത നിയമം റദ്ദുചെയ്ത് 'കൊളീജിയം സമ്പ്രദായം' തിരികെ കൊണ്ടുവരികയാണുണ്ടായത്. സുപ്രീംകോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും ജഡ്ജിമാരായിരുന്ന ഒട്ടേറെ പ്രമുഖര്‍ കൊളീജിയ നിയമനത്തിന്റെ ദോഷങ്ങള്‍ അനുഭവത്തെ സാക്ഷിനിര്‍ത്തി വിമര്‍ശിക്കുകയും മാറ്റം വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. സുപ്രീംകോടതിയിലെ മികച്ച ന്യായാധിപനായിരുന്ന ജസ്റ്റിസ് കെ. രാമസ്വാമി സമൂഹത്തില്‍ സാമുദായികവും സാമ്പത്തികവുമായ രംഗങ്ങളില്‍ താഴെത്തട്ടില്‍പ്പെട്ടയാളും സ്വപ്രയത്‌നംകൊണ്ട് ഉന്നത നീതിപീഠത്തില്‍ ന്യായാധിപ സ്ഥാനത്ത് എത്തിപ്പെട്ടയാളുമായിരുന്നു. അദ്ദേഹം തന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ കൊളീജിയം നിയമനം നടത്തുകയായിരുന്നെങ്കില്‍ തനിക്കൊരിക്കലും അവസരം ലഭിക്കുമായിരുന്നില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1981ലെ എസ്.ബി. ഗുപ്തകേസ് ജഡ്ജി നിയമനം എക്‌സിക്യൂട്ടീവില്‍ നിലനിര്‍ത്തണം എന്ന് വിധിച്ചിരുന്നു. എന്നാല്‍ 1993ല്‍ ഭരണഘടനാ ബെഞ്ച് ഇത് മാറ്റി കൊളീജിയമെന്ന ആശയം കൊണ്ടുവരികയാണുണ്ടായത്. ചീഫ് ജസ്റ്റിസുള്‍പ്പെടുന്ന മൂന്നംഗ സീനിയര്‍ ജഡ്ജിമാര്‍ ന്യായാധിപന്മാരെ നിശ്ചയിക്കണമെന്നാണ് ഈ വിധി നിശ്ചയിച്ചത്. 1999ല്‍ രാഷ്ട്രപതിയുടെ റഫറന്‍സ് പ്രകാരം തീര്‍പ്പുകല്‍പിച്ച സുപ്രീംകോടതി വിധിയനുസരിച്ച് ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ അഞ്ചംഗ കൊളീജിയമാണ് നിയമനം നടത്തേണ്ടതെന്ന് വിധിച്ചിരുന്നു. ജസ്റ്റിസ് ചെലമേശ്വര്‍ ഇപ്പോള്‍ സുപ്രീംകോടതിയിലെ അഞ്ചാമത്തെ സീനിയര്‍ ജഡ്ജിയാണ്. കൊളീജിയം മീറ്റിങ്ങില്‍ നിന്ന് പ്രകടമായി പ്രതിഷേധിച്ച് ഒരു ജഡ്ജി വിട്ടുനില്‍ക്കുന്നത് ആദ്യമാണെന്നു തോന്നുന്നു. ഇതിന് ജസ്റ്റിസ് ചെലമേശ്വര്‍ നല്‍കുന്ന ന്യായീകരണം മാധ്യമങ്ങളില്‍ വന്നത് ശരിയെങ്കില്‍ ഗൗരവമുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും അതിടയാക്കിയേക്കും. ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനില്‍ക്കേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന് അത്യാന്താപേക്ഷിതമാണ്. ജസ്റ്റിസ് ചെലമേശ്വറിന്റെ വിയോജനവിധി തന്നെ കൊളീജിയം സുതാര്യ ജഡ്ജി നിയമനങ്ങള്‍ക്ക് ദോഷകരമെന്ന് പറഞ്ഞിട്ടുണ്ട്. ജുഡീഷ്യറിയിലെ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയുമായി ഇത് മാറാതിരിക്കട്ടെ എന്നാശിക്കാം. ജുഡീഷ്യല്‍ നിയമനങ്ങള്‍ കഴിവും പ്രതിഭയും സ്വഭാവശുദ്ധിയും അറിവുമൊക്കെ നോക്കി നടത്തേണ്ട ഒന്നാണ്. 2015ലെ കണക്കനുസരിച്ച് കീഴ്‌ക്കോടതികളില്‍ തീര്‍പ്പുകാത്തു കിടക്കുന്ന കേസുകളില്‍ 51.2 ശതമാനം കേസുകള്‍ രണ്ടുകൊല്ലത്തിലധികം പഴക്കമുള്ളതാണ്. 7.5 ശതമാനം 10 കൊല്ലത്തിലധികം പഴക്കമുള്ളവയാണ്. ഹൈക്കോടതികളിലെ കണക്കെടുത്താല്‍ 68 ശതമാനം രണ്ടുകൊല്ലത്തിലധികവും, 19.22 ശതമാനം 10 കൊല്ലത്തിലധികവും പഴക്കമുള്ളവയാകുന്നു. ഇത്തരത്തില്‍ വൈകി കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്നു വാദിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ജഡ്ജിമാരുടെ അമിതജോലിഭാരവും, സര്‍ക്കാര്‍ അനുവദിക്കുന്ന തുകയുടെ അപര്യാപ്തതയും ന്യായാധിപ നിയമനത്തിലെ വൈകിക്കലുമൊക്കെ കേസു തീര്‍പ്പാക്കുന്നതിലെ കാലവിളംബത്തിന് ഇടയാക്കുന്ന ഘടകങ്ങളാണ്. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ നിയമനകാര്യത്തിലുള്ള മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍ തയ്യാറാക്കുന്നതില്‍ വേണ്ടത്ര യോജിപ്പുണ്ടായിട്ടില്ലെന്നുവേണം കരുതാന്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 2016 ഏപ്രില്‍ നാലിന് നിയമനകാര്യത്തില്‍ കാലവിളംബമുണ്ടാകുന്നതില്‍ വേദനിച്ച് പ്രധാനമന്ത്രിയുള്ള വേദിയില്‍ വ്രണിത ഹൃദയനായതായി വാര്‍ത്തയുണ്ടായിരുന്നു. പ്രധാനമന്ത്രി അവസരത്തിനൊത്തുയരാന്‍ മുഖ്യന്യായാധിപന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്‍ജെഎസി വിധിന്യായത്തില്‍ നിലവിലുള്ള നിയമന സമ്പ്രദായം പരിഷ്‌കരിക്കണമെന്നും കുറ്റമറ്റതാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അഥവാ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍ കാര്യങ്ങള്‍ കൊളീജിയം അംഗീകരിക്കുമെന്നതിന് എന്തുറപ്പ്? കൊളീജിയം സ്വീകരിക്കുന്ന നിയമന നടപടികള്‍ ആത്യന്തികമായി ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിന് എന്ത് സംവിധാനമാണുള്ളത്? ഭരണഘടനയനുസരിച്ച് പരമാധികാരം നിക്ഷിപ്തമായിട്ടുള്ള ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സുതാര്യത ഉറപ്പുനല്‍കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കല്‍പ്പനകള്‍ വിജയിക്കുക.