മെഡിക്കല്‍ കോളേജില്‍ പരിഹരിക്കാന്‍ പ്രശ്‌നങ്ങള്‍ ഏറെ

Sunday 4 September 2016 10:06 pm IST

മുളങ്കുന്നത്തുകാവ്: അധികാരമേറ്റ് നൂറുദിവസം കഴിഞ്ഞ് ആദ്യമായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന ആരോഗ്യമന്ത്രിക്ക് മുന്നില്‍ ഇന്ന് പരാതികള്‍ കുന്നുകൂടും. എല്ലാം ശരിയാക്കമെന്നുപറഞ്ഞ് എത്തുന്ന മന്ത്രിക്ക് മുന്നില്‍ നിരവധി പ്രശ്‌നങ്ങളാണ് കീറാമുട്ടിയായുള്ളത്. മെഡിക്കല്‍ കോളേജിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം തന്നെ താറുമാറാണ്. കഴിഞ്ഞ നാലുമാസമായി ന്യൂറോ ഐസിയു പ്രവര്‍ത്തിക്കുന്നില്ല. 18 വെന്റിലേറ്ററുകളുള്ള ഇവിടെ എട്ട് വെന്റിലേറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള വെറുതെ കിടന്ന് നശിക്കുകയാണ്. ഇതുമൂലം നിരവധി രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്. സംസ്ഥാനത്ത് മധ്യകേരളത്തിലെ ഏറ്റവും പ്രമുഖ കാന്‍സര്‍ ചികിത്സ ലഭിക്കുന്ന ഇവിടെ അവര്‍ക്കുള്ള റേഡിയേഷന്‍ യന്ത്രം രണ്ടാഴ്ചയായി കേടുവന്ന് കിടക്കുകയാണ്. ഇതുമൂലം നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായിട്ടുള്ളത്. എക്‌സറേയൂണിറ്റുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. പുതിയ ഡിജിറ്റല്‍ എക്‌സറേയൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും വിദഗ്ദ്ധഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ നിരവധി ഒഴിവുകളും നികത്താതെ കിടക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ ആദ്യം പ്രവര്‍ത്തനം ആരംഭിച്ചതും 35 വര്‍ഷം പിന്നിട്ടതുമായ ശിശുരോഗവിഭാഗം ഇപ്പോഴും അവഗണന നേരിടുകയാണ്. പരിമിതമായ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി മൂന്നുവര്‍ഷം മുമ്പ് 7.85 കോടിരൂപ എസ്റ്റിമേറ്റില്‍ ആരംഭിച്ച കെട്ടിട നിര്‍മാണം ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒമ്പത് പിജി സീറ്റുകളുള്ള ഈ വിഭാഗത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടപ്പെടുവാനുള്ള സാഹചര്യമാണുള്ളത്. നിലവില്‍ 74 കിടക്കകളുള്ള വാര്‍ഡില്‍ നവജാത ശിശുക്കളടക്കമുള്ളവര്‍ ഞെങ്ങിഞെരുങ്ങിയാണ് കിടക്കുന്നത്. മുലപ്പാല്‍ കൊടുക്കുന്ന അമ്മമാര്‍ പോലും വരാന്തയില്‍ പായവിരിച്ച് കിടക്കേണ്ട ഗതികേടിലാണ്. മൂന്ന് ശസ്ത്രക്രിയാതീയേറ്ററുകള്‍ ഇതുവരെയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പല തീവ്രപരിചരണ വിഭാഗമുറികളിലെ എസികളും തകരാറിലാണ്. കീമോതെറാപ്പി രോഗികള്‍ക്കുവേണ്ടി ഒന്നര കോടി ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഒന്നര വര്‍ഷമായി അനാഥമായി കിടക്കുകയാണ്. പി.കെ.ബിജു എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്. ആഗസ്റ്റ് ആദ്യവാരം ഇത് ഉദ്ഘാടനം ചെയ്ത് രോഗികള്‍ക്ക് വിട്ടുനല്‍കുമെന്ന് വലിയ വാഗ്ദാനമാണ് ആഗസ്റ്റിന് മുമ്പ് പി.കെ.ബിജു നല്‍കിയത്. സര്‍ക്കാര്‍ തലത്തില്‍ ജില്ലയിലെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന എല്‍ഡിഎഫ് നേതാവുകൂടിയായ എംപി പി.കെ.ബിജുവിന്റെ ഈ വാഗ്ദാനം നല്‍കിയെങ്കിലും അതിതുവരെയും പ്രാവര്‍ത്തികമായിട്ടില്ല. കാന്‍സര്‍ രോഗികള്‍ക്കുവേണ്ടിയുള്ള അത്യാധുനിക റേഡിയേഷന്‍ യന്ത്രം എത്തുവാന്‍ രണ്ടുവര്‍ഷം കൂടി കാത്തിരിക്കണം. അതിന് മുമ്പ് കാന്‍സര്‍ രോഗികള്‍ക്കുള്ള ബദല്‍ സംവിധാനം ഒരുക്കുവാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കാത്‌ലാബ് എന്ന സ്വപ്‌നവും എംആര്‍ഐ സ്‌കാന്‍, മാമോഗ്രാം ടെസ്റ്റ്, സിടി സ്‌കാന്‍, ദന്തല്‍ കോളേജിന്റെ പ്രവര്‍ത്തനം, കമ്പ്യൂട്ടര്‍ വത്കരണം എന്നിങ്ങനെ നീളുന്ന ഒട്ടനവധി പ്രശ്‌നങ്ങളാണ് ഇന്ന് മന്ത്രിക്ക് മുന്നിലെത്തുക. ഇതിനെല്ലാമുപരിയാണ് മെഡിക്കല്‍ കോളേജിലെ കുടിവെള്ള പ്രശ്‌നം. ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തുവാന്‍ യാതൊരുനടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അവകാശപ്പെടുന്ന ശുചിത്വത്തിന്റെ കാര്യത്തില്‍ മെഡിക്കല്‍ കോളേജ് ഇന്നും പരിതാപകരമായ സ്ഥിതിയിലാണ്. ടണ്‍കണക്കിന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ആശുപത്രി പരിസരത്ത് കുന്നുകൂടി കിടക്കുന്നത്. ഇവ യഥാസമയം മാറ്റുന്നതിനും നശിപ്പിക്കുന്നതിനോ ഉള്ള സൗകര്യവും ഇവിടെയില്ല. ഇതുമൂലം രോഗികളും നാട്ടുകാരും അനുഭവിക്കുന്ന ദുരിതം ഏറെയാണ്. തെരുവ് നായ്ക്കളുടെ ശല്യവും ഏറെയാണ്. എംപി, എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പ്രിന്‍സിപ്പള്‍, സൂപ്രണ്ടുമാര്‍ മറ്റു ജനപ്രതിനിധികളും നാട്ടുകാരും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.