ഗണേശവിഗ്രഹ ഘോഷയാത്ര ഏഴിന്

Sunday 4 September 2016 10:45 pm IST

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച്  സാംസ്‌കാരികസമ്മേളനവും ഗണേശ വിഗ്രഹ ഘോഷയാത്രയും ഏഴിന് ബുധനാഴ്ച നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ ചകിരി, ചോക്കുപൊടി, കളിമണ്ണ് എന്നിവ ഉപയോഗിച്ചു നിര്‍മിച്ച ഗണേശവിഗ്രഹങ്ങള്‍ വൈകീട്ട് മൂന്നു മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പഴവങ്ങാടിയില്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ സാംസ്‌കാരികസമ്മേളനം മന്ത്രി കെ.ടി. ജലീലും ഘോഷയാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. മുംബൈയിലെ ശിവസേന എംപി അനില്‍ ദേശായി മുഖ്യാതിഥിയായിരിക്കും. കെ. മുരളീധരന്‍ എംഎല്‍എ, ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, അറയ്ക്കല്‍ അലിരാജ റാഫി, രവിവര്‍മരാജ, ഗുരുരത്‌നം ജ്ഞാനതപസ്വി, ഡോ ബാബുപോള്‍, ഡോ ജോര്‍ജ് ഓണക്കൂര്‍, എം.എം. ഹസന്‍, ഡോ ബി.ആര്‍. ഷെട്ടി, ലഫ്റ്റ്‌നന്റ് കേണല്‍ രജത് ത്യാഗി, ഡോ ജി. മാധവന്‍ നായര്‍, സൂര്യാകൃഷ്ണമൂര്‍ത്തി, ഡോ എന്‍.എന്‍. മുരളി, ഡോ ജെ. ഹരീന്ദ്രന്‍നായര്‍,  ഡോ കെ.പി. ഹരിദാസ്, ബീമാ ഗോവിന്ദന്‍, ബി.എസ്. ബാലചന്ദ്രന്‍, ക്രിസ്തുദാസ്, പ്രവാസി ബന്ധു അഹമ്മദ്, വി.എസ്. സുഗതന്‍,  അംബികാപത്മാസനന്‍, ദിലീപ് പണിക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ ഈ വര്‍ഷത്തെ ഗണേശ പുരസ്‌കാരവും ട്രസ്റ്റ് കണ്‍വീനറായിരുന്ന മിന്നല്‍ പരമശിവന്‍ നായരുടെ പേരിലുള്ള പുരസ്‌കാരവും കൈമാറും. തുടര്‍ന്ന് പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തില്‍ നിന്ന്  ലഫ്റ്റ്‌നന്റ് കേണല്‍ രജത് ത്യാഗി പകര്‍ന്നു നല്‍കുന്ന ദീപം ഗണേശവിഗ്രഹത്തിനു മുന്നില്‍ തെളിയിക്കുന്നതോടെ ഗണേശവിഗ്രഹ ഘോഷയാത്ര ആരംഭിക്കും. ഗജവീരന്മാര്‍, പഞ്ചവാദ്യം, ചെണ്ടമേളം, നാസിക് ബാന്റ്, ബാന്റ്‌മേളം, പാണ്ടിമേളം, ശിങ്കാരിമേളം, നെയ്യാണ്ടിമേളം, മലബാര്‍ തെയ്യം, ചമയവിളക്ക്, പൂക്കാവടി തുടങ്ങി വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും അണിനിരക്കും. രണ്ടായിരം കലാകാരന്മാര്‍ വാദ്യമേളങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഗണേശ ഭഗവാന്റെ 32 വിവിധ രൂപഭാവങ്ങളിലും എട്ട് അവതാര രൂപങ്ങളിലുമുള്ള വിഗ്രഹങ്ങള്‍ ഘോഷയാത്രയില്‍ ഉണ്ടാകും. കിഴക്കേകോട്ടയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഓവര്‍ബ്രിഡ്ജ്, ആയുര്‍വേദ കോളേജ്, സ്റ്റാച്യൂ, പാളയം, എകെജി സെന്റര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പേട്ട, ചാക്ക, ആള്‍സെയിന്റ്‌സ് വഴി ശംഖുമുഖം ആറാട്ടുകടവില്‍ എത്തും. ഗണേശവിഗ്രഹനിമജ്ജനത്തിന് മുന്നോടിയായി ഒരു ലക്ഷത്തിഎട്ട് നാളികേരം ഹോമിക്കുന്ന സര്‍വവിഘ്‌ന നിവാരണയജ്ഞം നടക്കും. 7ന് ബ്രാഹ്മമുഹൂര്‍ത്തില്‍ ആരംഭിക്കുന്ന യജ്ഞം 24 മണിക്കൂര്‍ നീണ്ടുനില്‍ക്കും. തന്ത്രി നാരായണരു സൂര്യകാലടി മന സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, മിത്രന്‍ നമ്പൂതിരിപ്പാട്, സജീവന്‍ തന്ത്രി തുടങ്ങി 41 താന്ത്രികപ്രമുഖര്‍ മുഖ്യകാര്‍മികത്വം വഹിക്കും. സപ്താഹ യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനില്‍ സംബന്ധിക്കും. പൂജകള്‍ക്കുശേഷം ഗണേശവിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്യും. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് കണ്‍വീനര്‍, ആര്‍. ഗോപിനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി വട്ടിയൂര്‍ക്കാവ് മധുസൂദന്‍ നായര്‍, ദിനേശ് പണിക്കര്‍, ജോണ്‍സണ്‍ ജോസഫ്, ശിവജി ജഗന്നാഥന്‍, കല്ലിയൂര്‍ ശശി, എസ്.ആര്‍. കൃഷ്ണകുമാര്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, നന്ദകുമാര്‍ ധന്വന്തരിമഠം, ശശിധരന്‍ ഓവര്‍ട്ട്, ബാജി ഗോവിന്ദന്‍, എം.എല്‍. ഉണ്ണികൃഷ്ണന്‍, കെ. ബാഹുലേയന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു. കോവളത്തിന് സമീപം കീഴൂര്‍ നെട്ടറത്തല മഹാദേവ ക്ഷേത്രത്തില്‍ വിനായകചതുര്‍ഥിയോടനുബന്ധിച്ച് ഇന്ന് രാവിലെ 6 ന് കൂട്ട ഗണപതിഹോമം, ഗണപതി ഭഗവാന് അപ്പം മൂടല്‍ ചടങ്ങ് എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.