റിയൊയില്‍ മനസ് നിറയെ മരണമായിരുന്നു: ജെയ്ഷ

Sunday 4 September 2016 11:39 pm IST

  കല്‍പ്പറ്റ: റിയൊ ഒളിമ്പിക്‌സ് മാരത്തണില്‍ ഓടുമ്പോള്‍ മനസു നിറയെ വിക്റ്ററി സ്റ്റാന്‍ഡായിരുന്നില്ല, മരണമായിരുന്നുവെന്ന് ഒ.പി. ജെയ്ഷ. കോച്ചില്‍ നിന്നു ലഭിച്ചത് പരിശീലനമായിരുന്നില്ല, പീഡനമായിരുന്നുവെന്നും ജെയ്ഷ പറഞ്ഞു. വിവാദങ്ങള്‍ തളര്‍ത്തുന്നില്ല, ജീവക്കുന്നെങ്കില്‍ സ്‌പോര്‍ട്‌സില്‍, മരിക്കുന്നെങ്കില്‍ സ്‌പോര്‍ട്‌സിനായി - ജെയ്ഷ പറഞ്ഞു. തിരികെ വയനാട്ടിലെത്തിയ ജെയ്ഷയ്ക്ക്, പണിതീരാത്ത വീട്ടു മുറ്റത്തു നിന്ന് സംസാരിക്കുമ്പോള്‍ സങ്കടം അടക്കാനാകുന്നില്ല. ഏഷ്യന്‍ ഗെയിംസില്‍ അടക്കം വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി 13 സ്വര്‍ണമടക്കം 24 മെഡലുകള്‍ നേടിയ കായിക താരമാണ് മാനന്തവാടി തൃശിലേരി ജയാലയത്തില്‍ വേണുഗോപാലന്റെയും ശ്രീദേവിയുടെയും മകളായ ജെയ്ഷ. ഒരു വര്‍ഷം മുന്‍പ് പരിശീലകന്‍ ഡോ. നിക്കോളിസ് സെന്റ് സെവേരയുമായി ആരംഭിച്ച പ്രശ്‌നമാണ് റിയൊയില്‍ വെള്ളം കിട്ടാതെ ഫിനിഷിങ് പോയിന്റില്‍ വീഴ്ചയായി അവസാനിച്ചതെന്ന് ജെയ്ഷ പറഞ്ഞു. ആദ്യത്തെ 10 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ തന്റെ മനസില്‍ വിക്റ്ററി സ്റ്റാന്‍ഡ് എന്നൊന്ന് ഉണ്ടായിരുന്നില്ല. രാജ്യത്തെ നാണം കെടുത്തരുത്. ഈ ഓട്ടം പൂര്‍ത്തിയാക്കിയേ മരിക്കാന്‍ അനുവദിക്കാവൂ. അത് മാത്രമായിരുന്നു പ്രാര്‍ത്ഥന. ട്രാക്കില്‍ മരിച്ചു വീഴുന്നതും, ദേശീയ പതാക പുതപ്പിച്ച മൃതദേഹം ഇന്ത്യ ഏറ്റുവാങ്ങുന്നതും മുന്നില്‍ കണ്ടു. 1500 മീറ്ററും 5000 മീറ്ററുമായിരുന്നു പ്രിയപ്പെട്ട ഇനങ്ങള്‍. ഇതിലാണ് ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തതും, സ്വര്‍ണമടക്കം മെഡലുകള്‍ നേടിയതും. പരിശീലനം തുടങ്ങിയപ്പോള്‍ സ്ഥിതി മാറി. 40 കിലോമീറ്റര്‍ മാരത്തണില്‍ പങ്കെടുക്കണമെന്നായിരുന്നു കോച്ചിന്റെ നിര്‍ബന്ധം. വഴങ്ങാതായപ്പോള്‍ ഒളിമ്പിക് ഫെഡറേഷനെ പരാതി അറിയിച്ചു. 2016 ജനുവരിയില്‍ നടക്കുന്ന മുംബൈ മാരത്തണ്‍ വരെ ഇദ്ദേഹത്തോടൊപ്പം പരിശീലിക്കാന്‍ ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചു. മുംബൈയില്‍ ഒന്നാമതെത്തി. പിന്നീട് ഒളിമ്പിക് ക്യാമ്പില്‍ നിന്ന് വിട്ടുനിന്നു. ഫെബ്രുവരി മാസം മുഴുവന്‍ ഒരു ദിവസം പോലും പ്രാക്ടീസ് ചെയ്തില്ല. മാര്‍ച്ചിലാണ് വീണ്ടും ക്യാമ്പില്‍ ചേര്‍ന്നത്. കോച്ച് വയര്‍ നിറയെ ഭക്ഷണം തരില്ല. കഴിക്കാന്‍ സമ്മതിക്കില്ല. രുചിയുള്ള ഒരാഹാരവും കഴിക്കാന്‍ സമ്മതിക്കാറില്ല. അദ്ദേഹത്തിന്റെ ശൈലിയില്‍ ബോയില്‍ ചെയ്ത ആഹാരം മാത്രം മിതമായേ തരൂ. ഒരു മണിക്കൂര്‍ പ്രാക്ടീസ് ചെയ്യുമ്പോഴേക്ക് തളര്‍ന്നു തുടങ്ങും. വീട്ടിലേക്കോ കൂട്ടുകരെയോ വിളിക്കാന്‍ അനുവദിക്കില്ല. ഫോണ്‍ വാങ്ങിവെക്കും. ക്യാമ്പില്‍ നിന്നു പുറത്തേക്ക് വിടില്ല. പണം അയക്കാനോ പണം സ്വീകരിക്കാനോ പോലും കഴിഞ്ഞിരുന്നില്ല. കോച്ച് അറിയാതെ വീട്ടില്‍ കഞ്ഞിവെച്ച് അച്ചാറും കൂട്ടി കഴിച്ചാണ് പല ദിവസങ്ങളിലും ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു. റിയൊയില്‍ വെള്ളത്തിന്റെ കാര്യം പറയാന്‍ അവസരം കിട്ടിയില്ല. അവശയായപ്പോള്‍ നടന്നാണെങ്കിലും മാരത്തണ്‍ ഫിനിഷ് ചെയ്യണമെന്ന ദൃഢനിശ്ചയമാണുണ്ടായിരുന്നത്. വീണതു മാത്രം ഓര്‍മ്മയുണ്ട്. ഓര്‍മ്മ വന്നപ്പോള്‍ അടുത്തുള്ളത് ചങ്ങനാശേരി കോളേജില്‍ മുന്‍പ് പരിശീലകനായിരുന്ന രാധാകൃഷ്ണന്‍ സാറാണ്. ട്രാക്കില്‍ വീണ എന്നെ ഐസ് ക്യൂബിലിട്ടു. മൂന്നര മണിക്കൂറാണ് ഐസിലിട്ടത്. പിന്നീട് ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ എനിക്കനക്കമില്ല. പള്‍സ് റേറ്റ് വളരെ താഴ്ന്നു. ഇതിനിടെയാണ് നിക്കോളിസ് ബഹളം വെച്ചത്. ആശുപത്രിയിലെ ഒരു ജീവനക്കാരി കോച്ചിനോട് പറഞ്ഞത്രേ, ആ ഇന്ത്യന്‍ താരം മരിച്ചു” എന്ന്. മരണം ഉറപ്പിക്കുന്നതിനു മുന്‍പ് ഒന്നുകൂടി മലയാളത്തില്‍ വിളിച്ചു നോക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടു വന്നതാണ്, ഡെപ്യൂട്ടി ചീഫ് കോച്ചു കൂടിയായ രാധാകൃഷ്ണന്‍ സാറിനെ. ഏഴ് ബോട്ടില്‍ ഗ്ലൂക്കോസും, മൂന്നു ബോട്ടില്‍ സോഡിയവും കയറ്റിയതിനു ശേഷമാണ് സംസാരിക്കാന്‍ തുടങ്ങിയത്. വയനാട്ടില്‍ നിന്നു തന്നെയുള്ള ഇന്ത്യന്‍ താരം ഗോപിയായിരുന്നു കൂടെ ഉണ്ടായിരുന്നത്- അവര്‍ പറഞ്ഞു. കായിക മന്ത്രി ഇ.പി. ജയരാജന്‍ വിളിച്ചപ്പോള്‍, ദേശീയ ഗെയിംസ് സ്വര്‍ണനേട്ടത്തിന് വാഗ്ദാനം ചെയ്ത ബാക്കി തുക നല്‍കണമെന്ന് ആവശ്യപ്പെട്ടു. പത്ത് ലക്ഷത്തില്‍ രണ്ടു ലക്ഷം മാത്രമാണ് നല്‍കിയത്. 5,000 നും 15,000 മീറ്ററികളില്‍ ഹര്‍ ഗോവിന്ദ് സിങ്ങിനു കീഴില്‍ പരിശീലിക്കാനാണ് ഉദ്ദേശ്യം. അതിനായി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജെയ്ഷ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.