ഇന്ന് ദേശീയ അദ്ധ്യാപക ദിനം; വെളിച്ചം ഉള്ളില്‍നിന്ന്

Monday 5 September 2016 12:20 am IST

വിളപ്പില്‍(തിരുവനന്തപുരം): അന്ധത തോറ്റുപിന്‍മാറും ഈ ഗുരുനാഥന്റെ അകക്കണ്ണിലെ വെളിച്ചത്തിനു മുന്നില്‍. ഭാഷാദ്ധ്യാപകന്‍, ആദ്ധ്യാത്മിക പ്രഭാഷകന്‍, കവി തുടങ്ങി സര്‍വ മേഖലകളിലും അന്ധതയെ തോല്‍പ്പിച്ച് സഞ്ചരിക്കുകയാണ് വിജയന്‍മാഷ്. വിളപ്പില്‍ശാല കുണ്ടാമൂഴി കുളച്ചിക്കോട് പ്രണവത്തില്‍ പാച്ചല്ലൂര്‍ വിജയന്‍ (58) എന്ന അന്ധനായ അദ്ധ്യാപകനാണ് വെളിച്ചം വിതറുന്നത്. കോവളം എസ്എന്‍വി എല്‍പി സ്‌കൂളില്‍ ഭാഷാദ്ധ്യാപകനായാണ് വിജയന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2007 ല്‍ പ്രൊമോഷന്‍ സാധ്യത കണ്ട് വഴുതക്കാട് അന്ധവിദ്യാലയത്തിലെത്തി. ജൂനിയറായ അദ്ധ്യാപകര്‍ ഇവിടെ ഉയര്‍ന്നെങ്കിലും, തന്നോട് സര്‍ക്കാര്‍ അവഗണന കാണിച്ചെന്ന് വിജയന്‍ പരിതപിക്കുന്നു. 20 വര്‍ഷത്തെ അദ്ധ്യാപന ജീവിതം കഴിഞ്ഞ് 2014 ല്‍ വിജയന്‍ വഴുതക്കാട് അന്ധവിദ്യാലയത്തില്‍ നിന്നുതന്നെ വിരമിച്ചു. വിരമിച്ചിട്ടും ഈ നല്ല അദ്ധ്യാപകനെ പിരിയാന്‍ രക്ഷിതാക്കളും കുട്ടികളും തയ്യാറായില്ല. ഇപ്പോഴും താല്‍ക്കാലിക അദ്ധ്യാപകനായി സ്‌കൂളിലുണ്ട് വിജയന്‍. മതപാഠശാലകളില്‍ പഠിപ്പിക്കുക, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തുക ഇവയൊക്കെ ജോലിക്കൊപ്പം തുടരുന്നു. അരുവിപ്പുറം, കുന്നുംപാറ ആശ്രമങ്ങളില്‍ രവിപാഠശാല, ശ്രീനാരായണ ഗുരുദേവ ധര്‍മ്മ പ്രചാരണ ക്ലാസുകള്‍ എന്നിവയും വിജയന്‍ മുടക്കാറില്ല. ഇരുളും വെളിച്ചവും എന്ന പേരില്‍ 28 കവിതകള്‍ അടങ്ങിയ സമാഹാരത്തിന്റെ പണിപ്പുരയിലാണ്. 2007 മുതല്‍ തുടര്‍ച്ചയായി അന്ധവിദ്യാലയത്തിലെ കുട്ടികള്‍ കലോത്സവങ്ങളില്‍ മത്സരിച്ച് സമ്മാനം നേടുന്നത് വിജയന്‍ എഴുതി കൊടുക്കുന്ന കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചാണ്. വഴികാട്ടികളായി ഭാര്യ തങ്കച്ചി, മക്കളായ നിയമ വിദ്യാര്‍ത്ഥി വിനീത്, എംസിഎ വിദ്യാര്‍ത്ഥി വിചിത് എന്നിവര്‍ കൂടെയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.