ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളെ വ്യാവസായവത്ക്കരിക്കരുത്: മുഖ്യമന്ത്രി

Monday 5 September 2016 12:21 am IST

  ചെങ്ങന്നൂര്‍: ആരോഗ്യ,വിദ്യാഭ്യാസ മേഖലയെ ലാഭമുണ്ടാക്കാനുള്ള വ്യവസായ ചൂതുകളിയിലെ കരുക്കളാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ ആരംഭിക്കുന്ന ഡോ. കെ.എം. ചെറിയാന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബയോ-ഹോസ്പിറ്റലിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ സ്‌നേഹപരവും ജീവകാരുണ്യപരവുമാകണം ആധുനിക ചികിത്സ. ഒരേ ചികിത്സക്ക് വ്യത്യസ്തവും ന്യായീകരണമില്ലാത്തതുമായ ചികിത്സാ ചെലവുകളാണ് നാട്ടില്‍ നിലനില്‍ക്കുന്നത്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, അഡ്വ.കെ.കെ. രാമചന്ദ്രന്‍ നായര്‍ എംഎല്‍എ, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച എയര്‍ ആംബുലന്‍സ് പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റ് കാലത്ത് ലിസി ഹോസ്പിറ്റലില്‍ ഹൃദയം എത്തിച്ചത് നേവിയുടെ എയര്‍ ആംബുലന്‍സിലാണെന്നാണ് അടുത്ത ദിവസത്തെ മാധ്യമങ്ങള്‍ എഴുതിയത്. എന്നാല്‍ നേവിയുടെ ഒരു പഴയ വിമാനത്തിലാണ് ഹൃദയം എത്തിച്ചത്. കേരളത്തില്‍ എയര്‍ ആംബുലന്‍സ് സംവിധാനം നിലവിലില്ല. ഇത് തുടങ്ങുന്നത് ലാഭകരവുമല്ല. എങ്കിലും പണമുള്ളവര്‍ക്ക് കാശുവാങ്ങിയും അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടുകൂടിയും ഈ സംവിധാനം ഉപയോഗിക്കുവാന്‍ സാധിക്കും. ആധുനിക ചികിത്സാരംഗത്ത് ഈ പദ്ധതിഅനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് മുന്‍പ് മന്ത്രി പി. തിലോത്തമനും, ഉദ്ഘാടന സമ്മേളനത്തിനുശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.