തിരുവനന്തപുരം : കുട്ടികളില്‍ സ്നേഹവും സഹാനുഭൂതിയും വളര്‍ത്തണമെന്ന് കേന്ദ്ര നൈപുണ്യ വികസന മന്ത്രി രാജീവ് പ്രതാപ് റൂഡി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവജ്യോതി കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായുളള സാംസ്സാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസപരമായി നമ്മള് വളരെ മുന്നിലാണെങ്കിലും പലപ്പോഴും സാങ്കതിക പരിജ്ഞാനം കുറവാണ്. സാങ്കേതിക വൈദഗ്ദ്ധ്യത്തോടെ വ്യത്യസ്ത മേഖലകളില്‍ ജോലികള്‍ ചെയ്യുന്ന ഒട്ടേറെ സാധാരണക്കാര്‍ നമുക്കിടയിലുണ്ട്. അര്‍പ്പണബോധത്തോടെയുളള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാസമ്പന്നരുടെ നേട്ടങ്ങളെക്കാള്‍ തിളക്കം കിട്ടുന്നു. സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരുടെ ദൗര്‍ലഭ്യമാകും രാജ്യം നേരിടുവാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം. അതിന് പരിഹാരമായാണ് പത്താം ക്ലാസ്സ് വരെയുള്ളകുട്ടികള്‍ക്ക് 10 ആഴ്ചയും പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ളവര്‍ക്ക് 12 ആഴ്ചയും നൈപുണ്യ വികസന പരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനകം അന്‍പത്തിനാല് വിവിധ രംഗങ്ങളില്‍ വൈദഗ്ദ്ധ്യമുളളവരെ കണ്ടെത്തി പരിശീലനം നല്കാന് കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ശാന്തിഗിരിയുമായി ചേര്‍ന്ന് നൈപൂണ്യ വികസന വകുപ്പ് അന്‍പതിനായിരം പേര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും. നിസ്വാര്‍ത്ഥമായി സമൂഹത്തെ സേവിക്കുന്ന ശാന്തിഗിരി രാജ്യത്തെ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും മദര്‍തെരേസ ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചതുപോലെയാണ് കരുണാകര ഗുരുവും ചെയ്തതെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഒ. വി. വിജയന്റെ ‘സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍ മീന്‍’ എന്ന അനുഭവ കുറിപ്പിന്റെ പുനഃപ്രകാശനം ബിജെപി ദേശീയ നിര്‍വ്വഹക സമിതി അംഗം വി. മുരളീധരന് നിര്‍വ്വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് തോമസ് ജേക്കബ് പുസ്തകം ഏറ്റുവാങ്ങി. ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ, മഹാത്മഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, സിഎസ്ഐ മഹാസഭ ബിഷപ്പ് ഫാദര്‍ ധര്‍മ്മരാജ് റസാലം, ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്.പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി അഡ്വ.വി.വി.രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, കൊല്ലം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് മോഹന്‍ ശങ്കര്‍, ബ്രഹ്മകുമാരീസ് ഡയറക്ടര്‍ സിസ്റ്റര്‍ മിനി, സംവിധായികരായ മധുപാല്‍, ആര്. എസ്. വിമല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍പ്രിന്‍സിപ്പാള്‍ ഡോ. ഷാജി പ്രഭാകരന്, കെപിസിസി വൈസ് പ്രസിഡന്റ് എം. എം. ഹസന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വൈ.വി. ശോഭകുമാര്‍, അഡ്വ.എസ്.എം. റാസി, വെമ്പായം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് തേക്കട അനില്‍കുമാര്‍, ശാന്തിഗിരി ആശ്രമം എഡ്യുക്കേഷന്‍ അഡ്മിനിസ്ട്രേഷന് ഇന്‍ചാര്‍ജ് സ്വാമി പ്രണവശുദ്ധന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം കൃഷ്ണഗിരി ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി ജയദീപ്തന്‍ ജ്ഞാന തപസ്വി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: