ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: പ്രധാനമന്ത്രി

Monday 5 September 2016 7:52 am IST

ഹാങ്ഷു: ഭീകരവാദത്തിനെതിരെ യോജിച്ചു മുന്നേറാനും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കളോട് ആഹ്വാനം ചെയ്തു. ചൈനയിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് മോദി ഭീകരവാദത്തിനെതിരെയുള്ള തന്റെ കർശന നിലപാട് വ്യക്തമാക്കിയത്. ഏഷ്യയിലും ലോകത്തിന്റെ പല കോണുകളിലും ഭീകരവാദികൾക്ക് ബാങ്കോ ആയുധ നിർമാണ ശാലകളോ ഇല്ലെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാൽ ചില ശക്തികൾ ഭീകരർക്ക് പണവും ആയുധങ്ങളും നൽകുന്നുണ്ടെന്ന് ഇതിൽനിന്നുതന്നെ വ്യക്തമാണ്. ഭീകരർക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയൊരു രാജ്യാന്തര ശൃംഖലയുടെ പിന്തുണയുണ്ടെന്നും മോദി പറഞ്ഞു. അതുകൊണ്ടുതന്നെ ഭീകരവാദത്തിനെതിരെ പോരാടാൻ മാത്രമല്ല, ഭീകരവാദത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്താനും ബ്രിക്സ് രാജ്യങ്ങൾ യോജിച്ചു നിൽക്കണമെന്ന് മോദി ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് ഭീകരവാദത്തിനെതിരായ ബ്രിക്സ് കൂട്ടായ്മയ്ക്ക് ആഹ്വാനം ചെയ്തത്. രാജ്യാന്തര സ്വഭാവമുള്ള വിഷയങ്ങളിൽ ഏറെ സ്വാധീനമുള്ള ശബ്ദമാണ് ബ്രിക്സിന്റേതെന്നും മോദി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ വികസനവഴിയിലുള്ള രാജ്യങ്ങളെ അവരുടെ ലക്ഷ്യം നേടാൻ സഹായിക്കുന്നതിന് വികസനവുമായി ബന്ധപ്പെട്ട രാജ്യാന്തര അജണ്ട നിശ്ചയിക്കേണ്ടത് ബ്രിക്സിന്റെ കൂട്ടുത്തരവാദിത്തമാണെന്നും മോദി കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ, ബ്രസീലിലെ പുതിയ പ്രസിഡന്റ് മൈക്കൽ ടെമർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.