കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Sunday 11 March 2012 1:31 pm IST

കൊല്ലം: ചേര്‍ത്തല തീരത്ത്‌ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട്‌ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. അപകടത്തില്‍ അഞ്ചുപേരാണ്‌ മരിച്ചത്‌. മൊത്തം ഏഴു പേരാണ്‌ അപകട സമയത്ത്‌ ബോട്ടിലുണ്ടായിരുന്നത്‌. ഇതില്‍ രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കാണാതായ ബര്‍ണാഡി(ബേബിച്ചന്‍)ന്റെ മൃതദേഹം കൊല്ലം തങ്കശേരി തിരുമുല്ലവാരത്ത്‌ ഇന്നലെ രാവിലെ കരയ്ക്കടിയുകയായിരുന്നു. കൊല്ലം പള്ളിേ‍ത്തോട്ടം സ്വദേശിയാണ്‌ ബര്‍ണാഡ്‌. അഴുകിയ നിലയിലായിരുന്ന മൃതദേഹം പിന്നീട്‌ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. ബന്ധുക്കള്‍ ആശുപത്രിയിലെത്തിയാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. രാവിലെ മത്സ്യത്തൊഴിലാളികളാണ്‌ തിരുമുല്ലവാരത്ത്‌ മൃതദേഹം കരയ്ക്കടിഞ്ഞതായി തീരദേശ പോലീസിനെ അറിയിച്ചത്‌. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ കപ്പലിടിച്ച്‌ മുങ്ങിയ ബോട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ കാണാതായ ചവറ കോവില്‍ത്തോട്ടം കല്ലിശേരി വീട്ടില്‍ ക്ലീറ്റസിന്റെ മൃതദേഹം കണ്ടെത്തിയത്‌. മത്സ്യബന്ധന ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി 7.30 ഓടെ മൃതദേഹം ഫിഷിംഗ്‌ ഹാര്‍ബറിലെത്തിച്ചു. പിന്നീട്‌ ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. അപകടത്തില്‍ മരണമടഞ്ഞ ജസ്റ്റിന്‍, സേവ്യര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ആദ്യദിവസം തന്നെ തീരത്തെത്തിച്ചിരുന്നു. മൂന്നുപേരെയാണ്‌ കാണാതായിരുന്നത്‌. പിന്നീട്‌ നടത്തിയ തിരച്ചിലില്‍ കാണാതായിരുന്ന സന്തോഷിന്റെ മൃതദേഹം കണ്ടെത്തി. ബര്‍ണാഡിനും ക്ലീറ്റസിനും വേണ്ടിയാണ്‌ തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്‌. ഇരു മൃതദേഹങ്ങളും കണ്ടെത്തിയതോടെ നാവികസേന തിരച്ചില്‍ പൂര്‍ത്തിയാക്കി കൊച്ചിയിലേക്ക്‌ മടങ്ങി. കോവില്‍ത്തോട്ടം സ്വദേശികളായ ജോസഫ്‌, മൈക്കിള്‍ എന്നിവരാണ്‌ അത്ഭുതകരമായി രക്ഷപ്പെട്ടത്‌. ബര്‍ണാഡിന്റെ മൃതശരീരം ഇന്നലെ പോസ്റ്റുമോര്‍ട്ടം നടത്തി പള്ളിത്തോട്ടം പള്ളിയില്‍ സംസ്കരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള അടിയന്തര ധനസഹായമായ 5000 രൂപ ബര്‍ണാഡിന്റെ ഭാര്യക്ക്‌ കളക്ടര്‍ പി.ജി.തോമസ്‌ കൈമാറി. നേരത്തെ 5000 രൂപ നല്‍കിയിരുന്നു. ഇതിനു പുറമെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള അടിയന്തര ധനസഹായമായി 5000 രൂപ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി.സുരേഷ്‌ നല്‍കി. ബോട്ടപകടത്തില്‍ മരണം സ്ഥിരീകരിച്ച മറ്റ്‌ മൂന്നുപേരുടെയും കുടുംബത്തിന്‌ 5000 രൂപ വീതം നല്‍കിയിരുന്നു. ക്ഷേമബോര്‍ഡില്‍ നിന്നും 3 ലക്ഷം രൂപ വീതമാണ്‌ അനുവദിക്കുക. ശേഷിക്കുന്ന തുക നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നല്‍കുമെന്നും ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.