കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണ്ണാടകയ്ക്ക് തിരിച്ചടി

Monday 5 September 2016 3:57 pm IST

ന്യൂദല്‍ഹി: കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണ്ണാടകയ്ക്ക് തിരിച്ചടി. തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടു. നാളെ മുതല്‍ അടുത്ത പത്ത് ദിവസത്തേക്കാണ് 15,000 ഘനഅടി വീതം വെള്ളം കൊടുക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍ കൂടുതല്‍ ജലം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. നദീജല ട്രൈബ്യൂണലാണ് ഇക്കാര്യം പരിഗണിക്കേണ്ടെതെന്നും കോടതി വ്യക്തമാക്കി. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ 40,000 ഏക്കര്‍ ഭൂമിയിലെ സാംബ കൃഷിക്കായി 50.52 ടി.എം.സി അടി വെള്ളം വിട്ടു നല്‍കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കാവേരിയുടെ നാലു സംഭരണികളിലായി 80 ടി.എം.സി ജലത്തിന്റെ കുറവുണ്ടെന്നാണ് കര്‍ണാടക അറിയിച്ചത്. കവേരി നദീ ജല തര്‍ക്കത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്‌നാടിന്റെ അതിജീവനത്തിനായി കര്‍ണാടക അനുകൂലമായ നടപടിയെടുക്കണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജീവിക്കു, ജീവിക്കാന്‍ അനുവദിക്കുക എന്ന തത്വമാണ് കര്‍ണാടക സ്വീകരിക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റീസ് ദീപക് മിശ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും സാധാരണ ജീവിതത്തെയും കൃഷിയെയും സാരമായി ബാധിക്കുന്ന വിഷയമാണ് കാവേരി നദീജല തര്‍ക്കം. ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. കാവേരി ജലം കിട്ടിയാല്‍ 40000 ഏക്കര്‍ കൃഷിഭൂമി രക്ഷിച്ചെടുക്കാം എന്നാണ് തമിഴ്നാട് കരുതുന്നത്. എന്നാല്‍ തമിഴ്നാട് ആവശ്യപ്പെടുന്ന വെള്ളം നല്‍കാന്‍ കര്‍ണാടകയ്ക്കും സാധിക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.