പോലീസ് മേധാവിയുടെ ഉത്തരവിന് പുല്ലുവില; വിവാദ പോലീസുകാരന്‍ മൂന്നാറില്‍ തന്നെ

Monday 5 September 2016 8:26 pm IST

ഇടുക്കി: ജില്ലാ പോലീസ് മേധാവി നല്‍കിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാന്‍ പോലീസുകാരന്റെ നീക്കം. മൂന്നാര്‍ സി.ഐ ഓഫീസിലെ ഒരു സീനിയര്‍ പോലീസുകാരനെയാണ് ജില്ലാ പോലീസ് മേധാവി അടിയന്തരമായി വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലേക്കു മാറ്റി ഉത്തരവിറക്കിയത്. ഉത്തരവ് ഇറങ്ങിയിട്ടും മൂന്നാറില്‍ നിന്നും വിട്ട് പേകാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായിട്ടില്ല. നാല് മാസം മുന്‍പ് ഗ്യാസ് സിലിണ്ടര്‍ നല്‍കിയില്ലെന്ന കാരണത്താല്‍ ഗ്യാസ് ഏജന്‍സി വാഹനം കസ്റ്റഡിയില്‍ എടുത്ത് ഈ ഉദ്യോഗസ്ഥന്‍ വിവാദത്തില്‍പ്പെട്ടിരുന്നു.  ഉദ്യോഗസ്ഥന്റെ ഈ നടപടി ഗുരുതര അധികാര ദുര്‍വിനയോഗമാണെന്ന് കാട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി എന്‍ സജി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉദ്യോഗസ്ഥനെതിരെ ശക്തമായ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും സര്‍വീസ് സംഘടനകളും യുഡിഎഫിലെ ഓര്‍ ഘടക കക്ഷിയും  ഇടപെട്ട് നടപടി മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്നും ഉയര്‍ന്ന പുതിയ ആരോപണമാണ് ഉദ്യോഗസ്ഥന്റെ പേര് വീണ്ടും ഉയര്‍ന്ന് വരാന്‍ കാരണം. മൂന്നാറിലെ ചില പ്രമുഖ ഹോട്ടലുകളിലേക്ക് സി.ഐ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഫോണിലൂടെ വിലകൂടിയ ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.സഹികെട്ട  ഹോട്ടലുടമകള്‍ സി.ഐ യെ നേരിട്ട് പരാതി അറിയിച്ചതോടെയാണ് സംഭവം  വിവാദമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ കേസിലും മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥന് വ്യക്തമായ പങ്കുണ്ടെന്ന് ബോധ്യമായി.ഇതാണ് ഉദ്യോഗസ്ഥനെതിരെ ത്വരിത നടപടിക്ക് എസ്.പി യെ പ്രേരിപ്പിച്ചത്. എന്നാല്‍ വലത് പക്ഷ സംഘടനയിലെ പ്രമുഖനായിരുന്ന ഉദ്യോഗസ്ഥന്‍ എസ്.പി യുടെ ഉത്തരവിനെ മറികടക്കാന്‍ ഇപ്പോള്‍ കൂട്ട് പിടിച്ചിരിക്കുന്നത് സര്‍ക്കാര്‍ അനുകൂല സംഘടനയെയാണ്. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ 9 വര്‍ഷം തുടര്‍ച്ചയായി മൂന്നാര്‍ സി.ഐ ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇതിന് മുന്‍പും ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഉന്നത രേഷ്ട്രീയ, ഉദ്യോഗസ്ഥ സ്വാധീനം ഉപയിഗിച്ച് നടപടികള്‍ അട്ടിമറിക്കുകയായിരുന്നു. 2012 ല്‍ തമിഴ്‌നാട് എം.എല്‍.എയെ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെട്ടതാണ് ഇതില്‍ പ്രധാന സംഭവമായിരുന്നു. അന്ന് മൂന്നാര്‍ സി.ഐയായിരുന്ന പി.ഡി മോഹനന്റെ നേതൃത്വത്തില്‍ കാറില്‍ സഞ്ചരിച്ച എം.എല്‍.എയെയും ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകയെയും തടഞ്ഞ് നിര്‍ത്തി പണം ആവശ്യപ്പെടുകയും, പണം നല്‍കാന്‍ വിസമതിച്ച ഇവരെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.എം.എല്‍.എ ഉന്നത പോലിസ് ഉദ്യഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സി.ഐക്കെതിരെ മാത്രമായിരുന്നു നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.