ആപ് നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് പാര്‍ട്ടി എംഎല്‍എ

Tuesday 6 September 2016 2:56 pm IST

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് പാര്‍ട്ടി എംഎല്‍എയുടെ കത്ത്. പഞ്ചാബില്‍ സീറ്റ് ലഭിക്കാനും സീറ്റ് നല്‍കാനും നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുകയാണ്. ദല്‍ഹിയില്‍ ദിലീപ് പാണ്ഡെയും ഇത് തന്നെയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ടുകള്‍ താന്‍ പരിശോധിച്ചുവരികയാണെന്നും ദല്‍ഹി നിയമസഭാംഗമായ ദേവീന്ദര്‍ ഷെരാവത്ത് കത്തില്‍ വ്യക്തമാക്കുന്നു. ലൈംഗിക വിവാദത്തില്‍ കുടുങ്ങി മന്ത്രിയെ പുറത്താക്കേണ്ടി വന്ന ആപ്പിന് എംഎല്‍എയുടെ തുറന്നുപറച്ചില്‍ മറ്റൊരു നാണക്കേടായി. മന്ത്രിയെ ന്യായീകരിക്കാന്‍ ഗാന്ധിജിയെയും നെഹ്‌റുവിനെയും കൂട്ടുപിടിച്ച എഎപി നേതാവ് അശുതോഷിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധമുയര്‍ന്നതും ആപ്പിന് കനത്ത തിരിച്ചടിയായി. സീറ്റിനായി സ്ത്രീകളെ ചൂഷണം ചെയ്യുന്നത് തടയാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നില്ലെങ്കില്‍ അവര്‍ക്കും പങ്കുണ്ടെന്ന് പറയേണ്ടി വരും. നാലു നേതാക്കള്‍ പാര്‍ട്ടിയെയും രാജ്യത്തെയും ഭരിക്കുന്നത് അംഗീകരിക്കാനാവില്ല. കേജ്‌രിവാള്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണം. മാന്യതയില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പുറത്താക്കണമെന്നും ഷെരാവത്ത് കത്തില്‍ തുറന്നടിച്ചു. അശുതോഷ്, സഞ്ജയ് സിങ്, ദിലീപ് പാണ്ഡെ എന്നിവരാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്നാണ് ആരോപണം. ലൈംഗിക സിഡിയിലുള്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സന്ദീപ്കുമാറിനെ ന്യായീകരിക്കാന്‍ ഗാന്ധിയെയും നെഹ്‌റുവിനെയും വാജ്‌പേയിയെയും കൂട്ടുപിടിച്ച ആപ് വക്താവ് അശുതോഷിന്റെ നടപടിയും വിവാദമായി. ഇതിനെതിരെ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധിച്ചു. അശുതോഷിനെ പുറത്താക്കണമെന്ന് ആപ് എംഎല്‍എ ദേവീന്ദര്‍ ഷെരാവത്തും ആവശ്യപ്പെട്ടു. അശുതോഷിനെതിരെ പോലീസില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. ലൈംഗികത വ്യക്തിപരമായ കാര്യമാണെന്നും തങ്ങളുടെ ആഗ്രഹത്തിനൊത്ത് ജീവിച്ച നേതാക്കള്‍ ഭാരതത്തിന്റെ ചരിത്രത്തില്‍ നിരവധിയുണ്ടെന്നും അശുതോഷ് ബ്ലോഗില്‍ എഴുതി. ഇത്തരത്തില്‍ ഗാന്ധിജി, നെഹ്‌റു, വാജ്‌പേയി, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നിവരെ ബന്ധപ്പെടുത്താവുന്ന സംഭവങ്ങളും ബ്ലോഗില്‍ വിവരിച്ചു. പീഡനത്തിന് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ മന്ത്രിയെ ഗാന്ധിയുമായും വാജ്‌പേയിയുമായും താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി പ്രതികരിച്ചു. പുതിയ വിവാദങ്ങളില്‍ കേജ്‌രിവാള്‍ മൗനം പാലിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.