സംയമനം ദൗര്‍ബല്യമായി കാണരുത്: സി.കെ. പത്മനാഭന്‍

Tuesday 6 September 2016 3:40 am IST

കോഴിക്കോട്: സിപിഎം തുടര്‍ന്നുവരുന്ന കൊലപാതക പരമ്പരയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പാലിക്കുന്ന സംയമനത്തെ സിപിഎം നേതൃത്വം ദൗര്‍ബല്യമായി കാണരുതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സമ്പര്‍ക്ക യജ്ഞത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അധികാരത്തിലെത്തിയതോടെ അക്രമങ്ങള്‍ വര്‍ദ്ധിച്ചു. സിപിഎം കൊലപാതക രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് തില്ലങ്കേരിയിലെ വിനീഷ്. ബിജെപി പ്രവര്‍ത്തകര്‍ പാലിക്കുന്ന ആത്മസംയമനം ദൗര്‍ബല്യമായി സിപിഎം നേതാക്കള്‍ കാണരുത്. അച്ചടക്കത്തിന്റെ അതിര് ലംഘിക്കാന്‍ സിപിഎം നേതൃത്വം ഇടവരുത്തരുത്. അതിനുള്ള ഉത്തരവാദിത്തം സിപിഎമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വണ്ടിപ്പേട്ട സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. ഗീവര്‍ഗീസ് ജോര്‍ജിന് ലഘുലേഖ നല്‍കിയാണ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, സംസ്ഥാന സമിതി അംഗം പി. രമണീഭായ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.