വിനായകനെ വണങ്ങി ആയിരങ്ങള്‍.....

Wednesday 7 September 2016 3:24 pm IST

കൊട്ടാരക്കര: ഉണ്ണിഗണപതിയുടെ തിരുനാള്‍ ദിനത്തില്‍ 1008 നാളീകേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗജപൂജയും തൊഴുത് ആയിരങ്ങള്‍ സായൂജ്യമടഞ്ഞു. രാവിലെ 5.30ന് തന്ത്രി തരണനല്ലൂര്‍ എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് പുറത്തെ മഹാഹോമകുണ്ഡത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് അഗ്നിജ്വലിപ്പിച്ചു. മേല്‍ശാന്തി നെയ്യാറ്റിന്‍കര ഗോപകുമാര്‍, കീഴ്ശാന്തി കൃഷ്ണകുമാര്‍, ഹരിദാസന്‍പോറ്റി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ബ്രാഹ്മണശ്രേഷ്ഠര്‍ യജ്ഞദ്രവ്യങ്ങള്‍ ഒന്നൊന്നായി ഹോമകുണ്ഡത്തില്‍ സമര്‍പ്പിച്ചു. ഇതോടെ യജ്ഞധൂപത്താലും മഹാഗണേശമന്ത്രത്താലും അന്തരീക്ഷം ഭക്തിസാന്ദ്രമായി. യജ്ഞം കണ്ട് തൊഴാനും ഹോമകുണ്ഡത്തെ വലംവെക്കാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഗജപൂജയുടെ ഉദ്ഘാടനവും അഡീഷണല്‍ ജില്ലാജഡ്ജി എസ്.വി. ഉണ്ണികൃഷ്ണന്‍നായര്‍ നിര്‍വഹിച്ചു. 8.30ന് ഗജപൂജയ്ക്കായി മൂന്ന് ഗജരാജാക്കന്‍മാരെ ക്ഷേത്രത്തിലേക്കാനയിച്ചു. ഗജമുത്തച്ഛന്‍ കൊട്ടാരക്കര കൃഷ്ണന്‍കുട്ടിയുടെ പ്രതിമക്ക് സമീപം എത്തി പ്രണാമം അര്‍പ്പിച്ച ശേഷം ആനകളെ ക്ഷേത്രാഭിമുഖമായി എത്തിച്ചു. ഗജപൂജയ്ക്കുശേഷം ആനകള്‍ക്ക് ഉണ്ണിയപ്പം, മോദകം, ചോറ്, കരിമ്പ്, പഴം എന്നിവ നല്‍കി. തുടര്‍ന്ന് പയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശനിദോഷ നിവാരണപൂജ പറക്കോട് എന്‍.വി.നമ്പ്യാതിരി ഉദ്ഘാടനം ചെയ്തു. 11ന് നടന്ന മാതൃസമ്മേളനം അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാതൃസമിതി ജില്ലാപ്രസിഡന്റ് ആര്‍.വിജയകുമാരി അദ്ധ്യക്ഷയായി. ഇന്ദിര അശോക്, ഡോ. ശ്രീഗംഗ, കമലകുമാരി അമ്മ, വി.കെ. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് സാംസ്‌കാരിക സമ്മേളനം നടന്നു. ഉപദേശകസമിതി പ്രസിഡന്റ് ആര്‍. ദിവാകരന്‍, സെക്രട്ടറി രാജേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാത്രി 7.35ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഹാഗണപതിയുടെ എഴുന്നള്ളത്തും വിളക്കും നടന്നു. ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് ജി. മുരളീകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.