ജീവിത ലക്ഷ്യം

Tuesday 6 September 2016 7:02 pm IST

മക്കളെ, ഇന്ന് എല്ലാവര്‍ക്കും മക്കള്‍ എന്‍ജിനീയറാകണം, ഡോക്ടറാകണം എന്നാണാഗ്രഹം. കുട്ടിയുടെ അഭിരുചി ആരും ഗൗനിക്കാറില്ല. വിദ്യാര്‍ത്ഥികളില്‍ മത്സരബുദ്ധി ആരോഗ്യപരമാണെങ്കില്‍ അതു കഴിവുകളെ പുറത്തു കൊണ്ടുവരുവാന്‍ സഹായിക്കും. എന്നാല്‍ ഇന്നത് കുട്ടികളില്‍ ടെന്‍ഷന്‍ വളര്‍ത്തുകയാണ്. പ്രതീക്ഷിച്ചത് നേടാനാകാതെ വന്നാല്‍ അവര്‍ മാനസികമായി തളരുന്നു. ഈ നിരാശ പലരെയും ആത്മഹത്യയില്‍ കൊണ്ടുചെന്നെത്തിക്കുന്നു. അതിനാല്‍ വിദ്യാഭ്യാസത്തിന്റെയും തുടര്‍ന്ന് ജോലി നേടുന്നതിന്റെയും ലക്ഷ്യം ആത്മവികാസവും ലോകസേവനവുമാണെന്ന് നമ്മള്‍ തിരിച്ചറിയണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി പരിശ്രമിച്ചാല്‍ ഏതു സാഹചര്യത്തിലും മുന്നേറുവാന്‍ അതു നമുക്കു പ്രേരണനല്കും; നിരാശയ്ക്കടിമപ്പെട്ടു ജീവിതം വ്യര്‍ത്ഥമാകില്ല. തന്റെ ജീവിതവൃത്തിക്കായി ഒരു കര്‍മ്മം തിരഞ്ഞെടുത്താല്‍ ആ രംഗത്തു പരമാവധി വൈദഗ്ദ്ധ്യം നേടണം. അതില്‍ ഉറച്ചുനിന്ന് സ്വന്തം ജീവിതവിജയം കണ്ടെത്തണം. ജീവിതലക്ഷ്യം കോടീശ്വരനാകുക എന്നതായിരിക്കരുത്, ശാശ്വതാനന്ദം നുകരുക എന്നതായിരിക്കണം. ഒരു ഗൃഹസ്ഥനാകുമ്പോള്‍ കുടുംബം നിലനിര്‍ത്തുക എന്ന കടമയുള്ളതുകൊണ്ട് അതിനാവശ്യമുള്ള ധനം സമ്പാദിക്കണം. എന്നാല്‍ ആവശ്യമുള്ളത്ര എടുത്ത് ബാക്കി സാധുക്കള്‍ക്ക് ദാനം ചെയ്യുക എന്ന സംസ്‌കാരമാണ് നമുക്കുണ്ടാകേണ്ടത്. അതിലാണ് ജീവിതത്തിന്റെ സൗന്ദര്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.