കൊച്ചി: രണ്ടാം സീസണില്‍ ഏറെ നിരാശപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ മൂന്നാം എഡിഷനില്‍ സെമിയിലെത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍ പരിശീലകന് ടെറി ഫെലാന്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറെ മികച്ച ടീമാണ് ഇത്തവണത്തേത്. അന്റോണിയോ ജെര്‍മനും ഹോസുവും ബെല്‍ഫോര്‍ട്ടും മൈക്കല്‍ ചോപ്രയും ആരോണ്‍ ഹ്യൂസും ഉള്‍പ്പെട്ട മികച്ച താരനിര ഇത്തവണയുണ്ട്. ഒപ്പം കൊച്ചിയിലെ മൈതാനത്ത് ആര്‍ത്തുവിളിക്കുന്ന പതിനായിരക്കണക്കിന് കാണികളും കൂടി എത്തുമ്പോള്‍ മികച്ച മത്സരഫലം തന്നെ പ്രതീക്ഷിക്കാം. ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഫെലാന് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ഗ്രാസ് റൂട്ട് പാര്‍ട്ണര്‍മാരായ പ്രൊഡിജി അക്കാദമിയുടെ പുതിയ അണ്ടര്‍ 16 ടീമായ പ്രൊഡിജി എഫ്സിയുടെ ലോഗോ പ്രകാശനത്തിന് എത്തിയതായിരുന്നു ഫെലാന്.
ഗ്രാസ് റൂട്ട് ഡെവലപ്മെന്റ് പ്രോഗ്രാമിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്ബോളില്‍ സ്വതസിദ്ധമായ കഴിവുണ്ട്. ഇനി വേണ്ടത് മത്സരക്ഷമതയാണ്. ഇതിനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കണം. ചെറുപ്പത്തില്‍ തന്നെ ടാലന്റുകള്‍ വികസിപ്പിച്ചെടുക്കാനുള്ള നടപടികളാണു വേണ്ടതെന്നും കേരളത്തില്‍ നിന്നുള്ള പരിശീലകര്‍ കഴിവുള്ളവരാണെന്നും ടെറി ഫെലാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: