കളമശേരി: പോലീസ് സ്റ്റേഷനില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടോയെന്നറിയാന്‍ ‘കുട്ടി പട്ടാളത്തിന്റെ മിന്നല്‍ പരിശോധന’. കളമശേരി ജനമൈത്രി പോലീസ് സ്റ്റേഷനിലാണ് നജാത്ത് പബ്ലിക് സ്കൂളിലെ നൂറ്ററുപതോളം യുകെജി വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശനം നടത്തിയത്.
പോലീസ് സ്റ്റേഷന് നല്കുന്ന സേവനങ്ങളെക്കുറിച്ച് എ എസ്ഐ ജോസ് വിശദമാക്കി. പോലീസ് സ്റ്റേഷനില്‍ വരുന്നതാരെന്ന ചോദ്യത്തിന് അല്‍പ്പം മടിച്ചാണെങ്കിലും ‘കള്ളന്മാര്’ എന്ന് കുട്ടികള്‍ ഉത്തരം നല്കി.
സ്റ്റേഷനകത്തെ സൗകര്യങ്ങളും സംവിധാനങ്ങളും കുട്ടികള്‍ നേരില്‍ കണ്ടു മനസിലാക്കി. പൊതുജന സേവനം നടത്തുന്ന സ്ഥാപനങ്ങളെ അടുത്തറിയുകയെന്ന പാഠ്യപദ്ധതിയുടെ ഭാഗമായാണ് പോലീസ് സ്റ്റേഷന് സന്ദര്‍ശനമെന്ന് അധ്യാപിക ജയലക്ഷ്മി പറഞ്ഞു. ഇതിനുമുമ്പ് കളമശേരി പോസ്റ്റാഫീസും സന്ദര്‍ശിച്ചതായും അധ്യാപിക അറിയിച്ചു. എണ്‍പത് വിദ്യാര്‍ത്ഥികളടങ്ങുന്ന രണ്ട് ബാച്ചായാണ് പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: