അനാഥര്‍ക്ക് ഓണക്കോടിയുമായി സുരേഷ് ഗോപി

Tuesday 6 September 2016 10:35 pm IST

ആലപ്പുഴ: ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട വാര്‍ദ്ധക്യങ്ങള്‍ക്ക് ഓണക്കോടിയുമായി സുരേഷ്‌ഗോപി എംപി ആലപ്പുഴയിലെ ശാന്തിമന്ദിരത്തില്‍ എത്തി. ഇവിടുത്തെ അന്തേവാസികളായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഓണക്കോടി നല്‍കി. ഏതാനും മാസം മുമ്പ് ആലപ്പുഴ വഴി കടന്നുപോയപ്പോള്‍ താനിവിടെ എത്തിയിരുന്നു, ഓണത്തിന് തീര്‍ച്ചയായും കോടിയുമായി എത്തുമെന്ന് വാക്കു നല്‍കിയിരുന്നുവെന്നും അത് പാലിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി എത്തുമെന്നറിഞ്ഞ് അമ്മമാരും അന്തേവാസികളും പ്രിയതാരത്തെ കാത്തുനിന്നു. പറഞ്ഞ സമയത്തുതന്നെ അദ്ദേഹം എത്തി. അമ്മമാര്‍ വാത്സല്യത്തോടെ സുരേഷ്‌ഗോപിയുടെ അരികിലെത്തി തലോടുകയും കുശലം പറയുകയും ചെയ്തു. കഴിഞ്ഞ തവണ എത്തിയപ്പോള്‍ തന്നോടൊപ്പം കൂടുതല്‍ സമയം ചെലവിട്ട ചെല്ലമ്മയെന്ന അമ്മയെക്കുറിച്ച് അദ്ദേഹം തിരക്കി. അപ്പോഴാണ് അവര്‍ കഴിഞ്ഞദിവസം മരിച്ചവിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് ആ അമ്മയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് എല്ലാവര്‍ക്കുമൊപ്പം അല്പനേരം മൗനപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് എല്ലാവരെയും അരികിലേക്ക് വിളിച്ച് ഓണക്കോടി നല്‍കി. ശാന്തി മന്ദിരത്തില്‍ അടുത്ത ദിവസം വിവാഹം നടക്കുന്ന രേവതിക്ക് പുതുവസ്ത്രംം നല്‍കാന്‍ സുരേഷ്‌ഗോപി മറന്നില്ല. മടങ്ങാന്‍ നേരം അമ്മമാര്‍ മറ്റൊരാവശ്യം ഉന്നയിച്ചു. അടുത്ത തവണ വരുമ്പോള്‍ മോഹന്‍ലാലിനെ കൊണ്ടുവരണം. അദ്ദേഹത്തെ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പു നല്‍കി എല്ലാവര്‍ക്കും ഓണാശംസയും നേര്‍ന്ന ശേഷമാണ് സുരേഷ്‌ഗോപി മടങ്ങിയത്. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് എംപിയെ സ്വീകരിക്കാനെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.