ചില ഓണച്ചിന്തകള്‍

Wednesday 7 September 2016 10:55 am IST

കേരളം ആഘോഷങ്ങളുടെ നാടുകൂടിയാണ്. കേരളം അറിയപ്പെട്ടത് പ്രകൃതിസൗന്ദര്യംകൊണ്ടു മാത്രമല്ല, മലയാളികളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതനിലവാരവും മതമൈത്രിയും കൊണ്ടുകൂടിയാണ്. കേരളം പല കാര്യത്തിലും മുന്നിലാണ്. ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയത് കേരളത്തിലാണ്. കേരളത്തിന് സ്വന്തമായ കലണ്ടര്‍ ഉണ്ട്. ഇത് കൊല്ലവര്‍ഷം 1192 ആണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, എടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെ 12 മാസങ്ങള്‍. ചിങ്ങമാസത്തിലെ ഓണം വരുന്നത് പാടത്ത് കൊയ്ത്ത് കഴിഞ്ഞ് നെല്ലറകള്‍ നിറയുമ്പോഴാണ്. എല്ലാമാസവും എന്തെങ്കിലും ആഘോഷം കേരളത്തിലുണ്ടാകും. ചിങ്ങമാസത്തില്‍ ഓണം, കന്നിമാസത്തില്‍ പൂജവയ്പ്, തുലാമാസത്തില്‍ ദീപാവലി, വൃശ്ചികമാസത്തില്‍ (മണ്ഡലകാലം) അമ്പലങ്ങളില്‍ ഉത്‌സവങ്ങള്‍, ശബരിമല കയറ്റം, ധനുമാസത്തില്‍ തിരുവാതിര (സ്ത്രീകളുടെ ഉത്‌സവം. കേരളത്തിലെ സ്ത്രീപദവിയുടെ അടയാളം). മകരമാസത്തില്‍ തൈപ്പൂയ മഹോത്‌സവം, കുംഭമാസത്തില്‍ ഭരണി മഹോത്‌സവം, മീനമാസത്തില്‍ ഭരണിയും ബീമപള്ളിയിലെ ചന്ദനക്കുട മഹോത്‌സവവും, കടമ്മനിട്ട പടയണിയും. മേടമാസത്തില്‍ വിഷു, മിഥുനത്തില്‍ ഓച്ചിറകളി (കര്‍ക്കടകത്തെ പഞ്ഞക്കര്‍ക്കടകം എന്നാണ് വിശേഷിപ്പിക്കാറ്). കേരളത്തെ ആഹ്ലാദഭരിതമാക്കുന്നത് വള്ളംകളികളാണ്. മലയാളികള്‍ എല്ലാം മറന്ന് അത് ആസ്വദിക്കുന്നു. ആറന്മുള വള്ളംകളി, ചമ്പക്കുളം മൂലം വള്ളംകളി, കോട്ടപ്പുറം വള്ളംകളി, ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളംകളി എല്ലാം മലയാളത്തിന്റെ ആഘോഷങ്ങളാണ്. കേരളത്തിന്റെ കലകളും-കഥകളിപോലെ-ലോക പ്രസിദ്ധമാണ്. ആനകള്‍ക്ക് കേരളത്തില്‍ അമിതപ്രാധാന്യം ലഭിക്കുന്നത് അവ എല്ലാ ഉത്സവങ്ങളുടെയും ഭാഗമായതുകൊണ്ടാണ്. ഇതിന്റെ തെളിവാണ് പ്രധാന അമ്പലങ്ങള്‍ക്കെല്ലാം സ്വന്തം ആനകളുള്ളത്. തൃശൂര്‍ പൂരത്തിന്റെ ആന എഴുന്നള്ളിപ്പും കുടമാറ്റവും വെടിക്കെട്ടും ഇന്ന് ആഗോളശ്രദ്ധ ആകര്‍ഷിച്ച് വിദേശ സഞ്ചാരികളുടെ പ്രവാഹത്തിന് വഴിയൊരുക്കുന്നു. ഉത്സവം മലയാളികള്‍ക്ക് ഹരമാണ്. ഉത്സവത്തിന് മുന്‍പ് ആനയെ എഴുന്നള്ളിച്ച് വീടുതോറും നടന്ന് പറ എടുക്കുമായിരുന്നു. ആന സ്‌നേഹികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ക്രീറ്റ് റോഡില്‍ക്കൂടിയും ടാറിട്ട റോഡില്‍ക്കൂടിയുമുള്ള ആന സവാരി നിര്‍ത്തലാക്കി. കാട്ടിലെ പൂഴി മണ്ണില്‍ ചവിട്ടാന്‍ മാത്രം പറ്റുന്ന മാര്‍ദവമേറിയ കാലുകളുള്ള ആനകളെ ഉച്ചസമയത്തും റോഡില്‍ കൂടി നടത്തുന്നതിനെതിരെ ജനരോഷം ഉയര്‍ന്നപ്പോഴാണ് സഞ്ചാരം ലോറിയിലായത്. ആന ഹൈന്ദവരുടെ ഉത്സവത്തിന് മാത്രം ഉള്ളതല്ല. ക്രൈസ്തവരുടെ പെരുന്നാളുകളിലും മുസ്ലിങ്ങളുടെ ചന്ദനക്കുടങ്ങളിലും ആന എഴുന്നള്ളത്തുണ്ട്. ആനകളെയും മലയാളി പൂജിക്കുന്നു. തൃശൂരിലെ വടക്കുന്നാഥന്‍ അമ്പലത്തില്‍ വിഘ്‌നേശ്വര പ്രീതിക്കായി നടത്തുന്നത് മഹാഗജപൂജയാണ്. ഗണപതി വിഘ്‌നങ്ങളെ മാറ്റിത്തരുന്ന ഈശ്വരനാണ്. അതാണ് മഹാഗജപൂജയായത്. ഇതോടൊപ്പം ആനയൂട്ടും നടത്തുന്നു. കേരളത്തില്‍ 700 ആനകളെ വളര്‍ത്തുമൃഗങ്ങളായി സംരക്ഷിക്കുന്നുണ്ട്. ഗുരുവായൂര്‍ കേശവന്‍, പൂമുള്ളി ശേഖരന്‍, പാറമേക്കാവ് ശ്രീപരമേശ്വരന്‍ മുതലായ ആനകള്‍ ഇതിഹാസമാണ്. മനസ്സില്‍ നിന്ന് മായാത്ത തലയെടുപ്പുള്ള ആനകള്‍. പാറമേക്കാവ് ശ്രീപരമേശ്വരന്റെ പൊക്കം 11 അടി ആറിഞ്ചായിരുന്നു. മലയാളികള്‍ ആനഭ്രാന്തന്മാരാണ്. ഈ ചിങ്ങമാസത്തില്‍ പൂക്കളങ്ങളിട്ട് മലയാളികള്‍ ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. ഓഫീസ് സമയത്ത് പൂക്കളം ഇടരുത് എന്ന പിണറായി വിജയന്റെ ഉത്തരവിനുശേഷം സര്‍ക്കാരുദ്യോഗസ്ഥര്‍ പത്തുമണിക്ക് മുന്‍പ് ഓഫീസിലെത്തി പൂവിടുന്നു. പണ്ട് അത്തം, ചിത്തിര ദിവസങ്ങളില്‍ തുമ്പപ്പൂ മാത്രമാണ് ഇട്ടിരുന്നത്. ചെത്തി, കൊങ്ങിണി, ചെമ്പരത്തി, കദളിപ്പൂ മുതലായവ ചോതി മുതല്‍ ഇടും. ഓണം കുട്ടികളുടെയും ആഘോഷമായിരുന്നു. പൂപറിക്കാന്‍ കൂട്ടുകൂടി മലയും കാടും നടന്നത് ഇന്ന് ഓര്‍മ്മയില്‍ മാത്രം. ഇന്ന് കേരളം പൂക്കളമിടുന്നതും ഓണം ആഘോഷിക്കുന്നതും തമിഴ്‌നാട്ടിലെ പൂക്കള്‍കൊണ്ടാണ്. ഓണത്തിനുള്ള അരി ആന്ധ്രയില്‍നിന്നും പച്ചക്കറികള്‍ (കീടനാശിനി തളിച്ചവ) തമിഴ്‌നാട്ടില്‍നിന്നും വരുന്നു. കേരളത്തില്‍ ഒാണാഘോഷം വന്നത് മഹാബലി കാരണമാണ്. മഹാബലിയുടെ പ്രൗഢിയും ശക്തിയും കണ്ട് അസൂയപൂണ്ട ദേവന്മാര്‍ മഹാബലിയെ നശിപ്പിക്കാന്‍ വിഷ്ണുവിനോട് ആവശ്യപ്പെട്ടുവത്രെ. ദാനശീലനായ മഹാബലി തന്റെ മുന്നില്‍വന്ന് യാചിക്കുന്നവരെ ഒരിക്കലും നിരാശരാക്കിയിരുന്നില്ല. ഇതറിയുന്ന മഹാവിഷ്ണു വാമനവേഷത്തില്‍ മഹാബലിയുടെ മുന്‍പില്‍ യാചിച്ച് ചെന്നു. എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ മൂന്നടി മണ്ണ് എന്നുത്തരം പറഞ്ഞ വാമനനോട് അളന്നെടുത്തോളാന്‍ പറഞ്ഞ മഹാബലി കണ്ടത് വിഷ്ണുവിന്റെ വിശ്വരൂപമായിരുന്നു. ആജാനുബാഹുവായി വളര്‍ന്ന വാമനന്‍ ഒരടികൊണ്ട് ഭൂമിയും പിന്നൊരടികൊണ്ട് സ്വര്‍ഗ്ഗവും അളന്നശേഷം മൂന്നാമത്തെ അടി എവിടെവക്കും ചോദിച്ചപ്പോള്‍ വാക്കുമാറ്റാത്ത മഹാബലി തന്റെ തല കുനിച്ചുകൊടുക്കുകയായിരുന്നു. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. മറയുന്നതിനു മുന്‍പ് മഹാബലിയുടെ പ്രാര്‍ത്ഥന വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണണമെന്നായിരുന്നുവത്രേ. തങ്ങള്‍ ഇപ്പോഴും സമൃദ്ധിയില്‍ കഴിയുന്നുവെന്ന് മഹാബലിയെ വിശ്വസിപ്പിക്കാനാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നതത്രെ. മലയാളിയുടെ കാര്‍ഷികസംസ്‌കാരവും ഇന്ന് അന്യമാകുകയാണ്. കാക്കൂര്‍ കാളവയല്‍ കൊയ്ത്തിനുശേഷം നടക്കുന്ന ഉത്‌സവമാണ്. കഥകളിയും നൃത്തവും എല്ലാം ഇന്ന് ലോകപ്രസിദ്ധമാണ്. മലബാര്‍ മഹോത്‌സവത്തിന് കഥകളിയും മോഹിനിയാട്ടവും ഓട്ടംതുള്ളലും കൂത്തും തെയ്യവും മാറ്റുകൂട്ടുന്നു. ഇന്ന് മലയാളിയുടെ പാചകം- പായസങ്ങള്‍- വിദേശികള്‍ക്കും ഹരമാകുമ്പോള്‍ ടൂറിസം വളരുന്നു.ആറാട്ട്പൂരം, ഓച്ചിറക്കളി, പടയണി, ഭരണി ആഘോഷം, തൃശൂര്‍പൂരം, കല്‍പ്പാത്തി രഥോത്‌സവം, ആറ്റുേവല മഹോത്‌സവം, തൈപ്പൂയ മഹോത്‌സവം, നിലമ്പൂര്‍പാട്ട്, കൊല്ലത്തെ വീരഭദ്ര അമ്പലത്തിലെ ഉരുള്‍നേര്‍ച്ച (ഓണത്തിന്റെ 28-ാം ദിവസം) മുതലായവയും മലയാളിയുടെ ആഘോഷ-സന്തോഷ മനഃസ്ഥിതിയെ വെളിവാക്കുന്നു. കേരളത്തില്‍ നിലനിന്ന കലാസ്‌നേഹവും സാമൂഹ്യ സഹകരണവും അനുകരിക്കപ്പെടേണ്ട സ്വഭാവവൈശിഷ്ട്യങ്ങളാണ്. ഇപ്പോള്‍ മതഭീകരവാദം ഉടലെടുത്ത്, ലൗജിഹാദില്‍ക്കൂടി ജിഹാദികളെ സൃഷ്ടിച്ച് സമാധാനാന്തരീക്ഷം കലുഷിതമാകാന്‍ ശ്രമിക്കുന്ന ശക്തികള്‍ അമര്‍ച്ചചെയ്യപ്പെടേണ്ടതാണ്. നമുക്കുവേണ്ടത് ഓണക്കാലത്തെ സമൃദ്ധിയും സാഹോദര്യവും സന്തോഷവുമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.