കായികലോകത്തിന്‌ നാണക്കേട്‌

Wednesday 6 July 2011 11:55 pm IST

ഇന്ത്യന്‍ കായികതാരങ്ങള്‍ ഇന്ത്യയുടെ അഭിമാനതിലകങ്ങളായിരുന്നു. ഇപ്പോള്‍ എട്ടുപേര്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചു എന്ന്‌ പരിശോധനയില്‍ തെളിഞ്ഞത്‌ ഇന്ത്യക്ക്‌ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്‌. ഇവരെയും ഇവരോടൊപ്പം ടീമിന്റെ ഉക്രൈന്‍കാരന്‍ പരിശീലകന്‍ യൂറി ഓഗ്രോഡ്നിക്കിനെയും ടീമിന്റെ മറ്റ്‌ പരിശീലകരെയും പുറത്താക്കിയിട്ടുണ്ട്‌. യൂറി പറഞ്ഞത്‌ നിരോധിക്കപ്പെട്ട മരുന്നുകള്‍ അത്ലറ്റുകള്‍ ഉപയോഗിക്കുന്നത്‌ താന്‍ അറിഞ്ഞില്ല എന്നാണ്‌. ആ വിവരം അറിഞ്ഞിരിക്കേണ്ട കോച്ചിന്റെ അജ്ഞതതന്നെ പുറത്താക്കലിന്‌ കാരണമാകുന്നു. ഈ മരുന്നടി വിവാദത്തില്‍ സ്വര്‍ണം നേടിയ, കേരളത്തിന്റെയും ഇന്ത്യയുടെയും പ്രതീക്ഷയായിരുന്ന രണ്ട്‌ മലയാളി അത്ലറ്റുകളുംപെടുന്നു. തങ്ങള്‍ മരുന്നടിച്ചിട്ടില്ലെന്നും കോച്ചിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യവസ്തുവാണ്‌ കഴിച്ചതെന്നുമാണ്‌ ഇവരുടെ വിശദീകരണം. ഈ സംഭവത്തില്‍ തെളിയുന്നത്‌ അത്ലറ്റുകള്‍ക്ക്‌ ഉത്തേജക മരുന്ന്‌ കലര്‍ത്തി നല്‍കുന്ന ഒരു മാഫിയാ ഉണ്ടെന്ന നിഗമനമാണ്‌. കോച്ചുകളെ നേരിട്ട്‌ കുറ്റപ്പെടുത്താന്‍ കായികതാരങ്ങള്‍ തയ്യാറാകുന്നില്ലെങ്കിലും അതിന്റെ സാധ്യതയാണ്‌ വെളിപ്പെടുന്നത്‌. ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടത്‌ സ്പോര്‍ട്സ്‌ അക്കാദമിയുടെ ആസ്ഥാനത്തും ഉത്തേജക മരുന്നുകള്‍ വിറ്റഴിക്കുന്നു എന്ന വാര്‍ത്തയാണ്‌. ഇതിനെതിരെ പഞ്ചാബ്‌ ഗവണ്‍മെന്റ്‌ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. കേരളത്തിലെ വനിതാ അത്ലറ്റുകള്‍ക്ക്‌ ഫുഡ്‌ സപ്ലിമെന്റ്‌ എന്ന പേരില്‍ സ്റ്റിറോയിഡ്‌ നല്‍കുക മാത്രമല്ല അവരെ കോച്ചുകള്‍ പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തുവരുന്നു. കോച്ചുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും കേരള സ്പോര്‍ട്സ്‌ മന്ത്രി ഗണേഷ്കുമാറും വ്യക്തമാക്കിക്കഴിഞ്ഞു. ഉത്തേജക വിവാദത്തില്‍ അന്വേഷണം നടത്താന്‍ റിട്ട. ജഡ്ജി അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തും. 4ഃ400 മീറ്റര്‍ റിലേ ടീം അംഗമായ അശ്വിനിയും കായികതാരമായ സിനി ജോസുമാണ്‌ മരുന്നടിച്ചതിനാല്‍ പിടിക്കപ്പെട്ടത്‌. തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച ഇവര്‍ അടുത്ത ലണ്ടന്‍ ഒളിമ്പിക്സിലെ പ്രതീക്ഷകളായിരുന്നു. താരങ്ങളുടെ 'എ' സാമ്പിള്‍ പരിശോധനയിലാണ്‌ മരുന്നടി തെളിഞ്ഞത്‌. ബി സാമ്പിള്‍ പരിശോധനാഫലവും പോസിറ്റീവായാല്‍ രണ്ടുവര്‍ഷം വിലക്ക്‌ നേരിടുമെന്നതാണ്‌ ഇന്ത്യയും ഇവരും നേരിടുന്ന പ്രത്യാഘാതം.