സര്‍വശിക്ഷാ അഭ്യാസം!

Wednesday 6 July 2011 11:55 pm IST

'കാട്ടിലെ തടി തേവരുടെ ആന' എന്നതാണ്‌ പൊതുഖജനാവിന്റെ വിനിയോഗം സംബന്ധിച്ച്‌ ഉദ്യോഗസ്ഥ, ഭരണകൂട തലത്തില്‍ കാലാകാലങ്ങളായി നിലനിന്നുപോരുന്ന ആപ്തവാക്യം. ഇതിനെ ഒന്നുകൂടി ഉറപ്പിക്കുന്ന വസ്തുതകളാണ്‌ സര്‍വശിക്ഷാ അഭിയാന്‍ (എസ്‌എസ്‌എ) പദ്ധതിയുടെ സംസ്ഥാനത്തെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നിരിക്കുന്നത്‌. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ പഠനനിലവാരം ഉയര്‍ത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയുമാണ്‌ പദ്ധതി ലക്ഷ്യമാക്കുന്നത്‌. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്ക്‌ പരിശീലനവും കൈപ്പുസ്തകങ്ങള്‍ അച്ചടിച്ചു വിതരണംചെയ്യലുമൊക്കെ ഉണ്ട്‌. പദ്ധതി നടത്തിപ്പിന്റെ ഫണ്ടുവിഹിതം 65 ശതമാനം കേന്ദ്രവും 35 ശതമാനം സംസ്ഥാനവുമാണ്‌ വഹിക്കുന്നത്‌. കഴിഞ്ഞ അധ്യയനവര്‍ഷം 432 കോടി രൂപയാണ്‌ എസ്‌എസ്‌എയ്ക്കുവേണ്ടി ചെലവഴിച്ചത്‌. എന്നാല്‍ ക്രമക്കേടാണ്‌ ഈ പദ്ധതിയുടെ നടത്തിപ്പിലുണ്ടായിരിക്കുന്നതെന്ന്‌ തെളിഞ്ഞിരിക്കുന്നു. അന്യസംസ്ഥാന വിദ്യാഭ്യാസ ലോബിക്കും സംസ്ഥാനത്തു പൊന്തിവന്നിരിക്കുന്ന പുതിയ സ്വദേശി വിദ്യാഭ്യാസ കച്ചവടക്കാരും നടത്തുന്നതിനേക്കാള്‍ വലിയ കൊള്ളയാണത്രെ എസ്‌എസ്‌എ നടത്തിപ്പ്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിരിക്കുന്നത്‌. എന്നാല്‍ എസ്‌എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടതുവലതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ ക്രമക്കേടിനെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെടുകയോ ആ പ്രശ്നം ഗൗനിക്കുകപോലുമോ ചെയ്യാതിരുന്നത്‌ ഭരണപ്രതിപക്ഷഭേദമെന്യേ ഇക്കാര്യത്തിലുള്ള താല്‍പ്പര്യം വ്യക്തമാക്കുന്നതാണ്‌. നമ്മുടെ രാജ്യത്തെ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനും മൂല്യവത്താക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ്‌ സര്‍വശിക്ഷാ അഭിയാന്‍. ആ ഉദ്യമത്തെ ലാക്കാക്കി കോടികളുടെ വെട്ടിപ്പുനടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക തന്നെ വേണം. വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ.ബേബി ഇതുവഴി അഴിമതിയുടെ നിഴലിലുമായിക്കഴിഞ്ഞു. അവധിക്കാല പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക്‌ നല്‍കിയ ഡിഎയില്‍പോലും വന്‍ വെട്ടിപ്പാണ്‌ നടത്തിയത്‌. ഒരാള്‍ക്ക്‌ 200 രൂപ വീതം പ്രതിദിന ഡിഎ നല്‍കിയതായാണ്‌ കണക്ക്‌. എന്നാല്‍, 125 രൂപയേ കിട്ടിയുള്ളൂവെന്ന്‌ അധ്യാപകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎ പോലും എസ്‌എസ്‌എയില്‍ നടന്ന ക്രമക്കേട്‌ സംബന്ധിച്ച്‌ പരസ്യമായി ആക്ഷേപമുന്നയിക്കാന്‍ നിര്‍ബന്ധിതമായി. നൂറുകണക്കിന്‌ കോടി രൂപയുടെ തിരിമറിയാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എസ്‌എസ്‌എ നടത്തിപ്പില്‍ ഉണ്ടായിരിക്കുന്നത്‌. നഴ്സറി തലം മുതല്‍ ഉന്നതവിദ്യാഭ്യാസരംഗംവരെ അടിമുടി കച്ചവടവത്കരിക്കപ്പെട്ടു കഴിഞ്ഞ ഈ കാലഘട്ടത്തില്‍ ഇത്തരം ക്രമക്കേടുകള്‍ പൊതുവിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച്‌ അവശേഷിക്കുന്ന പ്രതീക്ഷയുടെ ചെറുനാളത്തെപ്പോലും കെടുത്തുന്നു. വിദ്യാഭ്യാസ ലോബിയെന്നും ചെറുകച്ചവടക്കാരെന്നും പറഞ്ഞു മുറവിളികൂട്ടിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയാണ്‌ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ ഭീഷണിയെന്നും തെളിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിലെ അഴിമതിയും പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഹിഡന്‍ അജണ്ടയും കൈകോര്‍ക്കുന്നതാണ്‌ നമുക്കിവിടെ കാണാന്‍ കഴിയുന്നത്‌. സര്‍ക്കാര്‍ വിദ്യാലയങ്ങളിലും മറ്റും കുട്ടികള്‍ വര്‍ഷംതോറും പതിനായിരക്കണക്കിന്‌ കുറഞ്ഞുവരുന്നു എന്നുവിലപിക്കുന്നവര്‍ ഒഴുക്കുന്നതു മുതലക്കണ്ണീരാണ്‌. അവര്‍ യഥാര്‍ത്ഥ വസ്തുതകള്‍ക്കു നേരെ മുഖം തിരിക്കുകയാണ്‌. ഫലമോ? എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസത്തിന്‌ അവകാശമുണ്ടെന്ന ഭരണഘടനയുടെ മഹത്തായ വാഗ്ദാനം അട്ടിമറിക്കപ്പെടുന്നു. എന്താണിതിന്റെ പരിണതഫലം? പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച. ഈ നില തുടര്‍ന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം പ്രൈമറി സ്കൂള്‍ പ്രവേശനത്തിനുപോലും പാവപ്പെട്ട കുട്ടികള്‍ക്ക്‌ അവസരം നിഷേധിക്കപ്പെടും. മെഡിക്കല്‍ എന്‍ജിനീയറിംഗ്‌ അടക്കമുള്ള ഉന്നതവിദ്യാഭ്യാസരംഗം ലേലം വിളികളാല്‍ ഇന്ന്‌ മുഖരിതമായിരിക്കുന്നതുപോലെ പ്രൈമറി സ്കൂള്‍ തലംപോലും കച്ചവടവത്ക്കരിക്കപ്പെടും. ഇന്ന്‌ ഉന്നതവിദ്യാഭ്യാസ പ്രവേശനകാര്യത്തില്‍ ഇടതുവലതുമുന്നണികള്‍ കൈമലര്‍ത്തുന്നതുപോലെ അന്നും അവര്‍ കൈമലര്‍ത്തും. സ്കൂള്‍ വിദ്യാഭ്യാസമേഖലയും സ്വാശ്രയവത്കരിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത്‌ തകൃതിയായി നടക്കുന്നുണ്ട്‌. ഇതിന്‌ നെടുനായകത്വം വഹിക്കുന്നത്‌ ചില ക്രിസ്ത്യന്‍ മാനേജുമെന്റുകളാണ്‌. വിദേശികളായ മിഷണറിമാര്‍ മതപരിവര്‍ത്തനം മുഖ്യ അജണ്ടയാക്കി പ്രാഥമിക വിദ്യാഭ്യാസ കച്ചവടം നടത്തുന്ന തന്ത്രമാണ്‌ പതിറ്റാണ്ടുകളായി ഈ മാനേജുമെന്റുകള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസരംഗം മൊത്തമായി വിഴുങ്ങിയതുപോലെ സ്കൂള്‍തല വിദ്യാഭ്യാസ മേഖലയും പൂര്‍ണനിയന്ത്രണത്തില്‍ പിടിച്ചെടുക്കണം. ആ ഗൂഢലക്ഷ്യത്തെ കൂടുതല്‍ എളുപ്പമാക്കുന്ന നിലയിലാണ്‌ പൊതുവിദ്യാഭ്യാസരംഗത്തിന്റെ തകര്‍ച്ച. വേലിതന്നെയാണിവിടെ വിളവ്‌ തിന്നുന്നതെന്ന്‌ തീര്‍ച്ച. വികസനക്ഷേമപദ്ധതികള്‍ വിജയം കാണണമെങ്കില്‍ അവ നടപ്പിലാക്കാന്‍ ഉത്തരവാദപ്പെട്ട സംസ്ഥാന ഭരണകൂടം സത്യസന്ധത പുലര്‍ത്തണം. തന്നെയുമല്ല, ജനങ്ങളുടെ നികുതിപ്പണം ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു മോണിറ്ററിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. അല്ലെങ്കില്‍ പദ്ധതിവെറും അഭ്യാസമായി പരിണമിക്കും. സര്‍വശിക്ഷാ അഭ്യാസംപോലെ! പ്രിന്‍സ്‌ രാജ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.