നിശാന്തിനിയും കുടുങ്ങി

Wednesday 7 September 2016 8:42 pm IST

കോടികളുടെ അഴിമതി ആരോപണങ്ങളില്‍ പെട്ട മുന്‍മന്ത്രി കെ. ബാബുവിനെ സംരക്ഷിച്ച വിജിലന്‍സ് എസ്പി ആര്‍. നിശാന്തിനിയും കുടുങ്ങിയേക്കും. ബാബുവിന് എതിരായ പരാതിയില്‍, കോടതി നിര്‍ദ്ദേശിച്ചിട്ടും അന്വേഷണം നടത്താതിരുന്നതാണ് നിശാന്തിനിക്ക് വിനയാകുക. അവര്‍ക്കെതിരെ നടപടിവന്നേക്കും. ബാബുവിന്റെ അനധികൃത സ്വത്തിനെതിരേ കിട്ടിയ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ വിജിലന്‍സ് കോടതി, കൊച്ചി റേഞ്ച് വിജിലന്‍സ് എസ്പി: ആര്‍. നിശാന്തിനിയോടു നിര്‍ദ്ദേശിച്ചിരുന്നു. സംഘടനയുടെ ലറ്റര്‍പാഡില്‍ കിട്ടിയ പരാതിയില്‍ ജൂലൈവരെ അന്വേഷണം നടത്തിയില്ല. സര്‍ക്കാര്‍ മാറി, വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റശേഷം പഴയ ഫയലുകള്‍ പഠിച്ചപ്പോഴാണ് കോടതി നിര്‍ദ്ദേശം വന്നിട്ടും നടപടിയുണ്ടായില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന്, പരാതിയില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ സെല്ലിനെ ചുമതലപ്പെടുത്തി. പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു എസ്പി: വി. എന്‍. ശശിധരന്റെ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ബാബുവിനും ബിനാമികള്‍ക്കും എതിരേ കേസെടുത്തത്. തൃപ്പൂണിത്തുറയില്‍നിന്ന് പ്രതികരണ വേദി, സേവ് കോണ്‍ഗ്രസ് ഫോറം എന്നിവയാണ് ബാബുവിന്റെ അനധികൃത സ്വത്തിനെക്കുറിച്ച് പരാതി നല്‍കിയിരുന്നത്. ഫെബ്രുവരിയില്‍ കോടതി നടപടി നിര്‍ദ്ദേശിച്ചിട്ട്, ജൂലൈവരെ ഫയല്‍ പൂഴ്ത്തിവച്ചതിനാണ് എസ്പി: നിശാന്തിനിക്കെതിരേ നടപടി സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.