ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ അക്രമം

Thursday 8 September 2016 2:39 pm IST

ഏറ്റുമാനൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ അക്രമം. വേരൂര്‍ പായിക്കാട് സ്വദേശികളായ മനീഷ് (25), അഭി(26) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. വടിവാളും ഇരുമ്പുവടികളുമായി വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ തല്ലിയും വെട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. മനീഷിന് തലക്കും മുഖത്തും വെട്ടേല്‍ക്കുകയും, അഭിക്ക് ശരീരം മുഴുവന്‍ ഇരുമ്പുവടി കൊണ്ടുള്ള അടിയേല്‍ക്കുകയും ചെയ്തു. ഇരുവരേയും അക്രമം നടന്ന് മണിക്കുറുകള്‍ക്ക് ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അരുണ്‍ ശശി എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തെക്കേനടയിലുള്ള ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തി അവിടെയുണ്ടായിരുന്നവരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മദ്യലഹരിയില്‍ ആയിരുന്ന ഇയാളെ അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്നാണ് പറഞ്ഞു വിട്ടത്. എന്നാല്‍ അരുണ്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായ ശേഷം പോലീസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചെന്ന് പരാതി കൊടുത്തു. അതിന്‍ പ്രകാരം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ എസ്‌ഐ അനുപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. ഈ വിവരം അറിഞ്ഞ് സ്‌റ്റേഷനില്‍ എത്തിയ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ കൂടെ ഉണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വെട്ടേറ്റത്. കാറിലും ആട്ടോറിക്ഷയിലും സെന്‍ട്രല്‍ ജംക്ഷനില്‍ സിഐ ആഫീസിനു മുന്നിലെത്തിയ ഡിവൈഎഫ്‌ഐ അക്രമി സംഘം വടിവാളും ഇരുമ്പുവടിയും ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മനീഷിനെ വെട്ടിയും അഭിയെ അടിച്ചും വീഴ്ത്തിയത്. പോലീസ് സ്‌റ്റേഷനിലേക്ക് പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുവന്ന മനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിയ സംഘ പരിവാര്‍ പ്രവര്‍ത്തകരാണ് പരിക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗാന്ധിനഗര്‍ പോലീസ് ആശുപത്രിയില്‍ എത്തി പരിക്കേറ്റവരില്‍ നിന്ന് മൊഴി എടുത്തു. അക്രമികള്‍ക്കെതിരെ കേസ് എടുക്കുമെന്ന് ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇന്നലെ രാവിലെ ആശുപത്രി അധികൃതര്‍ സിസ്ചാര്‍ജ് ചെയ്തു. യാതൊരു പരിക്കുമില്ലാതെ ആശുപത്രിയില്‍ എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അരുണിനെ ഇപ്പോഴും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. വധശ്രമത്തിന് ഇരയായവരെ 24 മണിക്കൂര്‍ മുന്‍പ് ഡിസ്ചാര്‍ജ് ചെയ്തത് കേസ് മന:പ്പൂര്‍വം ദുര്‍ബലപ്പെടുത്താനുള്ള ആശുപത്രി അധികൃതരുടെ അക്രമികളോടുള്ള ഒത്താശയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.