ഓണാഘോഷം 12 മുതല്‍ 18 വരെ

Wednesday 7 September 2016 10:45 pm IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 12 മുതല്‍ 18 വരെ ആഘോഷിക്കുന്നു. ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. 18ന് വൈകിട്ട് കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയുള്ള ഘോഷയാത്രയോടെ ആഘോഷങ്ങള്‍ സമാപിക്കും. 11ന് വൈകിട്ട് 6ന് കനകക്കുന്ന് കൊട്ടാരത്തില്‍ ഓണപ്പതാക ഉയര്‍ത്തും തുടര്‍ന്ന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. അതോടൊപ്പം ട്രേഡ് ഫെയര്‍ എക്‌സിബിഷന്റെ ഉദ്ഘാടനവും നടത്തും. കനകക്കുന്ന് കൊട്ടാരവളപ്പില്‍ കേരളത്തിന്റെ തനത് രുചിക്കൂട്ടുകള്‍ കൂട്ടിയിണക്കി പ്രധാന ഹോട്ടലുകളും കുടുംബശ്രീ സംരംഭകരും ഒരുക്കുന്ന ഭക്ഷ്യമേള സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി സൂര്യകാന്തി കോമ്പൗണ്ടില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉണ്ടായിരിക്കും. ജില്ലയില്‍ 30 വേദികളിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം 28 വേദികളാണുണ്ടായിരുന്നത്. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കോട്ടയ്ക്കകം ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് എന്നീ പുതിയ വേദികള്‍ ഇക്കുറിയുണ്ട്. സത്യന്‍ സ്മാരകം ഭാരത് ഭവനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഹാള്‍ എന്നിവ വേദിയാവില്ല. പ്രധാന വേദിയായ നിശാഗന്ധിക്കു പുറമെ കഴക്കൂട്ടത്തും മെഗാ പരിപാടികള്‍ അരങ്ങേറും. തിരുവോണ ദിവസം നിശാഗന്ധിയില്‍ ഭിന്ന ശേഷിയുള്ളവരുടെ കലാപരിപാടികള്‍ സംഘടിപ്പിക്കും. ഗാന്ധിപാര്‍ക്കില്‍ 18ന് ട്രാന്‍സ്‌ജെന്‍ഡറുകളുടെ കലാവിരുന്ന് നടക്കും. സ്ത്രീകളുടെയും കുട്ടികളുടെയും കലാവിരുന്ന് ശംഖുമുഖത്ത് അരങ്ങേറും. പ്രധാനവേദിയായ നിശാഗന്ധിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഓരോ ദിവസവും നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന മെഗാഷോ നടക്കും. പൂജപ്പുര മൈതാനിയില്‍ മെഗാഗാനമേളകളാണ്. കനകക്കുന്നിലെ വിവിധ വേദികളില്‍ നാടന്‍കലകള്‍, കനകക്കുന്ന് അകത്തളത്തില്‍ ഫോട്ടോ ചിത്രപ്രദര്‍ശനം പാലസ് ഓഡിറ്റോറിയത്തില്‍ സംഗീതകച്ചേരി, സൂര്യകാന്തിയില്‍ ഗാനമേള എന്നിവയും തീര്‍ത്ഥപാദ മണ്ഡപത്തില്‍ കഥകളി അക്ഷരശ്ലോകം കൂത്ത്, കൂടിയാട്ടം എന്നിവയും ഗാന്ധിപാര്‍ക്കില്‍ കഥാപ്രസംഗവും നടക്കും. വിജെടി ഹാളില്‍ കഥ, കവിയരങ്ങ്, നാടകം എന്നിവ അരങ്ങേറും. കനകക്കുന്ന് ഗേറ്റില്‍ വൈകുന്നേരങ്ങളില്‍ വാദ്യമേളങ്ങള്‍ കൊഴുപ്പേകും. മ്യൂസിയം കോമ്പൗണ്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്‌സിറ്റി കോളേജ്, പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, നെടുമങ്ങാട് പാര്‍ക്കിംഗ് യാര്‍ഡ് കോമ്പൗണ്ട്, മുടവൂര്‍പാറ ബോട്ട് ക്ലബ് അങ്കണം, പോത്തന്‍കോട്, കഴക്കൂട്ടം കൊട്ടാര കോമ്പൗണ്ട്, നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയം, ആറ്റിങ്ങല്‍, കോട്ടയ്ക്കകം ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് എന്നിവിടങ്ങളിലും കലാപരിപാടികള്‍ അരങ്ങേറും. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനകക്കുന്ന് ഗേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററില്‍നിന്നും നഗരത്തില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍നിന്നും പരിപാടികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാം. ഓണാഘോഷം നടക്കുന്ന പ്രധാന വേദികളില്‍ ടോയിലറ്റ് സൗകര്യവും പരിസ്ഥിതി സൗഹാര്‍ദ്ദമായിട്ടുള്ള അനുബന്ധസൗകര്യങ്ങളും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.