പള്ളിവാസല്‍: ഭൂമി വാങ്ങിയതില്‍ തട്ടിപ്പ്

Wednesday 7 September 2016 11:58 pm IST

ഇടുക്കി: ദേവികുളത്തെ പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുത്തതില്‍ കോടികളുടെ തട്ടിപ്പ.് റവന്യൂ തരിശ് ഭൂമിക്ക് വ്യാജ പട്ടയമുണ്ടാക്കിയും പട്ടയമില്ലാത്തവയ്ക്ക് കൈവശാവകാശം അവകാശപ്പെട്ടും വൈദ്യുതി ബോര്‍ഡിന്റെ കോടികള്‍ ഉദ്യോഗസ്ഥരും ബിനാമികളും ചേര്‍ന്ന് തട്ടി. വൈദ്യുതി ഉത്പാദനത്തിനുള്ള കെഎസ്ഇബിയുടെ ഈ പദ്ധതിക്ക് പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ 2003 ല്‍ തുടങ്ങി. ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ കളക്ടറായിരുന്ന എ.ജെ. രാജന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. വ്യക്തികളിലും, കമ്പനികളിലും, സ്ഥാപനങ്ങളിലും നിന്ന് 8.823 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തു, 6,91,36,001 രൂപ നല്‍കി. ഭൂമി ഏറ്റെടുക്കുമ്പോള്‍ പദ്ധതി പ്രദേശത്തേക്ക് നടപ്പാതയില്ലായിരുന്നു. ഭൂരിഭാഗവും റവന്യൂ തരിശു ഭൂമിയായിരുന്നു. പട്ടയമില്ലാത്ത ഭൂമിക്ക് ചില വ്യക്തികള്‍ ഉടമസ്ഥാവകാശം ഉന്നയിക്കുകയും, അതിന് മഹസ്സര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തഹസില്‍ദാരും ഉദ്യോഗസ്ഥരും ഉണ്ടാക്കുകയും, അനര്‍ഹര്‍ക്ക് കോടിക്കണക്കിന് രൂപകൊടുത്ത് ബോര്‍ഡിന് ഭീമമായ നഷ്ടം വരുത്തുകയും ചെയ്തു. 2007 ല്‍ ദേവികുളം തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് പലതിനും ഒറിജിനല്‍ രേഖകളില്ല എന്നുള്ളതില്‍ നിന്ന് അഴിമതി വ്യക്തമാണ്. ഒരു തട്ടിപ്പ് കേസ് ഇങ്ങനെ: സഹ്യാ ടൂര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയര്‍മാന്‍ പി.രവീന്ദ്രന്റെ 5.47 ആര്‍ സ്ഥലം 5,40,436/- രൂപയ്ക്ക് 2007 ല്‍ പ്രമാണപ്രകാരം കെ.എസ്.ഇ.ബി. വാങ്ങി. 5.47 ആര്‍ സ്ഥലം ഉള്‍പ്പെടുന്ന 2 ഏക്കര്‍ 25 സെന്റ് സ്ഥലം രവീന്ദ്രന്‍ 2004 ല്‍ 1,50,000/- രൂപയ്ക്കാണ് സ്ഥലത്തിന്റെ പട്ടയ ഉടമയായിരുന്ന പി. രാജിയില്‍ നിന്ന് വാങ്ങിയത്. 2004 ല്‍ 1,50,000/- രൂപയ്ക്ക് 2.25 ഏക്കര്‍ സ്ഥലം വാങ്ങിയതില്‍ നിന്ന് മൂന്ന് വര്‍ഷം കഴിഞ്ഞ് 14 സെന്റ് സ്ഥലം 5,40,436/- രൂപയ്ക്ക് കെ.എസ്.ഇ.ബിക്ക് വിറ്റു. ഈ ഇടപാടിലെ അഴിമതി വ്യക്തമാണ്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിലേക്ക് സ്ഥലമെടുക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ച 2003 കാലഘട്ടത്തില്‍ രവീന്ദ്രന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഈ ഭാഗത്തെ സ്ഥലം പദ്ധതിക്ക് ആവശ്യമായി വരുമെന്ന് മുന്‍കൂട്ടി കണ്ട് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് രവീന്ദ്രന്റെയും മറ്റും നേതൃത്വത്തില്‍ ഭൂമി സ്വന്തമാക്കുകയും, വസ്തു കെ.എസ്.ഇ.ബിക്ക് വന്‍തുകയ്ക്ക് മറിച്ചു വിറ്റ് വന്‍ലാഭമുണ്ടാക്കുകയുമായിരുന്നു. ഇതുപോലെ മറ്റ് സ്ഥലങ്ങളുടെ ഇടപാടിലും ലക്ഷകണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. മാത്രമല്ല, പട്ടയമില്ലാത്ത സ്ഥലങ്ങള്‍ക്കും, വ്യാജപട്ടയങ്ങളുടെ മറവിലുമാണ് സ്ഥലമിടപാട് നടന്നത്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി ഗവണ്‍മെന്റ് പ്രഖ്യാപിക്കുമ്പോള്‍ തരിശ് ഭൂമിയായിരുന്ന ഈ മലനിരകളിലെ പട്ടയങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്ന് പട്ടയ വിതരണവുമായി ബന്ധപ്പെട്ട നമ്പര്‍-1, നമ്പര്‍-2 രജിസ്റ്ററുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഈ വ്യാജ പട്ടയങ്ങളുടെ മറവിലാണ് പരിസ്ഥിതി പ്രാധാന്യമുള്ള ഈ മലനിരകളില്‍ എല്ലാ നിയമങ്ങളും ലംഘിച്ച് ഇപ്പോള്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.